നിലമ്പൂര്‍ പാഠമായി; സമഗ്രമായ അഴിച്ചുപണിക്ക് സര്‍ക്കാര്‍; പ്രകടനം മോശമായ മന്ത്രിമാരെ മാറ്റും? എ.കെ. ശശീന്ദ്രന്‍ തെറിക്കും; വനംവകുപ്പ് സിപിഎം ഏറ്റെടുത്തേക്കും; കേരള കോണ്‍ഗ്രസിന് നല്‍കാനും ആലോചന; കെ.കെ. ശൈലജയും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നു സൂചന. കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിലൂടെ അന്‍വറിന്റെ കൈയില്‍നിന്നു പാര്‍ട്ടി ഘടകങ്ങളുടെ നിയന്ത്രണം പൂര്‍ണമായും സിപിഎമ്മിന്റെ കൈകളിലേക്ക് എത്തിയെങ്കിലും ഭരണവിരുദ്ധ വികാരമെന്ന പ്രചാരണം തണുപ്പിക്കാന്‍ സമഗ്രമായ മാറ്റം ആവശ്യമാണെന്നാണു ചൂണ്ടിക്കാട്ടുന്നത്.
ഭരണവിരുദ്ധ വികാരവും തോല്‍വിക്കു കാരണമായെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. ഇക്കാര്യം സിപിഎം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പരോക്ഷമായി സമ്മതിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ തിരുത്തലുണ്ടാകുമെന്ന് ഇരുവരും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയിലടക്കം അഴിച്ചുപണിയുമായി മുന്നോട്ടുപോകാന്‍ ആലോചന നടക്കുന്നത്.

തെരഞ്ഞെടുപ്പ് അവലോകനത്തിനുള്ള എല്‍ഡിഎഫ് യോഗത്തിനുശേഷമാകും തീരുമാനമെങ്കിലും വനംവകുപ്പ് മന്ത്രിയെയടക്കം മാറ്റുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. വനംവകുപ്പ് സിപിഎം ഏറ്റെടുക്കാനോ കേരള കോണ്‍ഗ്രസിനു കൈമാറാനോ ആലോചനയുണ്ട്. പ്രകടനം മോശമാക്കുന്ന സിപിഎം മന്ത്രിമാരിലും മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്.
കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലും ഭരണത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിമാരുടെ പ്രകടനമാണ് ഏറ്റവുംകൂടുതല്‍ വിലയിരുത്തിയത്. വനംവകുപ്പും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. പ്രതിപക്ഷത്തിനു പുറമേ, എല്‍ഡിഎഫില്‍നിന്നുപോലും പരസ്യ പ്രതികരണങ്ങള്‍ ഉയര്‍ന്നു. വനംമന്ത്രി എ.കെ. ശശീന്ദ്രനെതിരേ സിപിഐ, കേരള കോണ്‍ഗ്രസ് എം എന്നിവരും വിമര്‍ശനമുന്നയിച്ചു. മലയോര മേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസിനു പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടേണ്ടിവന്നു.
എന്നാല്‍, മന്ത്രിസ്ഥാനത്തു തുടരുന്ന കാര്യത്തില്‍ പിണറായി വിജയന്‍ തീരുമാനമെടുത്തിരുന്നില്ല. നിലമ്പൂരില്‍ വോട്ടു ചോര്‍ച്ചയുടെ പ്രധാന കാരണം വനംമന്ത്രി ഉത്തരവാദിത്വമില്ലാതെ പ്രതികരിച്ചതാണെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു. സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ മന്ത്രിയുടെ വിവാദ പ്രസ്താവനകള്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. കുട്ടിയുടെ വീടു സന്ദര്‍ശിക്കാന്‍പോലും മന്ത്രി മെനക്കെട്ടില്ല. മന്ത്രിയെത്തുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് വീടു സന്ദര്‍ശിക്കുന്നതില്‍നിന്നു പിന്നോട്ടടിച്ചത്.
സിപിഎം സൈബര്‍ ഇടങ്ങളിലും ശശീന്ദ്രനെതിരേ വലിയ വിമര്‍ശനങ്ങളുയര്‍ന്നു. മന്ത്രിസഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്നോട്ടടിക്കുന്നത് വനംമന്ത്രിയാണെന്നായിരുന്നു വിമര്‍ശനം. വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ കാര്യങ്ങളില്‍പോലും മറ്റു മന്ത്രിമാര്‍ വിശദീകരണം നല്‍കുന്നതുപോലെ വ്യക്തമാക്കാന്‍ ശശീന്ദ്രന്‍ തയാറായില്ല. ഏറ്റവും നിഷ്‌ക്രിയമായി പ്രവര്‍ത്തിക്കുന്ന വകുപ്പായി അതു മാറിയെന്നും വിമര്‍ശനമുയര്‍ന്നു. സംസ്ഥാനത്തിന്റെ ഏതാണ്ടെല്ലാ ജില്ലകളിലും വന്യജീവി പ്രശ്‌നം രൂക്ഷമാണ്. ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ കൃഷിയും വന്യജീവി ആക്രമണങ്ങളില്‍ പ്രതിസന്ധിയിലായിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെ പഴിച്ചുകൊണ്ടുള്ള മുന്നോട്ടുപോക്ക് പ്രശ്‌നത്തിനു പരിഹാമാകില്ലെന്ന തിരിച്ചറിവിലും എല്‍ഡിഎഫ് എത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് പദവി സിപിഎം ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. കെ.കെ. ശൈലജയെ മന്ത്രി പദവിയിലേക്കു തിരിച്ചെത്തിക്കാനും ആലോചനയുണ്ട. സ്പീക്കര്‍ സ്ഥാനത്തേക്കു പരിഗണിച്ച് എ.എം. ഷംസീറിനു മന്ത്രി പദവി നല്‍കുകയും പരിഗണിക്കുന്നു. സിപിഐയുടെ വകുപ്പുകളില്‍ സിപിഎം മന്ത്രിമാര്‍ പിടിമുറുക്കുന്നെന്ന പരാതി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും വിമര്‍ശനമുയര്‍ന്നു.കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കു ധനവകുപ്പ് വിലങ്ങിടുന്നെന്നാണ് പ്രധാന പരാതി.
നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍കണ്ട് ക്ഷേമ പദ്ധതികള്‍ ഊര്‍ജിതമാക്കണമെന്നും കാര്‍ഷിക മേഖലയില്‍ പദ്ധതികള്‍ നടപ്പാക്കണമെന്നും ആവശ്യമുണ്ട്. കര്‍ഷകര്‍ക്കു നെല്ലിന്റെ വില കിട്ടാതിരുന്നത് എല്ലാ മേഖലകളിലും വലിയ പ്രചാരണമായിരുന്നു. വികസനത്തിനൊപ്പം പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ചും എല്‍ഡിഎഫ് ആലോചിക്കുന്നുണ്ട്.
എന്നാല്‍, തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാടു കൃത്യമാണെന്നാണു എല്‍ഡിഎഫ് വിലയിരുത്തല്‍. മതവര്‍ഗീയ വാദികളെ തള്ളിപ്പറയുന്നതിലൂടെ ന്യൂനപക്ഷ പ്രീണനമെന്ന ആരോപണങ്ങളില്‍നിന്ന് തലയൂരാന്‍ കഴിഞ്ഞിട്ടുണ്ട്. അതുപോലെ പലസ്തീന്‍, വഖഫ് വിഷയങ്ങളില്‍ വിശ്വാസമാര്‍ജിക്കാനും കഴിഞ്ഞു. വഖഫ് വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടാണ് കൃത്യമമെന്നു മുനമ്പം സമര സമിതിക്കും സമ്മതിക്കേണ്ടിവന്നിട്ടുണ്ടെന്നാണ് സിപിഎം വിലയിരുത്തുന്നത്.
മുനമ്പം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിലൂടെ കത്തോലിക്കാ സഭയുടെ അകല്‍ച്ചയും പരിഹരിക്കാമെന്നു കരുതുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് യുഡിഎഫിന്റെ ഭാഗമായ മുസ്ലിം വിഭാഗങ്ങള്‍ക്കും അധികം എതിര്‍ക്കാന്‍ കഴിയില്ല. ലൈഫ് പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുക, തകര്‍ന്നു കിടക്കുന്ന റോഡുകള്‍ നന്നാക്കുക, പ്രതിപക്ഷം ഉന്നയിക്കുന്ന ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും പരിഹാരം നിര്‍ദേശിക്കുമെന്നാണു കരുതുന്നത്.