CrimeNEWS

ആക്രിസാധനങ്ങള്‍ വിറ്റതിനെച്ചൊല്ലി തര്‍ക്കം; 59-കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു, സുഹൃത്ത് അറസ്റ്റില്‍

പാലക്കാട്: ആക്രിസാധനങ്ങള്‍ വിറ്റതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 59-കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു. ഒലവക്കോട് അത്താണിപ്പറമ്പില്‍ ആണ് സംഭവം. മുട്ടിക്കുളങ്ങര സ്വദേശി വേണുഗോപാലാണ് മരിച്ചത്. സംഭവത്തില്‍ വേണുഗോപാലിന്റെ സുഹൃത്തായ പ്രതി മണ്ണാര്‍ക്കാട് അരയംകോട് ഒലിപ്പാറ രമേഷിനെ (49) ഹേമാംബികനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്ന് പോലീസ് പറഞ്ഞു.

രമേഷും വേണുഗോപാലും ആക്രിക്കച്ചവടം നടത്തിയിരുന്നു. ഇരുവരും തമ്മില്‍ തിങ്കളാഴ്ച രാത്രി ആക്രി പെറുക്കി വിറ്റതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്നുള്ള അടിപിടിയിലാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വേണുഗോപാലിന്റെ തലയിലും നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. രമേഷിന്റെ രക്തസാമ്പിളും വേണുഗോപാലിന്റെ ഷര്‍ട്ടില്‍നിന്ന് ലഭിച്ചു.

Signature-ad

ചൊവ്വാഴ്ച രാവിലെ നാട്ടുകാരാണ് വേണുഗോപാലിനെ കടത്തിണ്ണയില്‍ മരിച്ചനിലയില്‍ കണ്ടത്. ഉടന്‍തന്നെ ഹേമാംബികനഗര്‍ പോലീസില്‍ വിവരമറിയിച്ചു. മൃതദേഹം കിടന്നിരുന്ന കടത്തിണ്ണയിലും പരിസരപ്രദേശങ്ങളിലും ഫൊറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡുമെത്തി പരിശോധന നടത്തി. പ്രദേശത്തെ കടകളിലെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതില്‍നിന്നാണ് പ്രതിയിലേയ്‌ക്കെത്തിയത്. ഇയാള്‍ പതിവായി വേണുഗോപാലിനൊപ്പം ഉണ്ടാവാറുണ്ടെന്നാണ് നാട്ടുകാരില്‍നിന്ന് അറിഞ്ഞതെന്നും പോലീസ് പറഞ്ഞു.

ഒലവക്കോട് അത്താണിപ്പറമ്പ് ഭാഗത്ത് ആക്രി പെറുക്കിവിറ്റും കൂലിപ്പണി ചെയ്തുമാണ് വേണുഗോപാല്‍ ജീവിച്ചിരുന്നത്. ഒലവക്കോട്ട് വേണുഗോപാലിന്റെ ഭാര്യവീടുണ്ടെങ്കിലും വര്‍ഷങ്ങളായി ബന്ധുക്കളുമായി അടുപ്പമുണ്ടായിരുന്നില്ലെന്നും കടത്തിണ്ണയിലാണ് കിടന്നിരുന്നതെന്നും പോലീസും ബന്ധുക്കളും പറഞ്ഞു.

Back to top button
error: