KeralaNEWS

സ്‌കൂളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണം, ഇംഗ്ലിഷ് സിനിമ പ്രദര്‍ശിപ്പിക്കണം; സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ പത്രവായന പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. പത്രം വായിക്കുകയും വാര്‍ത്തകള്‍ സംബന്ധിച്ച പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം. ഉച്ചാരണ ശുദ്ധിയോടെ പത്രം വായിക്കുന്നെന്ന് ഉറപ്പാക്കണം. പത്രത്തിനു പുറമേ ആഴ്ചപ്പതിപ്പുകളും മാസികകളും വായിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിനായി സ്‌കൂള്‍ ലൈബ്രറിയില്‍ ഇവ ലഭ്യമാക്കണം. ആഴ്ചയില്‍ ഒരു പുസ്തകമെങ്കിലും ലൈബ്രറിയില്‍ നിന്നെടുത്ത് വായിക്കുകയും അതെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യാം.

പുസ്തകത്തെ ആധാരമാക്കി ആവിഷ്‌കാരങ്ങള്‍ സംഘടിപ്പിക്കാം. വായിച്ച പുസ്തകങ്ങളെക്കുറിച്ച് കുട്ടികള്‍ കുറിപ്പ് തയാറാക്കണം. ഇത് മറ്റുള്ളവരെ വായിച്ചു കേള്‍പ്പിക്കണം. കുട്ടികള്‍ക്ക് പുസ്തകമേളകള്‍ സംഘടിപ്പിക്കാം. പൗരപ്രമുഖരെ സ്‌കൂളുകളിലേക്ക് ക്ഷണിച്ച് സംവാദങ്ങള്‍ സംഘടിപ്പിക്കാം. ഇംഗ്ലിഷ് സങ്കോചമില്ലാതെ സംസാരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.

Signature-ad

ഇംഗ്ലീഷിനു പുറമേ ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം എന്നീ ഭാഷകള്‍ വായിക്കാനും സംസാരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടത്തണം. ഇംഗ്ലിഷ് സിനിമ സ്‌കൂളില്‍ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കണം. അടുത്ത രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് തങ്ങളുടെ സ്‌കൂളിനെ എങ്ങനെ മെച്ചപ്പെട്ട നിലയിലേക്കു കൊണ്ടുവരാമെന്ന പ്ലാനിങ് വേണമെന്നും മാസ്റ്റര്‍ പ്ലാനില്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: