Breaking NewsIndiaLead NewsLIFENEWSNewsthen SpecialTechTRENDINGWorld

ചെന്നൈയ്ക്കും ബംഗളുരുവിനും ഇടയ്ക്കുള്ള ദൂരത്തേക്കാള്‍ അല്‍പം കൂടുതല്‍; എന്നിട്ടും ശുഭാംശുവിനും സംഘത്തിനും ബഹിരാകാശ നിലയത്തിലെത്താന്‍ 28 മണിക്കൂര്‍ വേണ്ടിവരുന്നത് എന്തുകൊണ്ട്? ഡ്രാഗണ്‍ പേടകം പിന്നിട്ടത് 18 ഭ്രമണപഥങ്ങള്‍; അതി സങ്കീര്‍ണമായ ദൗത്യം ഇങ്ങനെ

400 കിലോമീറ്റര്‍ ദൂരത്തേക്ക് ഓടിയെത്താന്‍ കഴിയുന്ന കാറായിട്ടല്ല, മറിച്ച് ഒരേ പാതയിലെ വ്യത്യസ്ത ട്രാക്കിലെ രണ്ടു റേസ് കാറുകളായി പേടകത്തെയും ബഹിരാകാശ നിലയത്തെയും സങ്കല്‍പ്പിച്ചാല്‍ ഇൗ സംശയം മാറിക്കിട്ടും.

ന്യൂയോര്‍ക്ക്: ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയടക്കമുള്ള നാലുപേരുമായി ആകിസിയം-4 മിഷന്‍ വിജയകരമായി ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷനില്‍ (ഐഎസ്എസ്) പ്രവേശിച്ചു. ജൂണ്‍ 25ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.01ന് നാലുപേരെ വഹിച്ച പേടകവുമായി സ്‌പേസ് എക്‌സിന്റെ കൂറ്റന്‍ റോക്കറ്റായ ഫാല്‍ക്കണ്‍-9 ബഹിരാകശത്തേക്കു പറന്നുയര്‍ന്നു. ഫ്‌ളോറിഡയിലെ നാസയുടെ വിക്ഷേപണത്തറയില്‍നിന്നായിരുന്നു കുതിപ്പ്. നിരവധി തവണ മാറ്റിവച്ചതിനുശേഷം എല്ലാ സുരക്ഷാ മാര്‍ഗങ്ങളും ഉറപ്പാക്കിയശേഷമായിരുന്നു വിക്ഷേപണം.

അല്‍പം വൈകിയെങ്കിലും വിക്ഷേപണം ഏറെ സുഗമമായിരുന്നു. റോക്കറ്റിന്റെ രണ്ടു ഘട്ടങ്ങളും അവയുടെ ജോലി പൂര്‍ത്തിയാക്കുമ്പോഴേക്കും ഡ്രാഗണ്‍ എന്നറിയപ്പെടുന്ന പേടകത്തിന്റെ വേഗം മണിക്കൂറില്‍ ആയിരക്കണക്കിനു കിലോമീറ്ററായിരുന്നു. സമുദ്ര നിരപ്പില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ഭൂമിയെ മിന്നല്‍വേഗത്തില്‍ പരിക്രമണം ചെയ്യുന്ന ബഹിരാകാശ നിലയമായിരുന്നു ലക്ഷ്യം. 28 മണിക്കൂറിനുള്ളില്‍ ബഹിരാകാശ നിലയത്തിലെത്തുമെന്നു ദൗത്യത്തിനു ചുക്കാന്‍ പിടിച്ച കമ്പനിയായ ആക്‌സിയം അറിയിച്ചു.

Signature-ad

ചെന്നൈയ്ക്കും ബംഗളുരുവിനും ഇടയിലുള്ള ദൂരത്തേക്കാള്‍ അല്‍പം മാത്രം കൂടുതലുള്ള ഒരു സ്ഥലത്തേക്ക് ഇത്രയും വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന് 28 മണിക്കൂര്‍ വേണ്ടിവരുന്നത് എന്തുകൊണ്ടാണ്? 400 കിലോമീറ്റര്‍ ദൂരത്തേക്ക് ഓടിയെത്താന്‍ കഴിയുന്ന കാറായിട്ടല്ല, മറിച്ച് ഒരേ പാതയിലെ വ്യത്യസ്ത ട്രാക്കിലെ രണ്ടു റേസ് കാറുകളായി പേടകത്തെയും ബഹിരാകാശ നിലയത്തെയും സങ്കല്‍പ്പിച്ചാല്‍ ഇൗ സംശയം മാറിക്കിട്ടും. ഒന്ന്, എല്ലാം സംഭവിക്കുന്നതു ഭൂമിക്കു പുറത്തുള്ള അന്തരീക്ഷത്തിലാണ്. രണ്ട് ‘നൃത്ത’സംവിധാനമെന്നത് ഓര്‍ബിറ്റല്‍ മെക്കാനിക്‌സും കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളും അനുസരിച്ചാണു നടക്കുന്നത്.

ഐഎസ്എസിന്റെ പാതയിലെത്താന്‍ പേടകം അതിന്റെ ഉയരവും വേഗവുമായും പൊരുത്തപ്പെടേണ്ടതുണ്ട്. നേരേ മുകളിലേക്കു സഞ്ചരിച്ചാല്‍ മുകളിലേക്ക് എറിയുന്ന പന്തുപോലെ അതു താഴേക്കു പതിക്കാന്‍ ഇടയാക്കും. അതിനാല്‍ വശങ്ങളിലേക്ക് കുതിപ്പു ക്രമികരിച്ചാണു സഞ്ചാരം.

ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഡ്രാഗണ്‍ പേടകത്തെ 200 കിലോമീറ്റര്‍ ഉയരത്തിലുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്കാണ് എത്തിക്കുന്നത്. ഒരു പോള്‍വോള്‍ട്ട് കായിക താരം ക്രോസ്ബാറിന്റെ സമീപത്തേക്ക് എത്തുമ്പോഴുള്ള വടിയുടെ ആകൃതിക്കു സമാനമായിരിക്കുമിത്. റോക്കറ്റുമായി വേര്‍പെടുന്ന പേടകത്തിന്റെ സഞ്ചാരം പിന്നീടു തനിച്ചാണ്. പേടകത്തിന്റെ വേഗമാകട്ടെ, മണിക്കൂറില്‍ 27,000 കിലോമീറ്ററും. വീണ്ടും നിലത്തേക്ക് എത്താതിരിക്കാന്‍ ഈ വേഗം സഹായിക്കും. പേടകത്തെ എത്തിക്കുന്ന ഈ ഉയരത്തിനു പാര്‍ക്കിംഗ് ഓര്‍ബിറ്റ് എന്നാണു പറയുന്നത്.

പക്ഷേ, ബഹിരാകാശ നിലയം വീണ്ടും 200 കിലോമീറ്റര്‍കൂടി ഉയരത്തിലാണ്. ഭൂമിയെ ഒരു പ്രാവശ്യം വട്ടംചുറ്റാന്‍ 92 മിനുട്ടാണു ബഹിരാകാശ നിലയം എടുക്കുന്നത്. ഡ്രാഗണ്‍ പേടകമാകട്ടെ ഈ സമയം ഭൂമിയെ വലംവയ്ക്കുന്ന സമയം അല്‍പം കുറച്ച് 88 മിനുട്ടാക്കും. ഐഎസ്എസിനെ ഡ്രാഗണ്‍ മറികടക്കുന്നതുവരെ ഇതു തുടരും. ഐഎസ്എസിനെ ‘പിടികൂടു’ന്നതോടെ നിരവധി സിസ്റ്റം ചെക്കൗട്ടുകള്‍ക്കുശേഷം ഡ്രാഗണ്‍ പേടകം അതിന്റെ ത്രസ്റ്ററുകള്‍ (ചെറിയ റോക്കറ്റുകള്‍) പ്രവര്‍ത്തിപ്പിക്കും. ഇതിനെ ഫേസിംഗ് ബേണ്‍ എന്നാണു പറയുന്നത്. ത്രസ്റ്ററുകളുടെ സഹായത്താല്‍ പേടകം അതിന്റെ ഭ്രമണപഥത്തില്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലെയുള്ള പോയിന്റിലേക്ക് ഉയര്‍ത്തും. പിന്നീട് അതിന്റെ മുഴുവന്‍ ഭ്രമണപഥവും ഉയര്‍ത്തും.

ഇത്തരത്തില്‍ കൃത്യമായി ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ക്രമാനുഗതമായി ഭമണപഥം ഉയര്‍ത്തിക്കൊണ്ടിരിക്കും. അവസാനമത് ഐഎസ്എസിന്റെ അതേ ഭ്രമണപഥത്തിലേക്ക് എത്തും. ഒരു ഹൈവേയ്ക്കു സമാന്തരമായി ഇടതുവശത്തുകൂടി പോകുന്ന മറ്റൊരു പാതയില്‍നിന്നു ഹൈവേയില്‍ പ്രവേശിച്ചു പിന്നില്‍ വരുന്ന വാഹനങ്ങളെ ശ്രദ്ധിച്ചുകൊണ്ടു വലതുവശത്തുള്ള ട്രാക്കിലേക്കു കാര്‍ നീങ്ങുന്നതുപോലെയാണിത്.

ആക്‌സിയം -4 ദൗത്യത്തിനായി മിഷനു പദ്ധതിയിട്ടവര്‍ 28 മണിക്കൂര്‍ സമയം നിശ്ചയിച്ചത് ഇക്കാരണം കൊണ്ടാണ്. 18 ഭ്രമണപഥങ്ങളാണ് ഐഎസ്എസുമായി ഡോക്ക് ചെയ്യുന്നതിനു മുമ്പ് പദ്ധതിയിട്ടത്. ഇത്രയും കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴേക്കും ഡ്രാഗണ്‍ ക്രൂ പേടകം ഐഎസ്എസിന്റെ ഡോക്കിംഗ് പോര്‍ട്ടിനു സമീപത്ത് എത്തിയിരിക്കും. ഡ്രാഗണ്‍, ബഹിരാകാശ നിലയത്തിന്റെ 30 കിലോമീറ്റര്‍ അടുത്തെത്തിയാല്‍ നിലയത്തിലെ ഇടനാഴിക്കു സമീപത്തേക്കു നീങ്ങിത്തുടങ്ങും. ഭൂമിയെ വട്ടം ചുറ്റുന്നതിനൊപ്പം ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തോട് സെക്കന്‍ഡില്‍ ഏതാനും മീറ്റര്‍ മാത്രമാകും അടുക്കുക. നിലയത്തിന്റെ 20 മീറ്റര്‍ അടുത്തെത്തിക്കഴിഞ്ഞാല്‍ ഡ്രാഗണിന്റെ ‘അടുക്കല്‍’ വേഗണ സെക്കന്‍ഡില്‍ ഏതാനും സെന്റീമീറ്ററായി ചുരുങ്ങും.

ഐഎസ്എസില്‍നിന്ന് 400 മീറ്റര്‍, 220 മീറ്റര്‍, 20 മീറ്റര്‍, ഒരു മീറ്റര്‍ ദൂരങ്ങളില്‍ ഹോള്‍ഡിംഗ് പോയിന്റുകള്‍ ഉണ്ട്. ഈ ഘട്ടത്തിലെല്ലാം നിയുക്ത മിഷന്‍ പൈലറ്റ് കൂടിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയടക്കമുള്ള ഡ്രാഗണ്‍ പേടകം ഗോ/നോ-ഗോ പോളുകളും ലിഡാര്‍ പരിശോധനകളും നടത്തും. പേടകവും ബഹിരാകാശ നിലയവും തമ്മിലുള്ള കൃത്യമായ ദൂരം അളക്കാനുള്ള ലേസര്‍ പരിശോധനയാണ് ലിഡാര്‍. ഈ പ്രക്രിയയില്‍ ഒരു തെറ്റായ സെന്‍സര്‍ റീഡിംഗ് ഉണ്ടായാല്‍ പോലും ഡ്രാഗണ്‍ പേടകം ഐഎസ്എസില്‍നിന്ന് മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത പാതയിലൂടെ പിന്‍വാങ്ങും. അതായത് ഡ്രാഗണ്‍ പേടകവും ബഹിരാകാശ നിലയവും തമ്മില്‍ അടുത്തുവരുന്നതിന് മണിക്കൂറുകള്‍ എടുക്കുമെന്ന് അര്‍ഥം.

ആക്‌സിയം സ്‌പേസും നാസയും ഈ ദൗത്യത്തിനായി സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ ക്യാപ്‌സ്യൂളു (പേടകം)കള്‍ ഉപയോഗിച്ചു എന്നതു പ്രധാനമാണ്. ഏറ്റവും സങ്കീര്‍ണമായ ഡോക്കിംഗിനു മുമ്പ് ചെക്കൗട്ടുകള്‍ പൂര്‍ത്തിയാക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനും അനുവദിക്കുന്ന ഡോക്കിംഗ് രൂപരേഖയുണ്ടാക്കാന്‍ മിഷന്‍ ഓപ്പറേറ്റര്‍മാരെ സഹായിക്കും.

Back to top button
error: