ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ പെടുത്തിയത് നാണം കെടുത്താന്‍; തനിക്കെതിരേ സ്വഭാവദൂഷ്യം ആരോപിച്ചെന്നും മുഖ്യപ്രതി ലിവിയ ജോസ്; ‘ലഹരി വാങ്ങിയത് ആഫ്രിക്കക്കാരനില്‍നിന്ന്, വ്യാജ സ്റ്റാമ്പ് നല്‍കി ചതിച്ചു; സഹോദരിക്കു പങ്കില്ലെന്നും മൊഴി

തൃശൂർ: ഷീല സണ്ണിയെ നാണം കെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കേസിലെ മുഖ്യ ആസൂത്രക. ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിലെ മുഖ്യ ആസൂത്രകയായ ലിവിയ ജോസിന്റെ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം.
ഷീലാസണ്ണി തനിക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചു. ഇത് പകക്ക് കാരണമായെന്നും ലിവിയ മൊഴി നൽകി. ലഹരി സ്റ്റാമ്പിന്റെ ആശയം നാരായൺ ദാസിനോട് പങ്കുവെച്ചിരുന്നെന്നും ലിവിയയുടെ മൊഴിയിലുണ്ട്. ആഫ്രിക്കൻ വംശജനിൽ നിന്ന് ലഹരി സ്റ്റാമ്പ് വാങ്ങിയെന്നും എന്നാൽ വ്യാജ സ്റ്റാമ്പ് നൽകി അയാൾ ചതിച്ചു എന്നും ലിവിയയുടെ മൊഴിയിൽ പറയുന്നു. തന്റെ സഹോദരിക്ക് കൃത്യത്തിൽ പങ്കില്ലെന്നും ലിവിയ വ്യക്തമാക്കി. എന്നാൽ പൊലീസ് ഇത് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. ലിവിയക്കും നാരായൺ ദാസിനും മാത്രമായി ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കാൻ ആവില്ലെന്നാണ് പൊലീസ് അനുമാനം.

മുംബൈയിൽ പിടിയിലായ ലിവിയയെ പുലർച്ചയാണ് കൊടുങ്ങല്ലൂരിൽ എത്തിച്ചത്. പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. പകയെത്തുടർന്ന് സുഹൃത്ത് നാരായൺ ദാസുമായി ലിവിയ ഗൂഢാലോചന നടത്തിയതിന്റെ അനന്തരഫലമായാണ് ഷീല സണ്ണിയുടെ വീട്ടിൽ ലഹരി സ്റ്റാമ്പ് എത്തിയതും അവർ അറസ്റ്റിലായതും. വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി ചെയ്യാത്ത കുറ്റത്തിന് 72 ദിവസമാണ് ജയിലിൽ കിടന്നത്.
വ്യാജ ലഹരിക്കേസില്‍ ലിവിയ ജോസിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. രാവിലെ ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ലിവിയയെ കൊടുങ്ങല്ലൂരിലെത്തിച്ചാണ് ചോദ്യം ചെയ്തത്. ആദ്യഘട്ടത്തില്‍ പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തെളിവുകള്‍ അടക്കം നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഒടുവില്‍ കുറ്റസമ്മതം നടത്തിയത്.
കുറ്റകൃത്യത്തില്‍ തന്റെ സഹോദരിയായ, ഷീല സണ്ണിയുടെ മരുമകള്‍ക്ക് പങ്കില്ലെന്നും ലിവിയയുടെ മൊഴിയിലുണ്ട്. നാരായണദാസിന്റെ സഹായത്തോടെയാണ്കുറ്റകൃത്യം ചെയ്തതെന്നും ലിവിയ സമ്മതിച്ചു. അറസ്റ്റിലായ ലിവിയയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. നാരായണദാസിനൊപ്പം ലിവിയയെ ഇരുത്തി ചോദ്യം ചെയ്യാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്.
കഴിഞ്ഞദിവസം ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ലിവിയ ജോസ് പിടിയിലാകുന്നത്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ലിവിയ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനെത്തുടർന്ന് ദുബൈയിലേക്ക് കടക്കുകയായിരുന്നു.