Breaking NewsCrimeLead NewsNEWS

‘കമല്‍ കൗര്‍ ഭാഭി’യെ കൊന്നത് കഴുത്ത് ഞെരിച്ച്, സ്വകാര്യഭാഗങ്ങളിലടക്കം മുറിവ്; അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന് പ്രതിയുടെ ഭീഷണി

ചണ്ഡീഗഡ്: കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പഞ്ചാബിലെ സമൂഹമാധ്യമ താരമായ ‘കമല്‍ കൗര്‍ ഭാഭി’യെന്ന കാഞ്ചന്‍ കുമാരിയുടെ (27) പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴുത്തു ഞെരിച്ചാണ് കാഞ്ചനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകളുമുണ്ട്. എന്നാല്‍ ലൈംഗികാതിക്രമത്തെക്കുറിച്ച് വ്യക്തമായ തെളിവുകളില്ല.

ഈ മാസം 11ന് ഭട്ടിന്‍ഡ ജില്ലയില്‍ ഒരു പാര്‍ക്കിങ് സ്ഥലത്താണ് കാഞ്ചന്‍ കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. കാഞ്ചനെ കഴിഞ്ഞ 9 മുതല്‍ കാണാതായിരുന്നു. പ്രതികളായ രണ്ടു പേരെ 13ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയായ നിഹാംഗ് അമൃത്പാല്‍ സിങ് സംഭവത്തിനു പിന്നാലെ യുഎഇയിലേക്ക് കടന്നതായാണ് വിവരം.

Signature-ad

കൊലപ്പെടുത്തിയശേഷം കാറില്‍ കൊണ്ടുവന്നിട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നും പറഞ്ഞു. കാഞ്ചന് വിദേശത്തു പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നു. ആന്തരികാവയവങ്ങളുടെയും സാംപിളുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ‘കമല്‍ കൗര്‍ ഭാഭി’ എന്ന പേരിലെ കാഞ്ചയുടെ ഇന്‍സ്റ്റ അക്കൗണ്ട് 3.84 ലക്ഷം പേര്‍ പിന്തുടര്‍ന്നിരുന്നു. ‘ഫണ്ണി ഭാഭി ടിവി’ എന്ന യുട്യൂബ് ചാനലിന് 2.36 ലക്ഷം വരിക്കാരുണ്ട്.

ജൂണ്‍ ആദ്യവാരം ഭട്ടിന്‍ഡയില്‍ നടന്ന കാര്‍ പ്രമോഷന്‍ പരിപാടിക്കിടെയാണ് തീവ്ര സിഖ് നേതാവായ അമൃത്പാല്‍ സിങ്ങിനെ കാഞ്ചന്‍ പരിചയപ്പെടുന്നത്. ജൂണ്‍ 9ന് ലുധിയാനയിലെ തന്റെ വസതിയില്‍ നിന്ന് പരിപാടിക്കായി പോയപ്പോഴാണ് കാണാതാകുന്നത്. 11ന് ആദേശ് യൂണിവേഴ്സിറ്റിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

മോഡലിന്റേത് അപകടമരണമല്ല, കൊലപാതകം; വിവാഹിതനായ കാമുകന്‍ പിടിയില്‍

മണിക്കൂറുകള്‍ക്കുള്ളില്‍ അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനാണ് കാഞ്ചനെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞ് അമൃത്പാല്‍ സിങ്ങിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇത്തരത്തിലുള്ള വീഡിയോകള്‍ ഇടുന്ന എല്ലാ ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയും ഗതി ഇതുതന്നെയായിരിക്കുമെന്നും ഭീഷണി വീഡിയോയില്‍ ഉണ്ടായിരുന്നു. ലുധിയാനയിലെത്തി കാഞ്ചന്റെ നീക്കങ്ങള്‍ പ്രതി പതിവായി നിരീക്ഷിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ യുഎഇയില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

 

 

Back to top button
error: