Breaking NewsCrimeLead NewsNEWS

അവിവാഹിത പ്രസവിച്ചു, കരഞ്ഞ കുഞ്ഞിന്റെ വായപൊത്തിപ്പിടിച്ചു; ചേമ്പിലയിലാക്കി മൃതദേഹം ഉപേക്ഷിച്ചു

പത്തനംതിട്ട: അവിവാഹിത പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹം ചേമ്പിലയില്‍ പൊതിഞ്ഞനിലയില്‍ അയല്‍പക്കത്തെ പറമ്പില്‍ കണ്ടെത്തി. പത്തനംതിട്ട മെഴുവേലി ആലക്കോടാണ് സംഭവം. രക്തസ്രാവത്തെത്തുടര്‍ന്ന് യുവതി ചൊവ്വാഴ്ച ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൂട്ടിയിട്ടിരിക്കുന്ന അയല്‍വീടിന്റെ പിന്നില്‍, വാഴയുടെ ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവതിയെ രക്തസ്രാവത്തെത്തുടര്‍ന്ന് ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്ന് റഫര്‍ ചെയ്തതിനുസരിച്ചാണ് 12.30-ന് ചെങ്ങന്നൂരിലെ ഉഷാ ഹോസ്പിറ്റലില്‍ എത്തിച്ചത്. പ്രസവം നടന്നതായി ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടെങ്കിലും ഇക്കാര്യം യുവതി സമ്മതിച്ചില്ല. കുഞ്ഞ് എവിടെയാണെന്നും എന്തുചെയ്തെന്നും ചോദിച്ചെങ്കിലും യാതൊന്നും പറഞ്ഞില്ല. ഒടുവില്‍ രഹസ്യമായി, സീനിയര്‍ നഴ്സിനോട് പ്രസവിച്ചെന്നും കുഞ്ഞിനെ വീടിനടുത്തുള്ള പറമ്പിനോട് ചേര്‍ന്നുള്ള മതിലിന് സമീപം വെച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.

Signature-ad

ആറന്മുള കോട്ടയില്‍ രണ്ടുവര്‍ഷം മുമ്പും സമാനമായ സംഭവം ഉണ്ടായിരുന്നു. ചൊവ്വാഴ്ചത്തെ സംഭവത്തിന്റെ വിവരം ആശുപത്രി അധികൃതര്‍ ചെങ്ങന്നൂര്‍ പോലീസിന് കൈമാറി. സംഭവംനടന്ന സ്ഥലം ഇലവുംതിട്ടയായതിനാല്‍ അവിടുത്തെ എസ്എച്ച്ഒയെ അറിയിച്ചു. ഇലവുംതിട്ട പോലീസ്, യുവതി പറഞ്ഞ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ കുഞ്ഞിന് ജീവനില്ലായിരുന്നു.

യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രസവിച്ചത് ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനെന്നാണ് യുവതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. പൊക്കിള്‍കൊടി തനിയെ ആണ് മുറിച്ചത്. കരഞ്ഞ കുഞ്ഞിന്റെ വായപൊത്തിപ്പിടിച്ചു. ശൗചാലയത്തില്‍കൊണ്ടുവെച്ച ശേഷം മൃതശരീരം ചേമ്പിലയിലാക്കി അയല്‍വീടിന്റെ പരിസരത്തേക്ക് മാറ്റി. ഗര്‍ഭിണിയായത് കാമുകനില്‍ നിന്നാണെന്നും വിവരം വീട്ടുകാരോട് മറച്ചുവെച്ചതായും ഇവരുടെ മൊഴിയിലുണ്ട്. അതേസമയം രണ്ടുദിവസം മുന്‍പ് പ്രസവം നടന്നതായാണ് പരിശോധനയില്‍ കാണുന്നതെന്ന് കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ലക്ഷ്മിപിള്ള വ്യക്തമാക്കി.

യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവെന്ന് ആശുപത്രി അധികൃതരും പറയുന്നു. പോലീസ് പരിശോധനയില്‍, വീട്ടിലെ മുറിക്കുള്ളില്‍ രക്തക്കറ കണ്ടെത്തി. കുടുംബാംഗങ്ങളില്‍ ഒരാളാണ് കുഞ്ഞിന്റെ മൃതദേഹം കാട്ടിക്കൊടുത്തത്. ഫൊറന്‍സിക് സംഘവും പോലീസും സ്ഥലത്ത് പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ, വീട്ടിലെ പ്രസവത്തില്‍ മരിച്ചതാണോ എന്നത് പോസ്റ്റുമോര്‍ട്ടത്തിലേ വ്യക്തമാകൂ.

ബുധനാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. യുവതി ആരോഗ്യം വീണ്ടെടുക്കുന്നമുറയ്ക്ക് വിശദമായി ചോദ്യംചെയ്യും. ലൈംഗികപീഡനം ഉണ്ടായോയെന്നതടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടത്തും. കുഞ്ഞിന്റെ ശരീരത്തില്‍ അസ്വാഭാവിക പാടുകളോ മുറിവോ ഇല്ലെന്ന് പോലീസ് അറിയിച്ചു.

 

Back to top button
error: