KeralaNEWS

പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ‘വോട്ടാകര്‍ഷണം’ കുറവ്; മലപ്പുറത്ത് ‘സ്വതന്ത്ര പരീക്ഷണം’ തുടരാന്‍ സിപിഎം

മലപ്പുറം: ജില്ലയിലെ ‘സ്വതന്ത്ര പരീക്ഷണം’ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം തുടര്‍ന്നേക്കും. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ അനുഭാവി വോട്ടുകള്‍ ആകര്‍ഷിക്കാനാകുന്നില്ലെന്ന നിലമ്പൂര്‍ പാഠം കൂടി ഉള്‍ക്കൊണ്ടാണ് സ്വതന്ത്രരില്‍തന്നെ വിശ്വാസമര്‍പ്പിക്കാനുള്ള ആലോചന. നിലവില്‍, ജില്ലയിലെ മൂന്നു ഇടതുപക്ഷ എംഎല്‍എമാരില്‍ രണ്ടു പേര്‍ സിപിഎം സ്വതന്ത്രരാണ്.

കെ.ടി.ജലീല്‍ ഇനി മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. മന്ത്രി വി.അബ്ദുറഹിമാന്‍ താനൂരില്‍ വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ചു മനസ്സു തുറന്നിട്ടില്ല. പി.വി.അന്‍വര്‍ ഉയര്‍ത്തിയ കലാപം മുന്‍നിര്‍ത്തി, കഴിയുന്നത്ര സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ സജീവമായിരുന്നു. നിലമ്പൂര്‍ ഫലം പക്ഷേ സ്വതന്ത്രരെ ഒഴിവാക്കി ജില്ലയില്‍ ജയിക്കാനുള്ള കരുത്ത് കൈവരിച്ചിട്ടില്ലെന്ന തിരിച്ചറിവ് പാര്‍ട്ടിക്കു നല്‍കിയിട്ടുണ്ട്.

Signature-ad

തവനൂര്‍ മണ്ഡലം നിലവില്‍ വന്ന 2011 മുതല്‍ അവിടെ മത്സരിക്കുന്നതു സ്വതന്ത്രന്‍ കെ.ടി.ജലീലാണ്. യുഡിഎഫിനു ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ സിപിഎമ്മിന്റെ അടിസ്ഥാന വോട്ടിനു പുറമേ ജലീലിനു സ്വന്തമായി ലഭിക്കുന്ന വോട്ടുകള്‍കൂടി ചേര്‍ന്നാണു ജയത്തിലേക്കെത്തുന്നത്. നിലമ്പൂരിലും സ്ഥിതി സമാനമായിരുന്നു. ഇടതുപക്ഷ വോട്ടിനൊപ്പം അന്‍വറിന്റെ ‘സ്വന്തം’ വോട്ടുകള്‍കൂടി ചേര്‍ന്നാണു രണ്ടു തവണ അവിടെ വിജയിച്ചത്.

എം.സ്വരാജിനെ രംഗത്തിറക്കി, സര്‍വസന്നാഹങ്ങളോടെ പ്രചാരണം നടത്തിയിട്ടും 2006ല്‍ പി.ശ്രീരാമകൃഷ്ണന്‍ നേടിയ വോട്ട് പോലും നേടാനാകാത്തതു പാര്‍ട്ടിയെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്. അന്‍വര്‍ കൊണ്ടുവന്ന വോട്ടുകള്‍ അതേപടി അദ്ദേഹം പിടിക്കുകയും ചെയ്തു.

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണു തവനൂര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 16,000നു മുകളില്‍ വോട്ടിന്റെ ലീഡുണ്ട്. ജലീലിനു പകരം അവിടെ മറ്റൊരു സ്വതന്ത്രന്‍ വരാനാണു സാധ്യത.

വി.അബ്ദുറഹിമാന്റെ മണ്ഡലമായ താനൂരില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 42,000 വോട്ടാണു ലീഡ്. മുന്‍ കോണ്‍ഗ്രസുകാരന്‍ കൂടിയായ അബ്ദുറഹിമാന്‍ വ്യക്തിപരമായി പിടിക്കുന്ന വോട്ടാണ് അവിടെ എല്‍ഡിഎഫിനു കരുത്താകുന്നത്. ഒരുവട്ടംകൂടി അദ്ദേഹംതന്നെ മത്സരിച്ചേക്കും.

മലപ്പുറം ജില്ലയുടെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇടതുപക്ഷം ഏറ്റവും വലിയ വിജയം നേടിയതു 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. ആകെയുള്ള 12 സീറ്റില്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിച്ച മൂന്നെണ്ണം ഉള്‍പ്പെടെ അഞ്ചു സീറ്റുകള്‍ സിപിഎമ്മിനു ലഭിച്ചു. ഇതില്‍ പൊന്നാനിയില്‍ മാത്രമാണു പാര്‍ട്ടിക്കു പിന്നീടു സ്വന്തം നിലയില്‍ ജയിക്കാനായത്. കുറ്റിപ്പുറം മണ്ഡലം പുനര്‍നിര്‍ണയത്തോടെ ഇല്ലാതായി. തിരൂരും മങ്കടയും പെരിന്തല്‍മണ്ണയും യുഡിഎഫ് തിരിച്ചുപിടിച്ചു. ഇവയില്‍ ചിലതിലെങ്കിലും എല്‍ഡിഎഫിനു വേണ്ടി അടുത്ത തവണയും സ്വതന്ത്രര്‍ തന്നെ രംഗത്തിറങ്ങാനാണു സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: