മുംബൈക്കാരന്‍ ചോര്‍ത്തിക്കൊടുത്ത സ്‌റ്റെല്‍ത്ത് സാങ്കേതിക വിദ്യ? ചൈനയും കൂറ്റന്‍ ബി2 ബോംബറുകളുടെ നിര്‍മാണത്തിലെന്ന് സൂചന; രഹസ്യ കേന്ദ്രത്തില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; അമേരിക്കയില്‍ തടവില്‍ കഴിയുന്ന നോഷില്‍ ഗൊവാഡിയ ബി2 വിമാന നിര്‍മാണത്തിലെ മുഖ്യ എന്‍ജിനീയര്‍; ചാരക്കഥ ഇങ്ങനെ
റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ഗൊവാഡിയ 2003, 2004 കാലഘട്ടങ്ങളില്‍ ചൈനയിലേക്കു നിരവധി യാത്രകള്‍ നടത്തിയെന്നു കണ്ടെത്തി. ഇയാള്‍ വളരെ നിര്‍ണായകമായ സ്‌റ്റെല്‍ത്ത് സാങ്കേതികവിദ്യ 110,000 ഡോളറിനു കൈമാറിയെന്നുമാണു പറയുന്നത്.

ന്യൂയോര്‍ക്ക്: ഇസ്രയേലിന്റെ നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ ഇറാന്റെ ഫോര്‍ദോ ആണവ നിലയങ്ങള്‍ തകര്‍ക്കാന്‍ അമേരിക്ക സ്‌റ്റെല്‍ത്ത് ബി-2 ബോംബറുകള്‍ വിന്യസിച്ചതു വന്‍ വാര്‍ത്തയായിരുന്നു. അമേരിക്കയില്‍നിന്നു പതിനായിരക്കണക്കിനു കിലോമീറ്ററുകള്‍ പറന്നാണ് ഫോര്‍ദോയില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്ക വിക്ഷേപിച്ചത്. ലോകത്ത് അമേരിക്കയ്ക്കു മാത്രം അവകാശപ്പടാന്‍ കഴിയുന്ന മിന്നല്‍ വേഗമുള്ള, ഭൂമിയില്‍നിന്ന് കിലോമീറ്ററുകള്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ബി-2 ബോംബറുകള്‍ കൊണ്ടുള്ള നീക്കങ്ങള്‍ എത്രകാലമെന്ന ചോദ്യമാണ് ഉയരുന്നത്. ചൈനയും സമാന വിമാനത്തിന്റെ പിന്നണിയിലാണെന്നാണ് അടുത്തിടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
മേയ് 14ന് സിന്‍ജിയാംഗിലെ മാലാനിനടുത്തുള്ള രഹസ്യ പരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങളാണ് ഈ അഭ്യൂഹം വര്‍ധിപ്പിക്കുന്നതെന്നു ‘ദി വാര്‍ സോണ്‍’ റിപ്പോര്‍ട്ട് ചെയ്തു. രഹസ്യ പരീക്ഷണ കേന്ദ്രത്തില്‍നിന്ന് പുറത്തുവരുന്ന കൂറ്റന്‍ ചിറകുള്ള വിമാനമാണ് അമേരിക്കയുടെ സാങ്കേതികവിദ്യ ചൈനയും നടപ്പാക്കുന്നെന്ന സൂചന നല്‍കുന്നത്. ഡ്രോണുകളോടു സാമ്യമുള്ള, ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന വിമാനമാണ് ഹാംഗറുകള്‍ക്കു (വിമാന ഷെഡ്) പുറത്തു കാണപ്പെട്ടത്. എച്ച് 20 ബോംബര്‍, ജെ 36 യുദ്ധ വിമാനങ്ങളുടെ അടുത്തഘട്ടമെന്ന നിലയിലുള്ള ചൈനയുടെ വമ്പന്‍ പദ്ധതിയാണിതെന്നും വിലയിരുത്തുന്നു. അമേരിക്കയുടെ ബി2 വിമാനങ്ങളുമായി അടുത്തു നില്‍ക്കുന്ന രൂപവും ചിറകുകള്‍ക്ക് 52 മീറ്റര്‍ (ഏകദേശം 170 അടി) വിസ്തീര്‍ണവുമുണ്ടെന്നാണു കരുതുന്നത്. ചൈനയുടെ ഏറ്റവും രഹസ്യാത്മകത നിലനില്‍ക്കുന്ന എയര്‍ബേസുകളിലൊന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന പ്ലാനറ്റ് ലാബിന്റ ‘കണ്ണില്‍’ പതിഞ്ഞത്.

ഠ ചൈന ബി2 രഹസ്യങ്ങള്‍ മോഷ്ടിച്ചോ?
സ്‌റ്റെല്‍ത്ത് സാങ്കേതിക വിദ്യയില്‍ ചൈനയുടെ കുതിപ്പ് പൂര്‍ണമായും ആഭ്യന്തരമായിരിക്കില്ലെന്നാണു ചൂണ്ടിക്കാട്ടുന്നത്. 2005ല്‍ ബി2 വിന്റെ പ്രൊപ്പല്‍ഷനും സ്‌റ്റെല്‍ത്ത് സംവിധാനങ്ങള്‍ക്കും പിന്നിലെ പ്രധാന വ്യക്തികളില്‍ ഒരാളും പ്രതിരോധ കമ്പനിയായ നോര്‍ത്ത്‌റോപ്പിലെ മുന്‍ എന്‍ജിനീയറുമായ നോഷിര്‍ ഗൊവാഡിയ ചൈനയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും സാങ്കേതികവിദ്യ വിറ്റതിന് അറസ്റ്റിലായിരുന്നു.
മുംബൈയില്‍നിന്നുള്ള ഗൊവാഡിയ, 1960കളിലാണ് നോര്‍ത്ത്‌റോപ്പില്‍ ചേര്‍ന്നത്. ആരും കാണാതെ പറക്കാന്‍ കഴിയുന്ന ബി2വിന്റെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ ഗൊവാഡിയയ്ക്കു നിര്‍ണായക പങ്കുണ്ട്. 1986ല്‍ കമ്പനി വിട്ടതിനുശേഷം അദ്ദേഹം സ്വന്തമായി കണ്‍സള്‍ട്ടന്‍സി സ്ഥാപനം ആരംഭിച്ചു. എന്നാല്‍, 2004ല്‍ ഒരു ഫര്‍ണിച്ചര്‍ കണ്ടെയ്‌നറില്‍ അതീവ രഹസ്യമായ ഇന്‍ഫ്രാറെഡ്-സപ്രഷന്‍ രേഖകള്‍ കണ്ടെത്തിയതോടെ എഫ്ബിഐ അന്വേഷണം ആരംഭിച്ചു.
പിന്നീടു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ഗൊവാഡിയ 2003, 2004 കാലഘട്ടങ്ങളില്‍ ചൈനയിലേക്കു നിരവധി യാത്രകള്‍ നടത്തിയെന്നു കണ്ടെത്തി. ഇയാള്‍ വളരെ നിര്‍ണായകമായ സ്‌റ്റെല്‍ത്ത് സാങ്കേതികവിദ്യ 110,000 ഡോളറിനു കൈമാറിയെന്നുമാണു പറയുന്നത്. ഇയാളുടെ മൗയിയിലുള്ള വീട് റെയ്ഡ് ചെയ്ത എഫ്ബിഐ രേഖകളും ഇലക്‌ട്രോണിക് സംവിധാനങ്ങളും ഉള്‍പ്പെടെ രേഖകള്‍ കണ്ടെത്തി.
നോര്‍ത്ത് റോപ്പില്‍ ഇയാള്‍ രണ്ടു പതിറ്റാണ്ടോളം സേവനം അനുഷ്ഠിച്ചെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവിടെ തലമുറകള്‍ മറികടക്കുന്ന ഏറ്റവും സാങ്കേതികമായി മുന്നില്‍നില്‍ക്കുന്ന ബി2 സ്പിരിറ്റ് ബോംബറിനുള്ള സ്‌റ്റെല്‍ത്ത് പ്രോപ്പല്‍ഷന്‍ സിസ്റ്റം രൂപകല്‍പന ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോകത്തെ ഏറ്റവും വിപ്ലവാത്മകമായ സാങ്കേതിക വിദ്യകളിലൊന്നായിട്ടാണ് ഇതിനെ പരിഗണിക്കുന്നത്. ഉയര്‍ന്ന സുരക്ഷാ ക്ലിയറര്‍ ഉണ്ടായിരുന്ന ഇയാള്‍, സര്‍വകലാശാലകളില്‍ എയറോനോട്ടിക്കല്‍ സാങ്കേതിക വിദ്യകളെക്കുറിച്ചു പഠിപ്പിക്കുകയും ചെയ്തിരുന്നു.
അറസ്റ്റിലായതിനു പിന്നാലെ ഗൊവാഡിയ കുറ്റം നിഷേധിച്ചെങ്കിലും പിന്നീടു സമ്മതിച്ചു. ‘പീപ്പിള്‍സ് റിപ്പബ്ലിക്കിനെ ക്രൂയിസ് മിസൈല്‍ നിര്‍മിക്കാന്‍ സഹായിച്ചതു താനാണെന്നും ചെയ്തതു ചാരവൃത്തിയും രാജ്യദ്രോഹവുമാണെ’ന്നും ഇയാള്‍ രേഖാമൂലം എഴുതി നല്‍കി. 2010ല്‍ ആയുധ കയറ്റുമതി നിരോധന നിയമം, ചാരവൃത്തി നിരോധന നിയമം എന്നിവയനുസരിച്ച് ഇയാളെ 14 വര്‍ഷത്തേക്കു ശിക്ഷിച്ചു. 2011ല്‍ 32 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഇയാളിപ്പോള്‍ കൊളറാഡോയിലെ ഫ്‌ളോറന്‍സിലുള് സൂപ്പര്‍മാക്‌സ് ജയിലില്‍ തടവിലാണ്.
എന്നാല്‍, ഇദ്ദേഹത്തിന്റെ മകന്‍ ആഷ്ടന്‍ ഗൊവാഡിയ പിതാവ് നിരപരാധിയാണെന്ന നിലപാടിലാണ് ഇപ്പോഴും. നിര്‍ണായക വിവരങ്ങള്‍ ജൂറിയില്‍നിന്നു മറച്ചുവച്ചെന്നും എഫ്ബിഐ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചെന്നും ആഷ്ടന്‍ പറഞ്ഞു. എന്നാല്‍, പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ ഈ വാദങ്ങള്‍ പൂര്‍ണമായി സാധൂകരിക്കുന്നില്ല. ഇന്നു ബി2 വിമാനത്തിന് എതിരാളിയായേക്കാവുന്ന സ്‌റ്റെല്‍ത്ത് ബോംബറിനെ വിന്യസിക്കുന്നതിനോട് അടുത്തു നില്‍ക്കുകയാണു ചൈനയെന്നും ചൂണ്ടിക്കാട്ടുന്നു.
സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിച്ചാല്‍ ബി2 വിനോട് ഏറെ അടുത്തുനില്‍ക്കുന്ന ഡിസൈനാണു വിമാനത്തിനുള്ളത്. ചിറകിന്റെ അറ്റങ്ങള്‍ ബി2 വിനോടു സമാനമായ രീതിയിലാണു നിര്‍മിച്ചിട്ടുള്ളത്. കോക്ക്പിറ്റ് അല്ലെങ്കില്‍ മനുഷ്യര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ആന്തരിക വ്യാപ്തിയും ഉണ്ടെന്നാണു കരുതുന്നത്. തല മുതല്‍ വാല്‍വരെ 46 അടി നീളവുമുണ്ട്. ഇത് ബി 21 വിമാനങ്ങളെക്കാള്‍ മികച്ചതാണെന്നും പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.