CrimeNEWS

വേട്ടയ്ക്കുപോയ യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍; ബന്ധു പിടിയില്‍, മലയണ്ണാനെ പിടിച്ച് വീട്ടിലേക്ക് മടങ്ങിയെന്ന് മൊഴി

ചെന്നൈ: കോയമ്പത്തൂര്‍ പില്ലൂര്‍ഡാമിനുസമീപം ബന്ധുക്കള്‍ക്കൊപ്പം കാട്ടില്‍ വേട്ടയ്ക്കുപോയ ആദിവാസി യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അത്തിക്കടവ് സൊരണ്ടി കോളനിയിലെ ആര്‍. സഞ്ജിത്താണ് (23) മരിച്ചത്. സംഭവത്തില്‍ ബന്ധു കെ. പ്രവീണ്‍ (മുരുകേശന്‍-37) അറസ്റ്റിലായി.

സഞ്ജിത്ത് ബന്ധുക്കളായ പ്രവീണ്‍, പാപ്പയ്യന്‍ എന്നിവര്‍ക്കൊപ്പം നാടന്‍തോക്കുമായി പില്ലൂര്‍ ഡാമിനുസമീപത്തെ കാട്ടില്‍ വേട്ടയാടാന്‍ പോയതാണെന്ന് പറയുന്നു. പിറ്റേദിവസം രാവിലെ പ്രവീണ്‍ വീട്ടുകാരെ വിളിച്ച് സഞ്ജിത്തിന് വെടിയേറ്റെന്ന് അറിയിച്ചു. വീട്ടുകാര്‍ കാട്ടിലെത്തി നോക്കിയപ്പോള്‍ ഭവാനിപ്പുഴയ്ക്കുസമീപം സഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി. സമീപത്ത് പ്രവീണും പാപ്പയ്യനുമില്ലായിരുന്നു. ശരീരത്തില്‍ നിരവധി സ്ഥലത്ത് വെടിയേറ്റ പാടുകളുണ്ടായിരുന്നു.

Signature-ad

ബന്ധുക്കള്‍ മൃതദേഹം വീട്ടിലെത്തിക്കുകയും പില്ലൂര്‍ ഡാം പോലീസില്‍ അറിയിക്കുകയുംചെയ്തു. സഞ്ജിത്തിന്റെ ശരീരത്തില്‍ അഞ്ചിടത്ത് വെടിയേറ്റതായി പോലീസ് പറഞ്ഞു. തുടര്‍ന്ന്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പില്ലൂര്‍ ഡാം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രവീണിനെ അറസ്റ്റുചെയ്തു. കാട്ടില്‍വെച്ച് മലയണ്ണാനെ പിടികൂടിയശേഷം താന്‍ വീട്ടിലേക്ക് പോയെന്നും പിന്നീട് സഞ്ജിത്തും പാപ്പയ്യനും വേട്ട തുടര്‍ന്നതായും പ്രവീണ്‍ പോലീസിന് മൊഴിനല്‍കി.

ഇരുവരും മദ്യപിക്കുകയും ഇതിനിടെയുണ്ടായ വഴക്കിനിടെ പാപ്പയ്യന്‍ സഞ്ജിത്തിനെ വെടിവെയ്ക്കുകയായിരുന്നെന്നും പ്രവീണ്‍ മൊഴിനല്‍കിയിട്ടുണ്ട്. പാപ്പയ്യന്‍ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: