
ഷിംല: ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. ഇരുപതിലധികം പേരെ കാണാതായി. കാംഗ്ര ജില്ലയിലാണു രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കുളു ജില്ലയില്‍ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. സ്‌കൂള്‍ കെട്ടിടം, കടകള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്കു നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
കുളു ജില്ലയിലെ മണാലി, ബഞ്ചാര്‍ എന്നിവിടങ്ങളിലും മലവെള്ളപ്പാച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബിയാസ് നദി നിറഞ്ഞൊഴുകി മണാലി-ചണ്ഡീഗഡ് ദേശീയപാത ഭാഗികമായി തകര്‍ന്നു. വാഹനഗതാഗതം നിരോധിച്ചിട്ടില്ല. അടുത്ത നാലു ദിവസവും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

”ഇതുവരെ 2 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബുധനാഴ്ച കാംഗ്രയില്‍ ഒഴുകിപ്പോയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഒഴുക്കില്‍പ്പെട്ടതു കാംഗ്രയിലെ ധര്‍മ്മശാലയ്ക്കടുത്തുള്ള ഒരു ചെറിയ ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്യുന്നവരായിരുന്നു. പ്ലാന്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിശദമായ പട്ടിക ബന്ധപ്പെട്ട കരാറുകാരനില്‍നിന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്” അധികൃതര്‍ പറഞ്ഞു.