IndiaNEWS

വിവാഹമോചനം നടത്താതെ വീണ്ടും വിവാഹം: ഏകസിവില്‍കോഡ് നടപ്പിലാക്കിയ ഉത്തരാഖണ്ഡിലെ ബിജെപി മുന്‍ എംഎല്‍എ വിവാദത്തില്‍

ഡെഹ്റാഡൂണ്‍: ബഹുഭാര്യാത്വം നിരോധിക്കുന്ന ഏകസിവില്‍ കോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡില്‍ വിവാഹ മോചനം നേടാതെ രണ്ടാമതും വിവാഹം കഴിച്ച് വിവാദത്തിലായി ബിജെപി നേതാവ്. ആദ്യഭാര്യയുമായുളള ബന്ധം വേര്‍പെടുത്താതെ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ സുരേഷ് റാത്തോഡ് വീണ്ടു വിവാഹം ചെയ്തതാണ് വിവാദമായിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കി മാസങ്ങള്‍ക്കുളളിലാണ് സംഭവം. ഇതോടെ പ്രതിരോധത്തിലായ ബിജെപി മുഖം സംരക്ഷിക്കാനായി സുരേഷ് റാത്തോഡിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പാര്‍ട്ടിയുടെ സാമൂഹികയും ധാര്‍മ്മികവുമായ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നാണ് സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി രാജേന്ദ്ര് ബിഷ്ട് നല്‍കിയ കത്തിലെ വിമര്‍ശനം. ഏഴുദിവസത്തിനുളളില്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.

2022 വരെ ജ്വാലാപൂര്‍ എംഎല്‍എയായിരുന്ന സുരേഷ് റാത്തോഡ് കഴിഞ്ഞ ആഴ്ചയാണ് വാര്‍ത്താസമ്മേളനം നടത്തി തന്റെ വിവാഹവിവരം അറിയിച്ചത്. നടി ഊര്‍മിള സനവാറിനെയാണ് സുരേഷ് വിവാഹം ചെയ്തത്. ആദ്യ ഭാര്യ രവീന്ദ്ര കൗറുമായുളള വിവാഹം നിയമപരമായി വേര്‍പെടുത്താതെയായിരുന്നു മുന്‍ എംഎല്‍എയുടെ രണ്ടാംവിവാഹം. ‘ചില കാരണങ്ങള്‍ മൂലം ഞാന്‍ ഈ ബന്ധം ഇതുവരെ മറച്ചുവയ്ക്കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ അവളെ ഭാര്യയായി സ്വീകരിച്ചു. ഇക്കാര്യം ഞാന്‍ പരസ്യമായി പ്രഖ്യാപിക്കുകയാണ്’ എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് റാത്തോഡ് പറഞ്ഞത്. ഇയാള്‍ ഏറെക്കാലമായി ഊര്‍മ്മിളയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Signature-ad

ഈ വര്‍ഷം ആദ്യമാണ് ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പാക്കിയത്. ഏകഭാര്യാത്വം നിര്‍ബന്ധമാക്കുകയും ബഹുഭാര്യാത്വം കുറ്റകരമാക്കുകയും ചെയ്ത സംസ്ഥാനത്ത് ഭരണകക്ഷി നേതാവിന്റെ വിവാഹം വലിയ വിവാദത്തിന് കാരണമായി. ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഏകസിവില്‍ കോഡ് ബിജെപിയുടെ നേതാക്കള്‍ക്ക് ബാധകമല്ലേ എന്നും രാഷ്ട്രീയ എതിരാളികള്‍ക്ക് മാത്രമുളളതാണോ എന്നും കോണ്‍ഗ്രസ് വക്താവ് ഗരിമ മെഹ്റ ചോദിച്ചു. എന്തുകൊണ്ടാണ് സുരേഷ് റാത്തോഡിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തതെന്നും നേതാവിന്റെ വിവാഹം നിയമപരമാണോ എന്ന് ബിജെപി വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

Back to top button
error: