Breaking NewsCrimeLead NewsNEWS

‘മഞ്ഞുമ്മല്‍ ബോയസി’ന്റെ പേരില്‍ സൗബിന്‍ തട്ടിച്ചത് 40 കോടി; ലാഭവിഹിതത്തില്‍നിന്ന് 40 ശതമാനം നല്‍കാം എന്ന കരാറില്‍ ഏഴ് കോടി വാങ്ങിയിട്ട് തിരിച്ചുനല്‍കാതെ വഞ്ചിച്ചു; നടനെയും നിര്‍മാതാക്കളെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പോലീസ്

കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ തട്ടിപ്പു കേസില്‍ നടനും നിര്‍മാതാവുമായി സൗബിന്‍ സാഹിറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പോലീസ്. 40 കോടിയോളം രൂപയാണ് ഇവര്‍ തട്ടിച്ചതെന്നും പൊലീസ് പറയുന്നു. സൗബിന് പുറമേ പറവ ഫിലിംസിന്റെ പാര്‍ട്ണര്‍മാരായ പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് കൊണ്ടാണ് പൊലീസ് കോടതിയില്‍ വിശദീകരിച്ചത്.

സിനിമ നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്‍കിയ സിറാജ് വലിയതുറ നല്‍കിയ പരാതിയിലെടുത്ത കേസിലാണ് നടപടി. സിനിമയുടെ ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാം എന്ന കരാറില്‍ ഏഴ് കോടി രൂപ വാങ്ങിയിട്ട് തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 2022 ഫെബ്രുവരി 22ന് റിലീസായ സിനിമയില്‍ നിന്ന് 286 കോടി രൂപയോളം രൂപ കലക്ട് ചെയ്തിട്ടുണ്ടെന്ന് മരട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷ് ഫയല്‍ ചെയ്ത വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ ഈ വിവരം പരാതിക്കാരനില്‍ നിന്ന് മറച്ചുവെച്ചു.

Signature-ad

കരാര്‍ പ്രകാരം 2022 നവംബര്‍ 30ന് 47 കോടി രൂപ നല്‍കേണ്ടതായിരുന്നു. സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്തതിന്റെ പണമേ വിതരണ കമ്പനിയായ ബിഗ് ഡ്രീംസിലൂടെ സമാഹരിച്ചിട്ടുള്ളൂ. ബാക്കി പ്രതികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞെന്ന് പറഞ്ഞാണ് പരാതിക്കാരനില്‍ നിന്ന് പണം വാങ്ങിയത്. യഥാര്‍ഥത്തില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികളെ കഴിഞ്ഞിരുന്നുള്ളൂ. സിനിമ നിര്‍മ്മിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് പണമൊന്നും ചെലവായിട്ടില്ല. ആദ്യം 50 ലക്ഷം മാത്രമാണ് തിരികെ നല്‍കിയത്. ലാഭവിഹിതം കിട്ടാത്തതിനാലാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. മാജിക് ഡ്രീംസ് ഉടമ ലിസ്റ്റിന്‍ സ്റ്റീഫനില്‍ നിന്ന് അമിത പലിശയ്ക്ക് വാങ്ങിയെന്ന് പറയുന്നതിലും ഗൂഢാലോചനയുണ്ടെന്നും പൊലീസ് പറയുന്നു.

ഇത് തിരികെ നല്‍കുന്നതിന് 11 കോടി രൂപ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തില്‍ നിന്ന് പരാതിക്കാരനെ ഇടപെടുത്തി വാങ്ങി. ഇക്കാര്യത്തിലും വിശദമായ അന്വേഷണം വേണം. 22 കോടി രൂപ സിനിമയുടെ നിര്‍മ്മാണത്തിന് ചെലവായെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അന്വേഷണത്തില്‍ 18.5 കോടി രൂപയാണ് ചെലവെന്ന് കണ്ടെത്തി. കേസെടുത്തതിനെ തുടര്‍ന്നാണ് 5.90 കോടി രൂപയെങ്കിലും പരാതിക്കാരന് കൊടുക്കാന്‍ തയ്യാറായതെന്നും പൊലീസ് വിശദീകരിച്ചു.

പ്രതികള്‍ക്കെതിരേ വ്യക്തമായ തെളിവുണ്ടെന്നും അവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും പോലീസ് രേഖാമൂലം കോടതിയെ അറിയിച്ചു. വ്യാഴാഴ്ച പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കും. 27-ന് സൗബിനടക്കമുള്ളവരോട് ചോദ്യംചെയ്യലിനായി മരട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: