‘സതീശനിസം’ എന്നൊരു ഇസമില്ലെന്ന് ചെന്നിത്തല; തെരഞ്ഞെടുപ്പ് വിജയം കൂട്ടായ്മയുടേത്; ഷാഫിക്കും രാഹുലിനും പരോക്ഷ വിമര്‍ശനം

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിലെ യുവനേതാക്കളായ ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറെക്കൂടി ഗൗരവമായി വിലയിരുത്തുകയും കാണുകയും വേണം. തെരഞ്ഞെടുപ്പ് രംഗത്തുനില്‍ക്കുമ്പോള്‍ കൂറെക്കൂടി സൂക്ഷ്മത ആവശ്യമാണ്. നമ്മുടെ ചെറിയ ഒരുചലനം പോലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. അതുകൊണ്ട് യുവനേതാക്കള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ചെന്നിത്തല പറഞ്ഞു. ഷാഫി പറമ്പിലിന്റെയും രാഹുലിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം.
നിലമ്പൂരില്‍ ജയിച്ചാലും തോറ്റാലും പൂര്‍ണ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിന് എന്നൊരു വ്യാഖ്യാനം ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയം ഒരാളുടെ മാത്രം ഉത്തരവാദിത്വം അല്ല. പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും എല്ലാം പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പ് വിജയം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ആ വിജയത്തില്‍ എല്ലാവരും അവകാശികളാണ്. ഉമ്മന്‍ചാണ്ടിയും താനും പത്ത്, പതിനെട്ട് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരിടത്തും തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ല. നിലമ്പൂരിലെ വിജയം ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വിജയമായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടിയില്‍ സതീശനിസം എന്നൊരു ഇസമില്ലെന്നും ചെന്നിത്തല പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതുകൊണ്ട് അവരുടെ എല്ലാ നിലപാടുകളോടും യോജിക്കുന്നു എന്നൊരു അര്‍ഥമില്ല. നിലമ്പൂരില്‍ മറ്റൊരു തെരഞ്ഞെടുപ്പിലും ഇല്ലാത്ത വിധം മുസ്ലീം ലീഗ് താഴെ തട്ടില്‍ പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പാണിതെന്നും വിജയം ഉറപ്പാണെന്നും ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് പരിശോധനയ്ക്കിടെ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പൊലീസുകാരോട് പെരുമാറിയെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. അന്‍വറുമായി പാതിരാത്രി ചര്‍ച്ചയ്ക്ക് പോയ രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രവൃത്തിക്കെതിരെയും നേതാക്കള്‍ രംഗത്തെത്തിയിരുന്നു.