തരൂരിന്റെ മന്ത്രിപദവി വരെ തെറിപ്പിച്ച കൊച്ചി ടസ്‌കേഴ്‌സ്! ലളിത് മോദിയുടെ പ്രതികാര നടപടി; ഒടുവില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി; വിവാദങ്ങള്‍ക്ക് ഒടുവില്‍ തിരിച്ചെത്തുമോ കൊമ്പന്മാര്‍? ഐപിഎല്‍ ഘടന പൊളിച്ചെഴുതേണ്ടി വരും

കൊച്ചി: ഐപിഎല്ലില്‍ കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചി ടസ്‌കേഴ്‌സ് തിരിച്ചെത്തുമോ? ബിസിസിഐയുമായുള്ള കേസിന്റെ വിജയത്തിനു പിന്നാലെ അനധികൃതമായാണ് ടീമിനെ പുറത്താക്കിയതെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നതോടെയാണ് വീണ്ടും ഇത്തരമൊരു സൂചനകള്‍ ഉയരുന്നത്. ഒറ്റ സീസണ്‍ കളിച്ചശേഷം ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 538 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ബോംബെ ഹൈക്കോടതി വിധിച്ചിരുന്നു. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ബിസിസിഐ നല്‍കിയ ഹര്‍ജി തള്ളിയാണ് ബോംബെ ഹൈക്കോടതി നഷ്ടപരിഹാരവിധി പുറപ്പെടുവിച്ചത്.
കൊച്ചി ടസ്‌കേഴ്‌സ് കേരള
ബ്രെന്‍ഡന്‍ മക്കല്ലം, മുത്തയ്യ മുരളീധരന്‍, വി.വി.എസ്.ലക്ഷ്മണ്‍, രവീന്ദ്ര ജഡേജ, പാര്‍ഥിവ് പട്ടേല്‍, ബ്രാഡ് ഹോജ്, എസ്. ശ്രീശാന്ത്, ആര്‍.പി. സിങ്, വിനയ് കുമാര്‍, കേദാര്‍ ജാദവ്, ഒവൈസ് ഷാ എന്നിങ്ങനെ തരക്കേടില്ലാത്ത താരനിരയാണ് കേരളത്തിനു വേണ്ടി ഇറങ്ങിയത്. നായകന്‍ മഹേല ജയവര്‍ധനെ 2011 സീസണില്‍ 14 മല്‍സരങ്ങള്‍ കളിച്ച ടീം ആറുകളില്‍ ജയിച്ചു. 10 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ എട്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും ഓര്‍മയില്‍ നില്‍ക്കുന്ന ഒട്ടേറെ പ്രകടനങ്ങള്‍ ടസ്‌കേഴ്‌സിന്റെ പേരിലുണ്ട്. രാജസ്ഥാനും കൊല്‍ക്കത്തയും ഡല്‍ഹിയും ചെന്നൈയും മുംബൈ ഇന്ത്യന്‍സും ടസ്‌കേഴ്‌സിനുമുന്നില്‍ മുട്ടുമടക്കി. നൈറ്റ് റൈഡേഴ്‌സിനെ രണ്ടുവട്ടമാണ് കൊച്ചി ടീം തകര്‍ത്തത്. പക്ഷേ, പോരാട്ടം ഒറ്റ സീസണില്‍ അവസാനിച്ചു.

2010ലാണ് ഐപിഎല്ലില്‍ രണ്ട് ടീമുകളെക്കൂടി ഉള്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചത്. 12 നഗരങ്ങളെ ഹോം ഗ്രൗണ്ട് ആയി നിശ്ചയിച്ചായിരുന്നു ലേലം. ഏറ്റവും വലിയ തുക വച്ചത് സഹാറ ഗ്രൂപ്പ്. പുനെ ഹോം ഗ്രൗണ്ടായി സഹാറ പുണെ വാരിയേഴ്‌സ് രൂപം കൊണ്ടു. 1700 കോടി രൂപയിലധികമായിരുന്നു സഹാറയുടെ ബിഡ്. തൊട്ടുപിന്നിലെത്തിയത് കൊച്ചി ഹോം ഗ്രൗണ്ടായി തിരഞ്ഞെടുത്ത റോണ്ടേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് കണ്‍സോര്‍ഷ്യം. 1500 കോടി രൂപയിലധികം നല്‍കിയാണ് അവര്‍ പുതിയ ഫ്രാഞ്ചൈസി ഏറ്റെടുത്തത്. ടീമിന്റെ പേര് ‘ഇന്‍ഡി കമാന്‍ഡോസ്’.
ടീമിന്റെ പേരുമാറ്റം
ഇന്‍ഡി കമാന്‍ഡോസ് എന്ന പേരു മലയാളികള്‍ക്കു രുചിച്ചില്ലെന്നു വേണം കരുതാന്‍. കൊച്ചിയില്‍ കളിക്കുന്ന ടീമിന് കേരള ടച്ചില്ലാത്ത പേരോ എന്നാണ് ഒറ്റക്കെട്ടായി ചോദിച്ചത്. ടീം ഓഹരികളില്‍ 60 ശതമാനത്തിലധികം ഗുജറാത്തുകാര്‍ ഉടമസ്ഥരായ സ്ഥാപനങ്ങളുടേതായിരുന്നു. ടീമിനെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയാലോ എന്നും ആസമയത്ത് മാനേജ്‌മെന്റ് ആലോചിച്ചു. അതുകൂടി പുറത്തുവന്നതോടെ പ്രതിഷേധം കനത്തു. ഒടുവില്‍ റോണ്ടേവൂ ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തി. അതില്‍ പങ്കെടുത്ത പകുതിപ്പേരും പറഞ്ഞത് ടീമിന്റെ പേരില്‍ ‘കേരള’ വേണമെന്നായിരുന്നു. മറുപകുതി ‘കൊച്ചി’ക്കുവേണ്ടിയും വാദിച്ചു. ഒടുവില്‍ അവ രണ്ടും സംസ്ഥാന മൃഗമായ ആനയെയും ചേര്‍ത്ത് പുതിയ പേരിട്ടു. കൊച്ചി ടസ്‌കേഴ്‌സ് കേരള!
ടീമിന്റെ മല്‍സരങ്ങളെല്ലാം മറ്റേതെങ്കിലും സ്ഥലത്ത് നടത്തണമെന്ന് വാദിച്ചിരുന്ന മാനേജ്‌മെന്റ് മലക്കം മറിഞ്ഞു. എല്ലാ കളികളും കൊച്ചിയില്‍ത്തന്നെ നടത്തിയാല്‍ മതിയെന്ന് ബിസിസിഐയോട് അഭ്യര്‍ഥിച്ചു. ഇന്‍ഡോറായിരുന്നു കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ രണ്ടാം ഹോം ഗ്രൗണ്ട്. കൊച്ചിയിലെ പിച്ചിന് 14 മല്‍സരങ്ങള്‍ താങ്ങാനുള്ള ശേഷിയുണ്ടോ തുടങ്ങിയ സംശയങ്ങളുമായി ചിലര്‍ വീണ്ടുമെത്തി. പക്ഷേ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പാറപോലെ ഉറച്ചുനിന്നതിനാല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മികച്ച സൗകര്യങ്ങളൊരുങ്ങി. 10 കോടി രൂപയാണ് കെസിഎ ചെലവിട്ടത്. ടീമിന്റെ സ്‌പോണ്‍സര്‍മാരായി ഫെഡറല്‍ ബാങ്കും ആങ്കറും പരിണീ ഡെവലപ്പേഴ്‌സും എത്തി.
ഐപിഎല്‍ 2011
അരങ്ങേറ്റ സീസണില്‍ താരനിരയ്‌ക്കൊത്ത പ്രകടനമല്ല കൊച്ചി ടസ്‌കേഴ്‌സ് കാഴ്ചവച്ചത്. 14 കളികളില്‍ 6 ജയം. മൂന്ന് ഹോം മല്‍സരങ്ങളിലും മൂന്ന് എവേ മല്‍സരങ്ങളിലും ടീം ജയിച്ചു. 4 ഹോം മല്‍സരങ്ങളിലും 4 എവേ മല്‍സരങ്ങളിലും തോല്‍ക്കുകയും ചെയ്തു. റോയല്‍ ചലഞ്ചേഴ്‌സിനെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടമുയര്‍ത്തിയ സീസണില്‍ അരങ്ങേറ്റക്കാരായ കൊച്ചി ടസ്‌കേഴ്‌സ് എട്ടാം സ്ഥാനത്തായി.
കൊച്ചി ടസ്‌കേഴ്‌സിന്റെ തുടക്കം തന്നെ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു. ടീം ഉടമകള്‍ തമ്മിലുള്ള പിണക്കങ്ങളും അധികാരത്തര്‍ക്കവുമെല്ലാം അഗ്‌നിപര്‍വതം പോലെ പുകയുകയായിരുന്നു. ഒപ്പം അതുവരെ കേട്ടിട്ടില്ലാത്തത്ര വലിയ തുക മുടക്കി ഫ്രാഞ്ചൈസി ഏറ്റെടുക്കേണ്ടിവന്നതിന്റെ സമ്മര്‍ദവും. അന്ന് കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിന്റെ ഭാര്യ അന്തരിച്ച സുനന്ദ പുഷ്‌കറിന് റോണ്ടേവൂ സ്‌പോര്‍ട്‌സില്‍ 70 കോടി രൂപ മൂല്യമുള്ള സൗജന്യ ഓഹരികള്‍ ലഭിച്ചെന്ന വിവാദവും ഉയര്‍ന്നു. തരൂരിന് മന്ത്രിപദവി നഷ്ടമായി.
മുടക്കിയ പണം തിരികെ ലഭിക്കാന്‍ വൈകുമെന്ന തിരിച്ചറിവും ടീമിന്റെ നിയന്ത്രണം സംബന്ധിച്ച തര്‍ക്കങ്ങളും പുറത്തായതോടെ പ്രധാന ഓഹരി ഉടമകള്‍ ടീം വിറ്റൊഴിയുമെന്ന പ്രചാരണം ഉയര്‍ന്നു. എന്നാല്‍ മുഖ്യ ഓഹരി ഉടമയായ ആങ്കര്‍ ഗ്രൂപ്പ് ഡയറക്ടര്‍ മെഹുല്‍ ഷാ ഇത് നിഷേധിച്ചു. കൊച്ചി കോര്‍പറേഷനും ടീം ഉടമകളും തമ്മില്‍ വിനോദനികുതി കുറയ്ക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമായിരുന്നു മറ്റൊരു പ്രശ്‌നം. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മിക്കാനിരുന്ന സ്റ്റേഡിയത്തിന് പരിസ്ഥിതി അനുമതി ലഭിക്കാതെ പോയതും ടീമിന് വിനയായി. ഒപ്പം ഫ്രാഞ്ചൈസി ബിഡില്‍ റോണ്ടേവൂവിനോട് പരോക്ഷമായി തോറ്റ ഐപിഎല്‍ കമ്മിഷണര്‍ ലളിത് മോഡിയുടെ പ്രതികാരനടപടികളും ടീമിനെ വെട്ടിലാക്കി.
ബിസിസിഐയുടെ വെട്ട്
ടീം ഉടമകളുടെ തര്‍ക്കങ്ങള്‍ പരിധിവിട്ടതോടെ അവര്‍ക്ക് ബിസിസിഐ കരാറിലുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ കഴിഞ്ഞില്ല. ബിസിസിഐ ആവശ്യപ്പെട്ട ബാങ്ക് ഗാരന്റി നല്‍കാന്‍ കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിനും റോണ്ടേവൂ സ്‌പോര്‍ട്‌സ് കണ്‍സോര്‍ഷ്യത്തിനും കഴിഞ്ഞില്ല. മൊത്തം ഫ്രാഞ്ചൈസി ഫീയുടെ 10 ശതമാനം, അതായത് 154 കോടി രൂപയാണ് പ്രതിവര്‍ഷവിഹിതമായി നല്‍കേണ്ടിയിരുന്നത്. പല തവണ നോട്ടിസ് നല്‍കിയിട്ടും മാനേജ്‌മെന്റ് പ്രതികരിച്ചില്ലെന്നാണ് ബിസിസിഐയുടെ ആരോപണം. ടീമിനോട് ഒരു താല്‍പര്യവുമില്ലാതിരുന്ന ബിസിസിഐ നേതൃത്വവും ഐപിഎല്‍ നേതൃത്വവും കിട്ടിയ അവസരം പാഴാക്കിയില്ല. കൊച്ചി ടസ്‌കേഴ്‌സ് കേരളയെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കി. ഫ്രാഞ്ചൈസി റദ്ദാക്കി! ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ കര്‍ക്കശ നിലപാടാണ് ടസ്‌കേഴ്‌സിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്.
ബിസിസിഐ തീരുമാനത്തിനെതിരെ ടസ്‌കേഴ്‌സ് മാനേജ്‌മെന്റ് ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല. തുടര്‍ന്ന് ബിസിസിഐ നടപടിയെടുത്ത രീതി ചോദ്യം ചെയ്ത് മറ്റൊരു ഹര്‍ജി നല്‍കി. അതിലാണ് ആര്‍ബിട്രേഷന്‍ നടത്താമെന്ന് ഇരുപക്ഷവും സമ്മതിച്ചത്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.സി.ലഹോട്ടിയായിരുന്നു ആര്‍ബിട്രേറ്റര്‍. ഇരുഭാഗത്തിന്റെയും നിലപാടുകള്‍ കേട്ടശേഷം അദ്ദേഹം ബിസിസിഐ കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. ഈ വിധിയാണ് ഹൈക്കോടതി ശരിവച്ചത്.
ഇനിയൊരു തിരിച്ചുവരവുണ്ടോ?
ഐപിഎല്‍ തുടങ്ങിയ കാലത്ത് ചിന്തിക്കാന്‍ പോലും കഴിയാത്ത തുകയ്ക്കാണ് റോണ്ടേവൂ കണ്‍സോര്‍ഷ്യം ഫ്രാഞ്ചൈസി വാങ്ങിയത്. കൊച്ചി ടസ്‌കേഴ്‌സിനും സമാനമായ രീതിയില്‍ പുറത്തായ പുണെ വാറിയേഴ്‌സിനും പകരം രണ്ട് ടീമുകളെക്കൂടി പിന്നീട് ഐപിഎല്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്്‌സും. ഇതില്‍ ഗുജറാത്ത് ഫ്രാഞ്ചൈസിക്കുവേണ്ടി ഉടമകള്‍ മുടക്കിയത് 5600 കോടി രൂപ. ലഖ്‌നൗവിനെ സഞ്ജീവ് ഗോയങ്ക വാങ്ങിയത് 7090 കോടി രൂപയ്ക്കും. ഇപ്പോഴത്തെ ടീമുകളുടെ മൂല്യ അതിലും ഏറെയാണ്.
ഈ സാഹചര്യത്തില്‍ 538 കോടി രൂപ നഷ്ടപരിഹാരം നല്കുന്നതിന് പകരം ടസ്‌കേഴ്‌സിനെ ഐപിഎല്ലില്‍ തിരിച്ചെടുക്കാന്‍ ബിസിസിഐ ആലോചിക്കാനിടയില്ല. കണ്‍സോര്‍ഷ്യത്തിന് കൂടുതല്‍ പണം മുടക്കാനുള്ള സാഹചര്യം ഉണ്ടോയെന്നും വ്യക്തമല്ല. പുതിയ ടീമുകളെ ഉള്‍പ്പെടുത്തേണ്ടിവന്നാല്‍ ഐപിഎല്ലിന്റെ ഘടനയില്‍ പൊളിച്ചെഴുത്തും വേണ്ടിവരും. മാത്രമല്ല ബോംബെ ഹൈക്കോടതി വിധിക്കെതിരെ ബിസിസിഐ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇതൊക്കെ മറികടന്ന് കേരള ടീം തിരിച്ചുവരുമോ? മറുപടി ഊഹിക്കാവുന്നതേയുള്ളു.