Breaking NewsIndiaLead NewsNEWSNewsthen SpecialWorld

‘ഖമേനിയെ തള്ളിപ്പയൂ, അല്ലെങ്കില്‍ മരണം വരിക്കാന്‍ തയാറാകൂ, നിങ്ങളുടെ തൊട്ടടുത്ത് ഞങ്ങളുണ്ട്’; ആക്രമണത്തിനു മുമ്പേ ഇറാന്‍ സൈനിക ജനറല്‍മാരെ ഇസ്രയേല്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വാദം ബലപ്പെടുത്തി വെളിപ്പെടുത്തല്‍

ഇറാന്റെ സൈന്യത്തില്‍ ഭിന്നിപ്പുണ്ടാക്കാനും ഭയം ജനിപ്പിക്കാനും മാനസികമായി തകര്‍ക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ഇസ്രയേലി ചാരന്‍മാര്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു

ടെല്‍അവീവ്: ഇറാന്‍ സൈനിക ജനറല്‍മാരെ വധിക്കുമെന്ന് ഈ മാസം ആദ്യം തന്നെ ഇസ്രയേല്‍ ഭീഷണി മുഴക്കിയിരുന്നെന്നു തെളിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. ഇറാന്‍ ഭരണകൂടത്തെയും ഖമേനിയുടെ അധികാരത്തെയും തള്ളിപ്പറഞ്ഞ് വിഡിയോ ചിത്രീകരിച്ച് നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്നായിരുന്നു ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ഭീഷണി. ഇറാന്റെ ആണവ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ജൂണ്‍ 13ന് ഇസ്രയേല്‍ നടത്തിയ ഓപറേഷന്‍ റൈസിംഗ് ലയണിന് മുന്നോടിയായാണ് മുന്നറിയിപ്പുണ്ടായതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാനും സൈന്യത്തില്‍ പിളര്‍പ്പുണ്ടാക്കാനും ഇസ്രയേല്‍ ശ്രമിച്ചുവെന്ന വാദങ്ങളെ ബലപ്പെടുത്തുന്നതാണ് പുറത്തുവന്ന ശബ്ദ സന്ദേശം.

‘ഭാര്യയും കുഞ്ഞുമായി രക്ഷപെടാന്‍ 12 മണിക്കൂര്‍ തരാം. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ ഹിറ്റ്‌ലിസ്റ്റല്‍പ്പെടും എന്നാണ് ഉന്നത സൈനികോദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് ലഭിച്ച സന്ദേശം. ഇരുപതോളം ഫോണ്‍ വിളികളാണ് ഇസ്രയേല്‍ ചാരന്‍മാര്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. നിങ്ങളുടെ തൊട്ടടുത്ത് തന്നെ ഞങ്ങളുണ്ടെന്നും ദൈവം രക്ഷിക്കട്ടെയെന്നും ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. ‘ശ്രദ്ധിച്ച് കേള്‍ക്കൂ… രണ്ട് മണിക്കൂര്‍ മുന്‍പ് ബഗേരിയെയും ഹുസൈന്‍ സലാമിയെയും ഒന്നിന് പുറകെ ഒന്നായി നരകത്തിലേക്ക് അയച്ച അതേ രാജ്യത്തു നിന്നാണ് ഞാന്‍ വിളിക്കുന്നത്. നിങ്ങള്‍ക്ക് അവരില്‍ ഒരാളാകണോ? ആ പട്ടികയിലെ അടുത്ത പേരുകാരന്‍ ആകണോ? ഒപ്പം ഭാര്യയുടെയും കുഞ്ഞിന്റെയും ജീവന്‍ കൂടി അപകടത്തിലാക്കണോ? വേണ്ടല്ലോ?’ എന്ന് ചോദിച്ച് നിര്‍ത്തുന്നു.. ‘എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? എന്ത് ചെയ്യണമെന്നാണ് പറഞ്ഞുവരുന്നത്’ എന്ന് ഇറാന്‍ സൈനിക ജനറല്‍ ചോദിച്ചതും ‘ഇറാന്റെ ഭരണകൂടത്തെ തള്ളിപ്പറഞ്ഞ് വിഡിയോ ചിത്രീകരിച്ച ശേഷം ടെലഗ്രാമില്‍ അയച്ച് നല്‍കണ’മെന്നാണ് മറുപടി ലഭിച്ചത്. അതേസമയം, ഈ വിഡിയോ ചിത്രീകരിച്ച് നല്‍കിയോ എന്നതില്‍ വ്യക്തതയില്ല.

Signature-ad

ഇറാന്റെ വിവിധ ശ്രേണികളിലുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഇസ്രയേലില്‍ നിന്നും പലതരം ഭീഷണികള്‍ നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇറാന്റെ ഭരണകൂടത്തെ തകര്‍ക്കുന്നതിനായി ബാഹ്യശക്തികള്‍ ശ്രമിക്കുന്നതായാണ് ആരോപണം ഉയര്‍ന്നിരുന്നത്. ഇറാന്റെ സൈന്യത്തില്‍ ഭിന്നിപ്പുണ്ടാക്കാനും ഭയം ജനിപ്പിക്കാനും മാനസികമായി തകര്‍ക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ഇസ്രയേലി ചാരന്‍മാര്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.

ഫോണ്‍ സന്ദേശങ്ങള്‍ക്ക് പുറമെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ അജ്ഞാത കത്തുകള്‍ നിക്ഷേപിച്ചും കുടുംബാംഗങ്ങളുടെ ഫോണുകളിലേക്ക് ഭീഷണി സന്ദേശമയച്ചുമെല്ലാം ചാരന്‍മാര്‍ ശ്രമം തുടര്‍ന്നെന്നാണു കണ്ടെത്തല്‍. സൈനികരെ മാനസിക സമ്മര്‍ദത്തിലാക്കുകയെന്നത് ഇസ്രയേല്‍ തന്ത്രമായിരുന്നുവെന്നും ഇതിനായി ഇറാനില്‍ തന്നെയുള്ള ഇസ്രയേലി ചാരന്‍മാര്‍ അഹോരാത്രം പ്രയത്‌നിച്ചുവെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

 

Back to top button
error: