എന്തൊരു മകളെയാണോ നിങ്ങളുണ്ടാക്കിയതെന്ന് ലോഹിതദാസ്; താന്‍ എന്നെ രക്ഷപ്പെടുത്തേണ്ടെന്ന് അവള്‍: മൈത്രേയന്‍

കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടി കനി കുസൃതി കടന്ന് പോകുന്നത്. പല ഭാഷകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യുന്നു. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടി. ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്ന സിനിമയും പ്രശംസ നേടി. മലയാളത്തില്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ കുറവാണെന്ന് കനി തുറന്ന് പറഞ്ഞിട്ടുണ്ട്. കരിയറിനോടും ജീവിതത്തിനോടും വ്യത്യസ്ത കാഴ്ചപ്പാടാണ് കനിക്ക്. മികച്ച അഭിനേത്രിയാണെങ്കിലും മുന്‍നിര താരമാകണെമന്നോ വലിയ പ്രൊജക്ടുകള്‍ ചെയ്യണമെന്നോ കനി ആഗ്രഹിക്കുന്നില്ല.
അഭിനയം ഇഷ്ടമാണെങ്കിലും ഷൂട്ടിംഗിന് വേണ്ടിയുള്ള യാത്രകളും മറ്റും തനിക്ക് ഇഷ്ടമല്ലെന്ന് കനി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കനിയുടെ വ്യക്തിത്വത്തില്‍ വലിയ സ്വാധീനം ചെലുത്തിയത് മാതാപിതാക്കളായ മൈത്രേയനും ജയശ്രീയുമാണ്. കനിയെക്കുറിച്ച് പുതിയ അഭിമുഖത്തില്‍ മൈത്രേയന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ലോഹിതദാസ് തന്നെ വിളിച്ച് കനിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ മൈത്രേയന്‍ പങ്കുവെച്ചു. സില്ലി മോങ്ക്‌സ് മോളിവുഡുമായുള്ള അഭിമുഖത്തിലാണ് മൈത്രേയന്‍ ഇക്കാര്യം പരാമര്‍ശിച്ചത്.

മകളെ അഭിനയിപ്പിക്കുമോ എന്ന് സംവിധായകര്‍ വന്ന് ചോദിക്കുമായിരുന്നു. എനിക്കറിയില്ല, നിങ്ങളെ പരിചയപ്പെടുത്തി തരാം എന്ന് ഞാന്‍ മറുപടി നല്‍കും. രണ്ട് മൂന്ന് പേരെ ഞാന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അവരുടെ സിനിമകളിലൊന്നും കനി അഭിനയിച്ചിട്ടില്ല. അവരുമായിട്ട് സംസാരിക്കുമ്പോള്‍ ശരിയായില്ലെന്ന് തോന്നി വിട്ടിട്ടുണ്ടാകും. ആ സിനിമ അവളുടെ കൂട്ടുകാര്‍ അഭിനയിച്ചിട്ട് അവര്‍ക്ക് അവാര്‍ഡൊക്കെ കിട്ടിയിട്ടുണ്ട്.
കണ്ടോണ്ട് നില്‍ക്കാനേ പറ്റൂ. കാരണം അവള്‍ സഹകരിച്ചില്ല. ആ അവകാശമുണ്ടെന്ന അറിവുണ്ട്. ഒരിക്കല്‍ വലിയ തമാശയുള്ള സംഭവമുണ്ടായി. ലോഹിതദാസ് എന്നെ വിളിച്ചു. എന്തൊരു മകളെയാടോ നിങ്ങളുണ്ടാക്കിയതെന്ന് ചോദിച്ചു. ഞാന്‍ അത്ഭുതപ്പെട്ടു. എന്താണ് പറ്റിയതെന്ന് ചോദിച്ചു. ഒന്നുമില്ല, മകള്‍ എന്റെ സിനിമയില്‍ അഭിനയിക്കത്തില്ലെന്ന് പറഞ്ഞെന്ന് ലോഹിതദാസ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ ഒരാള്‍ വിളിച്ച് നിങ്ങള്‍ രക്ഷപ്പെടും, നല്ല ക്യാരക്ടറാണെന്നൊക്കെ പറഞ്ഞു. എന്നെ താനൊന്നും രക്ഷപ്പെടുത്തേണ്ടെന്ന് അവള്‍ പറഞ്ഞു. രക്ഷപ്പെടുത്തുമെന്ന യുക്തി പറഞ്ഞത് കൊണ്ട് മാത്രം നഷ്ടപ്പെട്ട് പോയ ഏരിയ ആണത്. അവള്‍ക്ക് ചെയ്യാന്‍ പറ്റുന്നതാണോ അല്ലയോ എന്നതല്ല ഇയാള്‍ പറയുന്നത്. മീര ജാസ്മിന്‍ മെയിന്‍ കഥാപാത്രമായി വന്ന സിനിമയില്‍ രണ്ടാമത്തെ ക്യാരക്ടറായാണ് കനിയെ വിളിച്ചതെന്നും മൈത്രേയന്‍ പറയുന്നു. ഇത് പോലുള്ള സമീപനം കൊണ്ട് നഷ്ടപ്പെട്ട് പോയ കുറേ സിനിമകളുണ്ടെന്നും മൈത്രേയന്‍ വ്യക്തമാക്കി.
അച്ഛന്‍, അമ്മ എന്ന് മാതാപിതാക്കളെ കനി കുസൃതി വിളിക്കാറില്ല. മൈത്രേയന്‍ എന്നും ജയശ്രീ ചേച്ചി എന്നുമാണ് വിളിക്കാറ്. മൈത്രേയന്‍ തന്നിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് കനി കുസൃതി അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. മൈത്രേയനെ ഒരിക്കലും കാണാതിരിക്കാന്‍ പറ്റാത്ത അടുപ്പമായിരുന്നു മുമ്പ്. അതിപ്പോഴില്ല. അടുപ്പമുണ്ട്. പണ്ട് എനിക്ക് ജയശ്രീ ചേച്ചിയെ കാണാതിരുന്നാല്‍ അത്ര കുഴപ്പമില്ല.
കാരണം ജയശ്രീ ചേച്ചിയാണ് ശരിക്കും ജോലിയെടുക്കുന്ന ആള്‍. മൈത്രേയനാണ് എന്നെ നോക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും മൈത്രേയനോടാണ് അടുപ്പമുണ്ടായിരുന്നത്. പിന്നെ ജയശ്രീ ചേച്ചിയുടെ അമ്മയോടും. വലുതായപ്പോഴാണ് ജയശ്രീ ചേച്ചിയോട് എനിക്ക് കൂടുതല്‍ അടുപ്പം വരുന്നതെന്നും അന്ന് കനി കുസൃതി പറഞ്ഞു. നാടക രംഗത്ത് നിന്നുമാണ് കനി കുസൃതി സിനിമാ രംഗത്തേക്ക് വരുന്നത്. നിരവധി ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ബിരിയാണി എന്ന സിനിമയാണ് മലയാളത്തില്‍ കനിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഈ സിനിമയിലൂടെ കനിക്ക് ലഭിച്ചു.