
ന്യൂഡല്‍ഹി: സിപിഐ യുഡിഎഫില്‍ വരണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കോണ്‍ഗ്രസുമായി സിപിഐ നേരത്തെയും സഹകരിച്ചിട്ടുണ്ടെന്നും സിപിഐയുടെ മനസ് മാറുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അന്‍വര്‍ നേടിയവോട്ട് കരുത്തായി എങ്ങനെ കാണുമെന്ന് അടൂര്‍ പ്രകാശ് ചോദിച്ചു. അന്‍വര്‍ കൂടിയുണ്ടായിരുന്നെങ്കില്‍ 25,000 വോട്ട് കിട്ടുമെന്നത് രമേശ് ചെന്നിത്തലയുടെ വാദം തള്ളിയാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം. അത് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടാണെന്നും അടൂര്‍പ്രകാശ് പ്രതികരിച്ചു.

ദേശീയ നേതൃത്വം അംഗീകരിച്ചാല്‍ എംപിമാരും നിയമസഭയിലേക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ മത്സരിക്കാന്‍ തനിക്ക് തടസ്സമില്ലെന്നും രേവന്ത് റെഡ്ഡി എംപിയായിരിക്കേയാണ് നിയമസഭയിലേക്ക് മത്സരിച്ചതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
പി.വ അന്‍വറിനെ അവഗണിച്ച് മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. അന്‍വര്‍ വേണ്ടെന്ന വി.ഡി. സതീശന്‍ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നുണ്ട്. അന്‍വറിനെ എടുക്കേണ്ട സാഹചര്യമില്ലെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം ഘടകകക്ഷികള്‍ക്കും നിലപാട്. അതുകൊണ്ട് മുന്നണി പ്രവേശനത്തിന് നിലപാടുകള്‍ തിരുത്തി അന്‍വര്‍ തന്നെ മുന്‍കൈയെടുക്കേണ്ടി വരും.