പ്രിയങ്ക ഗാന്ധിയുടെ പരിപാടിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് അവഗണന; കുഞ്ഞാലിക്കുട്ടിക്കും സാദിഖലി തങ്ങള്‍ക്കും ക്ഷണമില്ല; കരിപ്പൂരില്‍ സ്വീകരിക്കാന്‍ എത്താതെ പ്രതിഷേധിച്ച് നേതാക്കള്‍; കോണ്‍ഗ്രസും ലീഗുമായുള്ള ശീതയുദ്ധം മുറുകുന്നോ?

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്ലിം ലീഗ് നേതാക്കളെ അവഗണിച്ചെന്നു പരാതി. പ്രിയങ്കയുടെ പരിപാടിയുടെ വിവരങ്ങള്‍ ലീഗിനെ അറിയില്ലെന്നാണ് ആക്ഷേപം. പരിപാടിയിലേക്ക് മുതിര്‍ന്ന നേതാക്കളെ ആരെയും ക്ഷണിച്ചില്ലെന്നും മുസ്‌ലിം ലീഗ് ആരോപിക്കുന്നു.
ലോക്സഭയിലേക്ക് വന്‍ വിജയം നേടിയ ശേഷം ആദ്യമായാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇന്നും നാളെയും പ്രിയങ്ക വയനാട്ടില്‍ ഉണ്ടാകും. ഇതിനിടെയാണ് പ്രിയങ്കയുടെ പരിപാടിയില്‍ അവഗണിച്ചുവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് നേതൃത്വം രംഗത്തെത്തിയത്. സാധാരണ പ്രിയങ്കയും രാഹുലും എത്തുമ്പോള്‍ ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, കൊണ്ടോട്ടി എംഎല്‍എ എന്നിവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഇതാണ് വിമര്‍ശനത്തിനിടയാക്കിയത്.

യുഡിഎഫ് വയനാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസലി തങ്ങളെ പോലും പ്രിയങ്കയുടെ സന്ദര്‍ശനം സംബന്ധിച്ച വിവരം അറിയിച്ചില്ലെന്നും ലീഗ് നേതൃത്വം ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രിയങ്കയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ലീഗ് പ്രതിനിധികള്‍ എത്തിയില്ല.
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും പരിപാടികളില്‍ മുസ്ലിം ലീഗിന്റെ പതാകയ്ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തില്‍ ലീഗിന്റെ കൊടികള്‍ പാടില്ലെന്ന നിര്‍ദേശമുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ദുര്‍വ്യാഖ്യാനം ചെയ്യുമെന്നു ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെ പരിഹസിച്ചുകൊണ്ട് രൂക്ഷമായ ഭാഷയിലാണ് കെ.ടി. ജലീല്‍ അടക്കമുള്ളവര്‍ രംഗത്തുവന്നത്.
മണ്ഡലത്തില്‍ ആദ്യമായി എത്തുന്ന പ്രിയങ്ക ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് നേതാക്കളെ തഴഞ്ഞത്. അന്‍വര്‍ വിഷയത്തില്‍ നേരത്തേമുതല്‍ ലീഗ് നേതൃത്വത്തിന് കോണ്‍ഗ്രസിനോട് അതൃപ്തിയുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പാണക്കാട് കുടുംബാംഗങ്ങള്‍ പങ്കെടുക്കാത്തതും വലിയ വിവാദമായിരുന്നു.
അടുത്തിടെ, വി.ഡി. സതീശനും കോണ്‍ഗ്രസും അപ്പാടെ തള്ളിക്കളഞ്ഞ പി.വി. അന്‍വറിനെ കെഎംസിസിയുടെ പരിപാടിയില്‍ ക്ഷണിച്ചതു വലിയ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ അറിവില്ലെന്നു മുസ്ലിം ലീഗ് കൈകഴുകിയെങ്കിലും ഇതു കോണ്‍ഗ്രസ് നേതൃത്വത്തിനിടെ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു.
ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണു പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഇരുവര്‍ക്കും വന്‍ സ്വീകരണമാണ് കോണ്‍ഗ്രസ് നേതൃത്വം ഏര്‍പ്പെടുത്തിയത്. കരിപ്പൂരില്‍ നിന്ന് കോഴിക്കോട് മുക്കത്തേയ്ക്കാണ് പ്രിയങ്കയും രാഹുലും എത്തിയത്. ഇവിടെ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ഇരുവരും പങ്കെടുത്തു. കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലും പ്രിയങ്കയ്ക്കായി സ്വീകരണ സമ്മേളനം ഒരുക്കിയിട്ടുണ്ട്. നാളെ മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും കല്‍പറ്റയിലുമാണ് പ്രിയങ്കയ്ക്കായി സ്വീകരണ പരിപാടി ഒരുക്കിയിരിക്കുന്നത്. ഇതില്‍ പങ്കെടുത്ത ശേഷം നാളെ വൈകിട്ടോടെ പ്രിയങ്കയും രാഹുലും ഡല്‍ഹിയിലേക്ക് മടങ്ങും.