Breaking NewsCrimeKeralaLead NewsNEWS

ലിവിയ ജോസ് റിമാന്‍ഡില്‍; ഷീല സണ്ണിയെ കേസില്‍ കുടുക്കിയത് സ്വഭാവദൂഷ്യം ആരോപിച്ചതിലെ വിരോധം; ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ ഫ്രിഡ്ജും വാഷിംഗ് മെഷീനും വാങ്ങിയത് എങ്ങനെയെന്ന ശബ്ദ സന്ദേശം അപമാനകരമായി; കൂടുതല്‍ ബന്ധുക്കള്‍ പ്രതിയായേക്കുമെന്നും പോലീസ്

തൃശൂര്‍/കൊടുങ്ങല്ലൂര്‍: ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കാന്‍ ഒന്നാം പ്രതി നാരായണദാസുമായി ചേര്‍ന്ന് ആസൂത്രണം നടത്തിയെന്നു ലിവിയ ജോസ് (22) മൊഴി നല്‍കിയെന്നു പോലീസ്. തനിക്കെതിരേ സ്വഭാവദൂഷ്യം ആരോപിച്ചതാണു ഷീല സണ്ണിയോടുള്ള വിരോധത്തിനു കാരണം. ബാഗിലും സ്‌കൂട്ടറിലും നിക്ഷേപിച്ചത് യഥാര്‍ഥ ലഹരിയായിരുന്നെന്നും ലഹരി കൈമാറിയ ആഫ്രിക്കന്‍ വംശജന്‍ ചതിച്ചെന്നും ലിവിയ പറഞ്ഞതായി പോലീസ് പറഞ്ഞു. ലിവിയയുടെ മൊഴി പൂര്‍ണമായും വിശ്വസിച്ചിട്ടില്ലെന്നും മറ്റു ബന്ധുക്കളും പ്രതിയാകാന്‍ സാധ്യതയുണ്ടെന്നും ബംഗളുരുവില്‍നിന്നു ലഹരിയെത്തിക്കാന്‍ മറ്റു ചിലവുടെ സഹായം ലഭിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ എസ്പി വി.കെ. രാജു പറഞ്ഞു. ഇന്നലെ വൈകീട്ടു നാലിനു കൊടുങ്ങല്ലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍.എ. ഷെറിനുമുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഷീല സണ്ണിയുടെ മകന്റെ ഭാര്യ ലില്‍ജിയുടെ സഹോദരിയാണു ലിവിയ. കുറ്റകൃത്യത്തില്‍ സഹോദരിക്കു പങ്കില്ലെന്നും ഷീലയും ഭര്‍ത്താവ് സണ്ണിയും ബംഗളുരുവില്‍ താന്‍ മോശം ജീവിതമാണു നയിക്കുന്നതെന്നു പറഞ്ഞു പരത്തിയെന്നും ലിവിയ മൊഴി നല്‍കി. ബംഗളുരുവില്‍ പഠിക്കാന്‍ പോയ ലിവിയ എങ്ങനെയാണു പണമുണ്ടാക്കിയതെന്ന ശബ്ദ സന്ദേശമാണു പകയ്ക്കു കാരണം. നാരായണദാസ് ഒഴികെ മറ്റാരുമായും ചര്‍ച്ച നടത്തിയിട്ടില്ല. 2023 ഫെബ്രുവരി 26 ന് രാത്രിയില്‍ ഷീലയുടെ സ്‌കൂട്ടറിലും ബാഗിലും മയക്കുമരുന്നു നിക്ഷേപിച്ചെന്നും ലിവിയ പറഞ്ഞു.

Signature-ad

കഴിഞ്ഞ ദിവസം ദുബായില്‍നിന്നു മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് എമിഗ്രേഷന്‍ വിഭാഗം ലിവിയയെ കസ്റ്റഡിയില്‍ എടുത്തു മുംബൈ പോലീസിനു കൈമാറിയത്. മുംബൈയിലെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നാലുമണിക്കൂറോളം ചോദ്യം ചെയ്തു. ഇതിനിടെ പലവട്ടം പ്രതി പൊട്ടിക്കരഞ്ഞെന്നും പോലീസ് പറഞ്ഞു. ലിവിയയെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സഹോദരി ലില്‍ജിയെയും ഡിവൈഎസ് പി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇരുവരും പറഞ്ഞകാര്യങ്ങള്‍ പൂര്‍ണമായും വിശ്വസിക്കുന്നില്ലെന്നും ഷീലയുടെ ബന്ധുക്കളില്‍ ചിലര്‍കൂടി പ്രതിയാകുമെന്നും അന്വേഷണ സംഘം പറഞ്ഞു.

2023 ഫെബ്രുവരി 27ന് ആണു ചാലക്കുടി ബ്യൂട്ടി പാര്‍ലറില്‍വച്ചു ഷീല സണ്ണിയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. കേസില്‍ 72 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണു പുറത്തുവന്നത്. കാക്കനാട് ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നല്ല എന്നു വ്യക്തമായതോടെ കേസില്‍നിന്ന് ഒഴിവാക്കി. എന്നാല്‍, ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഷീല പരാതി നല്‍കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തത്.

സംഭവത്തില്‍ തൃപ്പൂണിത്തുറ സ്വദേശി നാരായണ ദാസിന്റെയും ലിവിയയുടെയും പങ്ക് വ്യക്തമായതോടെയാണ് ഇവര്‍ ദുബായിലേക്കു മുങ്ങിയത്. ലിവിയ ജോസിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴാണു നാട്ടിലേക്കു തിരികെയെത്തിയത്. ഷീലയുടെ മകന്‍ സംഗീതിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും അന്വേഷണ സംഘത്തിന്റെ മുന്നിലെത്തിയിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.

 

ശബ്ദ സന്ദേശം അയച്ചിട്ടില്ല: ഷീല സണ്ണി

തൃശൂര്‍: ലിവിയയെക്കുറിച്ചു മകനു ശബ്ദ സന്ദേശം അയച്ചിട്ടില്ലെന്നും തന്നെ വീട്ടില്‍നിന്ന് ഒഴിവാക്കാന്‍ മരുമകളുമായി ചേര്‍ന്നു നടത്തിയ പദ്ധതിയാണിതെന്നും ഷീല സണ്ണി. പറയത്തക്ക പ്രശ്‌നങ്ങള്‍ ഞങ്ങള്‍ തമ്മിലില്ല. ലിവിയയെ കുറ്റപ്പെടുത്തി വീട്ടിലുള്ള മകനു സന്ദേശം അയയ്ക്കണ്ട കാര്യമില്ലല്ലോയെന്നും ഷീല പറയുന്നു. ഹോസ്റ്റലില്‍ പഠിക്കുന്ന ഒരാള്‍ വീട്ടിലേക്ക് എങ്ങനെയാണ് ഇത്രയധികം സാധനങ്ങള്‍ വാങ്ങുന്നതെന്ന സംശയം താന്‍ പ്രകടിപ്പിച്ചിരുന്നു. അതു പുറത്തു പറഞ്ഞിട്ടില്ല. ഫ്രിഡ്ജും ടിവിയും ഫര്‍ണിച്ചറും വാങ്ങിയതിനെക്കുറിച്ച് ലിവിയയുടെ അമ്മയോട് ചോദിച്ചു. മകന്‍ എവിടെയാണെന്ന് ഇപ്പോഴും അറിയില്ല. കേസിനുശേഷം ഒരുവട്ടമാണു ബന്ധപ്പെട്ടത്. പിന്നീട് അറിവില്ലെന്നും ഷീല പറഞ്ഞു.

Back to top button
error: