ഖമേനിയുടെ ഒളിയിടം വെളിപ്പെടുത്തി ഇറാനിയന്‍ വിമത മാധ്യമം; കുടുംബത്തിനൊപ്പം വടക്കുകിഴക്കന്‍ ടെഹ്‌റാനിലെ ലാവിസാനിലെ ബങ്കറില്‍ അഭയംതേടി; ഇലക്‌ട്രോണിക് ഉപകരണങ്ങളെല്ലാം വിലക്കി; സൈനിക നേതൃത്വവുമായി ബന്ധപ്പെടുന്നത് ദൂതര്‍ മുഖാന്തിരം

ടെഹ്‌റാന്‍: പിന്‍ഗാമികളായി മകനുള്‍പ്പെടെ മൂന്ന് ഇസ്ലാമിക് നേതാക്കളെ പിന്‍ഗാമികളായി പ്രഖ്യാപിച്ച ഖമേനിയുടെ ഒളിയിടത്തെക്കുറിച്ചു സൂചന നല്‍കി ഇറാനിയന്‍ വിമത മാധ്യമമായ ഇറാന്‍ ഇന്റര്‍നാഷണല്‍. വെള്ളിയാഴ്ച ഇസ്രയേല്‍ ആക്രമണം ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പരമോന്നത നേതാവ് വടക്കുകിഴക്കന്‍ ടെഹ്ാനിലെ ലാവിസാനിലുള്ള ബങ്കറിലേക്കു മകനും കുടുംബത്തിനുമൊപ്പം മാറിയെന്നാണു റിപ്പോര്‍ട്ട്. ഖമേനിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണു റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഇറാന്‍ ഇന്റര്‍നാഷണല്‍ അവകാശപ്പെട്ടു. ഖമേനിയുടെ മകന്‍ മൊജ്തബ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

ഇതിനുമുമ്പ് ഇസ്രയേലിനെതിരേ ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-1’, ‘ട്രൂ പ്രോമിസ്- 2’ എന്നീ ഓപ്പറേഷനുകള്‍ നടത്തിയപ്പോഴും ഖമേനി ബങ്കറിലേക്കു മാറിയിരുന്നു. ഈ സമയം മൊജ്തബ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നെങ്കിലും മറ്റു രണ്ട് ആണ്‍ മക്കളായ മസൂദും മുസ്തഫയും ഒപ്പമില്ലായിരുന്നെന്നും പറയുന്നു. ഇസ്രായേലിനെതിരായ ഇറാന്റെ ആദ്യത്തെ നേരിട്ടുള്ള ആക്രമണമായ ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 1’, 2024 ഏപ്രില്‍ 13 ന് ആണു നടന്നത്. സൈനിക സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് 300 ലധികം മിസൈലുകളും ഡ്രോണുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഡമാസ്‌കസില്‍ രണ്ട് ഇറാനിയന്‍ ജനറല്‍മാരെ കൊലപ്പെടുത്തിയതിന് പ്രതികാരമായിരുന്നു ആക്രമണം. 2024 ഒക്ടോബര്‍ ഒന്നിന് ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 2 തുടര്‍ന്നു. മുന്‍ ഹിസ്ബുള്ള മേധാവി ഹസന്‍ നസ്രല്ല ഉള്‍പ്പെടെയുള്ള ഇറാന്‍ അനുകൂല തീവ്രവാദ നേതാക്കളെ വധിച്ചതിന് മറുപടിയായി ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഏകദേശം 200 മിസൈലുകളാണ് അയച്ചത്.
The Israeli military says its air force has struck three F-14 fighter jets belonging to the Iranian Armed Forces in central Iran.
“IAF fighter jets are currently striking military infrastructure in central Iran,” the IDF added. pic.twitter.com/DkjHTiU9Zc— Iran International English (@IranIntl_En) June 21, 2025
ഠ ഖമേനിക്ക് മുന്നറിയിപ്പ്
കഴിഞ്ഞ ഞായറാഴ്ചയാണ് ഇസ്രയേലില്‍നിന്ന് 2300 കിലോമീറ്റര്‍ അകലെയുള്ള മഷ്ഹദ് നഗരം ആക്രമിച്ചത്. ഇതു ഖമേനിക്കുള്ള മുന്നറിയിപ്പായിരുന്നെന്നും രാജ്യത്ത് ഒരിടത്തും സുരക്ഷിതനല്ലെന്ന സൂചനയായിരുന്നെന്നും പശ്ചിമേഷ്യയിലെ ഒരു നയതന്ത്രജ്ഞന്‍ പറഞ്ഞു. ഓപ്പറേഷന്‍ തുടങ്ങി ആദ്യ രാത്രിയില്‍തന്നെ ഇസ്രയേലിന് ഖമേനിയെ ഇല്ലാതാക്കാമയിരുന്നു. എന്നാല്‍, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ യുറേനിയം സമ്പുഷ്ടീകരണ പരിപാടി പൂര്‍ണമായും പൊളിച്ചുമാറ്റുന്നതിനെക്കുറിച്ചു തീരുമാനിക്കാന്‍ അവസാന അവസരം നല്‍കുകയായിരുന്നു.
നേരത്തേ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഖമേനിക്കു രണ്ടുമാസം സമയപരിധി നല്‍കിയിരുന്നു. എന്നാല്‍, ഖമേനി മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു മുന്നോട്ടു പോകുകയായിരുന്നു. ഇസ്രയേലിന്റെ ആക്രമണം ഖമേനിക്കുള്ള രണ്ടാമത്തെ സൂചനയായിരുന്നു. പ്രധാന സൈനിക ജനറല്‍മാരെയും ഇന്റലിജന്‍സ് മേധാവികളെയും ശാസ്ത്രജ്ഞരെയും വധിച്ചത് യുറേനിയം സമ്പുഷ്ടീകരണത്തില്‍നിന്നു പിന്‍വാങ്ങണമെന്ന സൂചനയ്ക്കു തുല്യമായിരുന്നു.
മകനൊഴിച്ചുള്ള ഖമേനിയുടെ പിന്‍ഗാമികള്‍ ആരെന്നു കൃത്യമായി വ്യക്തമാക്കാത്തത് അവരും വധിക്കപ്പെട്ടേക്കാമെന്ന സൂചനയെത്തുടര്‍ന്നാണ്. സാധാരണ സാഹചര്യങ്ങളില്‍, അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാന്‍ മാസങ്ങള്‍ എടുക്കുമായിരുന്നു, എന്നാല്‍ തന്നെ ലക്ഷ്യം വച്ചാല്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ അത് വേഗത്തില്‍ സംഭവിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഖമേനി ശ്രദ്ധാലുവാണ്. ഇസ്ലാമിക നേതൃത്വം ഉള്‍പ്പെട്ട സമിതിക്കു മുന്നിലാണ് മൂന്നു പേരുകള്‍ നിര്‍ദേശിച്ചത്. ഖമേനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ മാത്രം ഇവരിലൊരാളെ തെരഞ്ഞെടുക്കും.
ഇസ്രയേല്‍ ആക്രമണങ്ങള്‍ കടുപ്പിച്ചിട്ടും നിലവിലുള്ള ഉദ്യോഗസ്ഥര്‍ ഖമേനിയുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നും അറിയിച്ചിട്ടില്ല. ഇപ്പോഴുള്ള മുതിര്‍ന്നവരോടെല്ലാം ബങ്കറുകളില്‍ തുടരാനും പുറത്തിറങ്ങിയാല്‍ ഇസ്രയേലിന്റെ ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്. സെല്‍ഫോണുകളടക്കം ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ നിരീക്ഷണത്തിലാണ്. ഖമേനി വിശ്വസ്തര്‍ മുഖാന്തിരം യുദ്ധമുഖത്തേക്കു നേരിട്ടാണു നിര്‍ദേശങ്ങള്‍ നല്‍കുന്നത്.
ഠ ഇറാന്‍ പ്രസിഡന്റുമായി രഹസ്യ കൂടിക്കാഴ്ചയ്ക്ക് ട്രംപ്
ഖമേനി ഒളിവില്‍ പോയതിനു പിന്നാലെ ഇറാന്‍ പ്രസിഡന്റ് മസൗദ് പെസെഷ്‌കിയാനുമായി തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ ഇസ്താബൂളില്‍ രഹസ്യ ചര്‍ച്ചയ്ക്കു വഴിയൊരുങ്ങിയെന്ന് എക്‌സ്‌ക്ലൂസീവ് വാര്‍ത്തയായി ‘ആക്‌സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു. അത്യാവശ്യമെങ്കില്‍ താന്‍ നേരിട്ടു ചര്‍ച്ചയ്‌ക്കെത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. ആണവോര്‍ജവുമായി ബന്ധപ്പെട്ട് നയതന്ത്രപരമായ പരിഹാരത്തില്‍ ട്രംപ് ഇപ്പോഴും വിശ്വസിക്കുന്നെന്നു വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നീക്കങ്ങളിലും പരാജയപ്പെടുന്നെങ്കില്‍ മാത്രമേ അമേരിക്ക നേരിട്ടുള്ള യുദ്ധത്തിലേക്കു കടക്കൂ.
കാനഡയില്‍ ജി-7 നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപിന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ ഫോണ്‍കോള്‍ ലഭിക്കുന്നത്. തുര്‍ക്കിയില്‍ ഈ ദിവസങ്ങളില്‍തന്നെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും എര്‍ദോഗന്‍ അറിയിച്ചു. യുഎസ് വൈസ് പ്രസിഡന്റ് വാന്‍സിനെയാണു ചുമതലപ്പെടുത്തിയതെങ്കിലും അവശ്യമെങ്കില്‍ നേരിട്ടെത്താമെന്നും ട്രംപ് ഉറപ്പു നല്‍കിയിട്ടുണ്ട്. എര്‍ദോഗന്റെ വിളിയെത്തുംമുമ്പ് പിന്‍വാതില്‍ ചര്‍ച്ചകള്‍ക്കു സന്നദ്ധമെന്നുകാട്ടി ഇറാനില്‍നിന്ന് സന്ദേശം ലഭിച്ചെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ആക്‌സിയോസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഠ വിശ്വസ്തര്‍ ഒന്നൊന്നായി വധിക്കപ്പെടുന്നു
വിശ്വസ്തര്‍ ഒന്നൊന്നായി ഇല്ലാതായതിനു പിന്നാലെ ഖമേനി അസാധാരണമായ ഏകാന്തതയിലാണെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രധാന സൈനിക, സുരക്ഷാ ഉപദേഷ്ടാക്കള്‍ കൊല്ലപ്പെട്ടു. എണ്‍പത്താറുകാരനായ ഖമേനിയുടെ ആന്തരിക വൃത്തങ്ങളിലുണ്ടാക്കിയ വിടവ് രൂക്ഷമാണെന്നും നയതന്ത്രപരമായി പിഴവുകള്‍ പറ്റാനുള്ള സാധ്യത കൂടുതലാണെന്നും ഖമേനിയുടെ തീരുമാനമെടുക്കല്‍ പ്രക്രിയകളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള അഞ്ചുപേര്‍ വെളിപ്പെടുത്തിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിലൊരാള്‍ ഖമേനിയുമായി പതിവു കൂടിക്കാഴ്ചകള്‍ നടത്തുന്നയാളാണെന്നും വാര്‍ത്താ ഏജന്‍സി അവകാശപ്പെടുന്നു. പ്രതിരോധം, ആഭ്യന്തര സ്ഥിരത എന്നീ വിഷയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ വലിയ പിഴവുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ സാഹചര്യം അങ്ങേയറ്റം അപകടകരമാണെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.
ഇറാന്റെ പരമോന്നത സൈന്യമായ റവല്യൂഷനറി ഗാര്‍ഡ്‌സിലെ ഖമേനിയുടെ വിശ്വസ്തരാണ് ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഇല്ലാതായത്. നയതന്ത്ര വിഷയങ്ങളില്‍ നിര്‍ണായക ഉപദേശങ്ങള്‍ നല്‍കിയിരുന്ന വിശ്വസ്തരും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു. ഗാര്‍ഡ്‌സിന്റെ പരമോന്നത നേതാവ് ഹൊസൈന്‍ സലാമി, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കു നേതൃത്വം നല്‍കിയ എയറോസ്‌പേസ് മേധാവി അമീര്‍ അലി ഹാജിസാദെ, ചാരപ്പണികളുടെ ആസൂത്രകന്‍ മുഹമ്മദ് കസെമി എന്നിവരടക്കം കൊല്ലപ്പെട്ടു. നാലുദിവസം മുമ്പ് നിയമിക്കപ്പെട്ട ആമിര്‍ ഹതാമിയും ഐആര്‍ജിസി ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ബെഹ്നാം ഷഹരിയായും സയീദ് ഇസാദിയും മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഏറ്റവുമൊടുവില്‍ കൊല്ലപ്പെട്ട രണ്ടുപേര്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരാണെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടു.
ഗാര്‍ഡ്‌സ് കമാന്‍ഡര്‍മാര്‍, പുരോഹിതര്‍, രാഷ്ട്രീയക്കാര്‍ എന്നിവരടങ്ങുന്ന ഇരുപതോളം ഉപദേശകര്‍ പരമോന്നത നേതാവിന്റെ അടുത്ത വൃത്തങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ ഖമേനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന മൂന്നുപേരെ ഇസ്രയേല്‍ വധിച്ചു. നിലവില്‍ ഖൊമേനിയുടെ കൂടിക്കാഴ്ചകളില്‍ ശക്തമായ ആശയക്കുഴപ്പം നിലനില്‍ക്കുന്നെന്നും മരിച്ചവരെല്ലാം ഇറാനോടും പരമോന്നത നേതാവിനോടും അചഞ്ചലമായ കൂറു കാട്ടിയിരുന്നവരായിരുന്നെന്നും സോഴ്‌സുകള്‍ വെളിപ്പെടുത്തി. ഖമേനിക്ക് ഒറ്റയ്ക്കു യുദ്ധരംഗത്തു തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ല. വിശ്വസ്തരുടെ ഉപദേശങ്ങള്‍ക്കനുസരിച്ചാണ് അദ്ദേഹം തീരുമാനങ്ങള്‍ എടുത്തിരുന്നത്. ചിറകുകള്‍ എല്ലാം ഇസ്രയേല്‍ അരിഞ്ഞുമാറ്റിയതും പുതുതായി നിയമിക്കപ്പെടാന്‍ സാധതയുള്ളവരെല്ലാം ഇസ്രയേലിന്റെ റഡാറിലാണെന്നതും ആശങ്ക ഇരട്ടിപ്പിക്കുന്നു.
ഠ ഖമേനിക്കൊപ്പമുള്ളവര്‍
അപ്പോഴും ഇതുവരെ ഇസ്രായേലിന് വധിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത വ്യക്തികള്‍ ഇപ്പോഴും ഖൊമേനിക്കൊപ്പമുണ്ട്. നിലവില്‍ ഖമേനിയുടെ മകന്‍ മോജ്തബ ഇരുപതു വര്‍ഷമായി റവല്യൂഷനറി ഗാര്‍ഡ്‌സിനെ നിയന്ത്രിക്കുന്നുണ്ട്. ഇറാന്റെ രാഷ്ട്രീയ, സുരക്ഷാ സംവിധാനങ്ങളിലും ഇദ്ദേഹത്തിനു നിര്‍ണായക സ്വാധീനമുണ്ട്. രാഷ്ട്രീയ- സുരക്ഷാ കാര്യങ്ങളുടെ ഡെപ്യൂട്ടി അലി അസ്ഗര്‍ ഹെജാസി, ഏറ്റവും ശക്തനായ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ കൂടിയാണ്. ഖമേനിയുടെ ഓഫീസ് മേധാവി മുഹമ്മദ് ഗോള്‍പയേഗാനി, മുന്‍ വിദേശകാര്യ മന്ത്രിയായ അലി അക്ബര്‍ വെലായതി, കമാല്‍ ഖരാസി, മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനി എന്നിവര്‍ ആണവ തര്‍ക്കം പോലുള്ള നയതന്ത്ര, ആഭ്യന്തര നയ വിഷയങ്ങളില്‍ വിശ്വസ്തരായി തുടരുന്നു.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ സാഹചര്യത്തെയാണ് ഖമേനി അഭിമുഖീകരിക്കുന്നത്. ഇറാന്റെ നേതൃത്വത്തിലുള്ള വിഖ്യാതമായ ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ തകര്‍ക്കാന്‍ ഇക്കാലത്തിനിടെ ഇസ്രയേലിനു കഴിഞ്ഞു. ഇത് ഖമേനിയെ കൂടതല്‍ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ഇറാന്‍ നേതാവുമായി വ്യക്തിപരമായി അടുപ്പമുള്ള ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രല്ല കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുകയും സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദിനെ ഡിസംബറില്‍ വിമതര്‍ അട്ടിമറിക്കുകയും ചെയ്തത് ഖമേനിയുടെ ചിറകരിയുന്നതിനു തുല്യമായിരുന്നു.