LIFENewsthen Special

സത്യനെ പ്രേംനസീര്‍ തല്ലിയപ്പോള്‍…

പ്രേംനസീര്‍ 100 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം മദ്രാസില്‍ നടക്കുന്നു. നടന്‍ സത്യനാണ് മുഖ്യാതിഥി. പതിവുപോലെ സംഘാടകര്‍ മുഖ്യാതിഥിയെ രണ്ട് വാക്ക് പറയാനായി ക്ഷണിക്കുന്നു. സത്യന്‍മാസ്റ്റര്‍ മൈക്കിനു മുന്നിലെത്തുന്നു.
‘നസീര്‍ നല്ലനടനാണ്. 100 ചിത്രങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഒരു കാര്യംകൂടി പറയാനുണ്ട് പത്തുചിത്രങ്ങള്‍ അഭിനയിക്കുമ്പോള്‍ അതില്‍ ഒരു നല്ലചിത്രം കൂടി ഉള്‍പ്പെടുത്താന്‍ അദ്ദേഹം ശ്രദ്ധിക്കണം’
ഇത്രയും പറഞ്ഞശേഷം അദ്ദേഹം ഇരിപ്പിടത്തിലേക്ക് മടങ്ങി. ഹാളില്‍ ഒരു ചെറിയ നിശബ്ദ്ദത പടര്‍ന്നു. അതുവരെ ഉത്സവമേളത്തില്‍ ആയിരുന്ന സദസിലും വേദിയിലും ഉള്ളവരുടെയെല്ലാം മുഖത്ത് ഒരു മങ്ങല്‍. പ്രേംനസീറിന് മാത്രം ഒരു ഭാവഭേദവുമില്ല.

പിറ്റേദിവസം ഷൂട്ടിംഗ് ലൊക്കേഷന്‍.. മലയാളത്തിലെ മള്‍ട്ടിസ്റ്റാര്‍ചിത്രങ്ങളില്‍ ഒന്നായ ഉദ്യോഗസ്ഥയുടെ സെറ്റ്. സത്യനും നസീറും തമ്മില്‍ എന്തോ സൗന്ദര്യപ്പിണക്കം ഉണ്ട് എന്നമട്ടില്‍ ഒരു മുറുമുറുപ്പ് സെറ്റില്‍ പരന്നു. സംവിധായകന്‍ വേണു പ്രതിസന്ധിയിലായി. കാരണം അന്ന് സത്യനെ പ്രേംനസീര്‍ അടിക്കുന്ന ഒരു രംഗമാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. ഒരു വര്‍ഷം പത്തും ഇരുപതും ചിത്രങ്ങള്‍ ചെയ്യുന്ന നടന്മാരായതുകൊണ്ട് തന്നെ തിരക്കഥ വിശദമായി ആരും കേള്‍ക്കാറില്ല. ഇങ്ങനെയൊരു സീന്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ സത്യനെ പോലെ ഒരു നടന്‍ സമ്മതിക്കുമോ എന്നകാര്യത്തില്‍ വേണുവിന് ഭയവും ഉണ്ട്.

Signature-ad

എന്തായാലും മടിച്ചുമടിച്ച് വേണു സത്യനോട് സീന്‍ വിശദീകരിച്ചു. യാതൊരു ഭാവഭേദവും ഇല്ലാതെ സത്യന്‍ ടേക്കിന് റെഡിയായി.. ആഞ്ഞടിച്ചോളൂ എന്ന തമാശയോടെ സത്യന്‍ നസീറിനു മുന്നില്‍നിന്നു.. ആ രംഗം ഭംഗിയായി അവസാനിച്ചു എന്നുമാത്രമല്ല അടിക്കുന്ന ഫോട്ടോ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്താന്‍ സത്യന്‍ അനുവദിക്കുകയും ചെയ്തു.

തലേദിവസം സത്യന്‍ മാസ്റ്റര്‍ പറഞ്ഞതിനെപ്പറ്റി പ്രേംനസീറിന് എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടോയെന്നറിയാന്‍ സംവിധായകന്‍ വേണു അദ്ദേഹത്തിന്റെ സമീപം ചെന്നിരുന്നു. ചോദിക്കാതെ തന്നെ നസീര്‍ പറഞ്ഞുതുടങ്ങി.
‘ഇന്നലെ സത്യന്‍ മാസ്റ്ററുടെ പ്രസംഗം വേണു കേട്ടിരുന്നോ?
ഉവ്വ് എന്ന മറുപടി പറഞ്ഞ സംവിധായകനോട് പ്രേം നസീര്‍ തുടര്‍ന്നു പറഞ്ഞു. ‘ അദ്ദേഹം പറഞ്ഞത് സത്യമല്ലേ 10 ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ഒരു നല്ല ചിത്രമെങ്കിലും ചെയ്യണം എന്ന് ആഗ്രഹം എനിക്കുമുണ്ട്’

 

Back to top button
error: