കണ്ടതൊന്നുമല്ല ‘മിഡ്നൈറ്റ് ഹാമറി’ല്‍ സംഭവിച്ചത്; ഓപ്പറേഷനില്‍ പങ്കെടുത്തത് ആരുമറിയാതെ 18 മണിക്കൂര്‍ പറന്ന ഏഴ് ബി-2 സ്‌റ്റെല്‍ത്ത് അടക്കം 125 വിമാനങ്ങള്‍; ഗുവാമിയിലേക്ക് പറന്നത് ശ്രദ്ധ തിരിക്കാന്‍; തൊടുത്തത് 14 ബങ്കര്‍ ബസ്റ്ററുകള്‍; മുന്‍കുട്ടി അറിഞ്ഞത് ട്രംപിന്റെ അടുത്ത വൃത്തങ്ങള്‍ മാത്രം
ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടാലുള്ള തയാറെടുപ്പുകള്‍ മാസങ്ങള്‍ക്കുമുമ്പേ നടത്തി. തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതിനാല്‍ പശ്ചിമേഷ്യയിലെ സൈനിക സംവിധാനങ്ങള്‍ പലയിടത്തേക്കു മാറ്റിയിട്ടുണ്ട്. ഇവിടങ്ങളില്‍ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്

വാഷിംഗ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക നടത്തിയ ബോംബ് ആക്രമണത്തിനു മുന്നോടിയായി ബി-2 വിമാനങ്ങള്‍ പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, ഇതൊന്നുമായിരുന്നില്ല അണിയറയില്‍ നടന്നതെന്നും ‘മിഡ് നൈറ്റ് ഹാമറി’ല്‍ പങ്കെടുത്തത് മറ്റുചില ബി2 ബോംബറുകളായിരുന്നെന്നും യുഎസ് മിലിട്ടറി.
ശനിയാഴ്ച ഓപ്പറേഷന്‍ ‘മിഡ്‌നൈറ്റ് ഹാമര്‍’ ആരംഭിച്ചപ്പോള്‍, മിസോറിയിലെ അവരുടെ താവളത്തില്‍ നിന്ന് ബി-2 ബോംബര്‍ വിമാനങ്ങളുടെ ഒരു സംഘം പറന്നുയര്‍ന്ന് പസഫിക് ദ്വീപായ ഗുവാമിലേക്ക് നീങ്ങിയിരുന്നു. ഇറാനെ ആക്രമിക്കാനുള്ള ഏതൊരു യുഎസ് വിമാനത്തിന്റെയും മുന്‍കൂര്‍ സ്ഥാനം നിര്‍ണയിക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ കരുതി. എന്നാല്‍, എല്ലാവരെയും കബളിപ്പിക്കാനുള്ള നീക്കം മാത്രമായിരുന്നു ഇതെന്നും ഏഴ് ബാറ്റ് വിംഗ്ഡ് ബി2 സ്റ്റെല്‍ത്ത് വിമാനങ്ങളുടെ യഥാര്‍ഥ സംഘം ആരുമറിയാതെ 18 മണിക്കൂര്‍ പറന്നാണ് ആക്രമണം പൂര്‍ത്തിയാക്കിയതെന്നും സൈന്യം വ്യക്തമാക്കി. പറക്കലിനിടെ കമ്യൂണിക്കേഷനുകള്‍ പരമാവധി കുറച്ചു. ഇടയ്ക്കു വായുവില്‍ ഇന്ധനവും നിറച്ചു.

ബോംബര്‍ വിമാനങ്ങള്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിക്ക് അടുത്തെത്തിയപ്പോള്‍, യുഎസ് അന്തര്‍വാഹിനി രണ്ട് ഡസനിലധികം ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍ കരയിലേക്കു വിക്ഷേപിച്ചു. ഇറാനിയന്‍ യുദ്ധവിമാനങ്ങളെയും മിസൈലുകളെയും കണ്ടെത്താന്‍ യുഎസ് യുദ്ധവിമാനങ്ങള്‍ ബോംബര്‍ വിമാനങ്ങള്‍ക്കു മുമ്പേ പറന്നെന്നും യുഎസ് എയര്‍ഫോഴ്സ് വ്യക്തമാക്കി.
ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ നടന്ന ആക്രമണം ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്നാണ്. ഇതുവരെ പറന്നതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ബി-2 ഓപ്പറേഷനും ഇതാണ്. 2001 സെപ്റ്റംബര്‍ 11നു അല്‍-ഖ്വയ്ദ അമേരിക്കയില്‍ നടത്തിയ ആക്രമണത്തിനു ശേഷം നടത്തിയതാണ് ആദ്യത്തേത്.
1400 കിലോഗ്രാം ഭാരമുള്ള 14 ബങ്കര്‍ ബസ്റ്റര്‍ ജിബിയു 57 മാസീവ് ഓര്‍ഡനന്‍സ് പെനിട്രേറ്ററുകളാണ് ഇറാനില്‍ നിക്ഷേപിച്ചതെന്നും 125 അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ഓപ്പറേഷന്റെ ഭാഗമായെന്നും പെന്റഗണ്‍ പറഞ്ഞു.
ഓപ്പറേഷന്‍ തന്ത്രപരമായ വിജയമായിരുന്നെന്നും വിമാനങ്ങളില്‍നിന്നുള്ള ആക്രമണങ്ങളില്‍ ഒന്നുപോലും പിഴച്ചില്ലെന്നും അവകാശപ്പെടുന്നു. ഇറാനു സ്തബ്ധരായി നില്‍ക്കാന്‍ മാത്രമാണു കഴിഞ്ഞതെന്നും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു. ഇറാന്റെ ഫൈറ്റര്‍ ജെറ്റുകളില്‍ ഒന്നുപോലും പറന്നില്ല. വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ക്കും ബി 2 വിമാനങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ലക്ഷ്യമിട്ട മൂന്നു കേന്ദ്രങ്ങളില്‍ ഗുരുതരമായ നാശമുണ്ടാക്കിയെന്നാണു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ഇറാന്റെ ആണവശേഷി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നു വ്യക്തമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
ഇറാന്റെ ആണവ പദ്ധതി തകര്‍ത്തെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. വാഷിംഗ്ടണില്‍ വളരെക്കുറച്ച് ആളുകള്‍ക്കു മാത്രമാണ് ഓപ്പറേഷനെക്കുറിച്ച് അറിയാമായിരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയയിലെ ആദ്യ പോസ്റ്റില്‍ നിന്നാണു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പോലും അറിഞ്ഞത്. ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടാലുള്ള തയാറെടുപ്പുകള്‍ മാസങ്ങള്‍ക്കുമുമ്പേ നടത്തി. തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതിനാല്‍ പശ്ചിമേഷ്യയിലെ സൈനിക സംവിധാനങ്ങള്‍ പലയിടത്തേക്കു മാറ്റിയിട്ടുണ്ട്. ഇവിടങ്ങളില്‍ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.
മിഡില്‍ ഈസ്റ്റില്‍ സ്വയം പ്രതിരോധിക്കാന്‍ യുഎസ് സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇറാന്‍ പ്രതികാര ഭീഷണികളുമായി മുന്നോട്ട് പോയാല്‍ തിരിച്ചടിക്കുമെന്നും ഹെഗ്‌സെത്ത് പറഞ്ഞു. ഇറാനുമായി വിശാലമായ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. ചര്‍ച്ചകള്‍ക്ക് പ്രോത്സാഹിപ്പിച്ച് ടെഹ്‌റാനിലേക്ക് സ്വകാര്യ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നും ഹെഗ്‌സെത്ത് പറഞ്ഞു.