അമേരിക്കന്‍ ആക്രമണം: ഫോര്‍ദോ ആണവ നിലയത്തില്‍ ആറു വന്‍ ഗര്‍ത്തങ്ങളെന്ന് ഉപഗ്രഹ ചിത്രങ്ങള്‍; നീക്കം മുന്നില്‍കണ്ട് വെള്ളിയാഴ്ചയോടെ മുഴുവന്‍ യുറേനിയവും ഇറാന്‍ മാറ്റിയെന്നും സൂചന; രണ്ടു ദിവസങ്ങളില്‍ അസാധാരണ വാഹന പ്രവാഹം; ഒരുമുഴം മുമ്പേ നീങ്ങിയെന്ന് സൂചന നല്‍കി ഇറാനിയന്‍ വിദഗ്ധരും
വ്യാഴം, വെള്ളി ദിവസങ്ങളിലായി നിരവധി വാഹനങ്ങള്‍ നിലയത്തിനു പുറത്ത് നിര്‍ത്തിട്ടിരിക്കുന്നത് മാക്‌സാര്‍ ടെക്‌നോളജീസ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമാണ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ആക്രമണത്തില്‍ ഇറാനിലെ ഫോര്‍ദോ ന്യൂക്ലിയര്‍ പ്ലാന്റില്‍ വന്‍ നാശമെന്നു സൂചന നല്‍കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. ഗുരുതരമായ നാശമോ പൂര്‍ണനാശമോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ വിദഗ്ധരായവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
അമേരിക്ക അവകാശപ്പെടുന്നതുപോലെയൊരു ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ നിലയത്തിന്റെ പ്രവര്‍ത്തനം താറുമാറാകാന്‍ സാധ്യതയുണ്ടെന്നു മുന്‍ യുഎന്‍ ന്യൂക്ലിയര്‍ ഇന്‍സ്‌പെക്ടറും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ഇന്റേണല്‍ സെക്യൂരിറ്റി മേധാവിയുമായ ഡേവിഡ് ആല്‍ബ്രൈറ്റ് പറഞ്ഞു. മാസീവ് ഓര്‍ഡന്‍സ് പെനിട്രേറ്റര്‍ (എംഒപി) ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഇവിടെ ഇട്ടത്. എന്നാല്‍ എത്രത്തോളം ആഴത്തില്‍ സ്‌ഫോടനങ്ങള്‍ സംഭവിച്ചെന്നു വ്യക്തമാകണമെങ്കില്‍ ഇനിയും കാത്തിരിക്കണമെന്നു സാറ്റലൈറ്റ് ചിത്രങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ വിദഗ്ധനും സിഎന്‍എ കോര്‍പറേഷനില്‍ അസോസിയേറ്റ് ഗവേഷകനുമായ ഡെക്കര്‍ എവലത്ത് പറഞ്ഞു.

നൂറുകണക്കിനു സെന്‍ട്രിഫ്യൂജുകള്‍ വളരെ ആഴത്തിലാണ് സ്ഥാപിച്ചിരുന്നത്. ഇത് സാറ്റലൈറ്റ് ചിത്രങ്ങള്‍കൊണ്ടു വിശകലനം ചെയ്യുക എളുപ്പമാകില്ല. ആറു വന്‍ ഗര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചിത്രത്തില്‍ വ്യക്തമാണ്. പൊടിപടലങ്ങള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ കൂടുതല്‍ നിഗമനങ്ങളിലേക്ക് എത്താന്‍ കഴിയില്ല.
ഇറാന്റെ ആണവ പദ്ധതികള്‍ നിര്‍ത്തിവയ്പിക്കുന്നതിനു മാത്രമാണ് ആക്രമണമെന്നാണ് ഇസ്രയേലിന്റെയും അമേരിക്കയുടെയും വാദം. നിലയത്തിലെ ഉപകരണങ്ങള്‍ നശിപ്പിച്ചിട്ടില്ലെങ്കില്‍ ഇറാനു വേഗത്തില്‍ പദ്ധതി പുനരാരംഭിക്കാന്‍ കഴിയും. 2003ല്‍ പദ്ധതി അവസാനിപ്പിച്ചെന്ന നിഗമനത്തില്‍ അമേരിക്ക എത്തിയിരുന്നു എന്നതും ഇക്കൂട്ടത്തില്‍ ഓര്‍ക്കണം.
ഠ അസാധാരണ നീക്കങ്ങള്‍
ആണവായുധ നിര്‍മാണം സാധ്യമാകും വിധം സമ്പുഷ്ടീകരിച്ച യുറേനിയവും മറ്റു സംവിധാനങ്ങളും ഇറാന്‍ നേരത്തേതന്നെ അവിടെനിന്ന് അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ടെന്നാണ് നിരവധി വിദഗ്ധര്‍ പറയുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി നിരവധി വാഹനങ്ങള്‍ നിലയത്തിനു പുറത്ത് നിര്‍ത്തിട്ടിരിക്കുന്നത് മാക്‌സാര്‍ ടെക്‌നോളജീസ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമാണ്. 60 ശതമാനംവരെ സമ്പുഷ്ടീകരിച്ച ആണവായുധങ്ങള്‍ ഇവിടെനിന്ന് മാറ്റിയെന്ന് മുതിര്‍ന്ന ഇറാനിയന്‍ സോഴ്‌സ് വെളിപ്പെടുത്തിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
‘ഏതാനും വര്‍ഷത്തേക്ക് ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതി വൈകിപ്പിക്കാന്‍ മാത്രമാണ് ആക്രമണങ്ങള്‍ ഉപകരിച്ചതെന്നാണു കരുതുന്നതെന്നു’ മോണ്‍ടറിയിലെ മിഡില്‍ബറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ജെഫ്രി ലൂയിസ് പറഞ്ഞു. നമുക്കറിയാത്ത എത്രയൊക്കെ സൗകര്യങ്ങള്‍ വേറെയുണ്ടെന്നറിയാന്‍ കാത്തിരിക്കണം. അരിസോണ സെനറ്ററും ഇന്റലിജന്‍സ് കമ്മിറ്റി അംഗവുമായ മാര്‍ക്ക് കെല്ലിയും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ‘ഈ പരിപാടി ഇവര്‍ കൂടുതല്‍ രഹസ്യാത്മകമാക്കുമോ എന്നതാണ് തന്റെ പേടി’യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സിവിലിയന്‍ പദ്ധതികള്‍ക്കുവേണ്ടിയാണ് ആണവ സമ്പുഷ്ടീകരണമെന്നു പറയുമ്പോഴും ഐക്യരാഷ്ട്ര സഭയുടെ ആണവനിര്‍വ്യാപന കരാറില്‍നിന്ന് ഇറാന്‍ പുറത്തുപോയാല്‍ പിന്നെയവര്‍ എന്താണു ചെയ്യുന്നതെന്ന് ഔദ്യോഗികമായി പരിശോധിക്കാന്‍ ആര്‍ക്കും കഴിയില്ല.

ഠ ആറ് ഗര്‍ത്തങ്ങള്‍
മാക്‌സാര്‍ ചിത്രങ്ങളില്‍ ആറു വലിയ ഗര്‍ത്തങ്ങളാണുള്ളത്. ബി2 വിമാനങ്ങളില്‍നിന്ന് 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇട്ടെന്നാണ് അമേരിക്കയുടെ വിശദീകരണം. ഇതില്‍ ആറെണ്ണം ആദ്യവും പിന്നാലെ ഇവിടേക്കുതന്നെ ആറെണ്ണംകൂടി വിക്ഷേപിക്കാനാണു സാധ്യത. നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലും ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ ബോംബുകള്‍ ഇട്ടിട്ടുണ്ട്. ബോംബുകളുടെ എണ്ണം വ്യക്തമാണെങ്കില്‍ ഈ കണക്കുകള്‍ ശരിയാകാനും സാധ്യതയുണ്ട്.
അമേരിക്കന്‍ വിമാനങ്ങള്‍ ഇറാന്റെ അന്തരീക്ഷത്തില്‍ കടന്നതിനു പിന്നാലെ അന്തര്‍വാഹിനിയില്‍നിന്ന് ടോമാമഹോക്ക് ക്രൂയിസ് മിസൈലുകള്‍ നതാന്‍സിനെയും ഇസ്ഫഹാനെയും ലക്ഷ്യമിട്ടു പായിച്ചിരുന്നു. ഇതിനു പിന്നാലെ ഓരോ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍കൂടി ഇവിടെ പതിച്ചതോടെ നാശം പൂര്‍ണമായെന്നാണ് അമേരിക്കന്‍ വാദം. നേരത്തേ, ഇവിടെയുള്ള ഉപരിതല നിര്‍മിതികളില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തിയിരുന്നു. ഫോര്‍ദോയെക്കാള്‍ ആഴത്തിലാണ് ഇസ്ഫഹാനില്‍ യുറേനിയം സൂക്ഷിച്ചിരിക്കുന്നതെങ്കില്‍ അതു തകര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്നും വിദഗ്ധര്‍ പറയുന്നു.