Breaking NewsCrimeLead NewsNEWS

മലാപ്പറമ്പില്‍ സ്ത്രീകളെ എത്തിച്ചതും പോലീസുകാരന്‍; രണ്ടുപേരും കുഴപ്പക്കാര്‍, അച്ചടക്കലംഘനം പതിവ്

കോഴിക്കോട്: മലാപ്പറമ്പിലെ പെണ്‍വാണിഭകേന്ദ്രത്തില്‍ പലയിടങ്ങളില്‍നിന്ന് സ്ത്രീകളെ എത്തിച്ചുകൊടുത്തതില്‍ സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലെ പോലീസ് ഡ്രൈവര്‍ ഷൈജിത്തിന് പങ്കെന്ന് കണ്ടെത്തല്‍. ഇയാള്‍ക്ക് ഇത്തരത്തിലുള്ള പല ആളുകളുമായും ബന്ധമുണ്ടെന്നും അങ്ങനെയാണ് പെണ്‍വാണിഭകേന്ദ്രത്തിലേക്ക് സ്ത്രീകളെ എത്തിച്ചുനല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്.

കേസിലെ മുഖ്യപ്രതിയായ വയനാട് ഇരുളം സ്വദേശി ബിന്ദുവിനൊപ്പം നടത്തിപ്പില്‍ പങ്കാളിയാണ് ഷൈജിത്തും. മെഡിക്കല്‍ കോളേജിനടുത്ത് പെണ്‍വാണിഭകേന്ദ്രം നടത്തിയിരുന്ന കാലത്തും ഷൈജിത്തിന് ബിന്ദുവുമായി അടുപ്പമുണ്ട്. മലാപ്പറമ്പിലെ അപ്പാര്‍ട്ട്‌മെന്റ് പോലീസുകാരനെന്ന സ്വാധീനമുപയോഗിച്ച് വാടകയ്ക്കെടുത്തുകൊടുത്തതും ഷൈജിത്താണ്. മാത്രമല്ല, ലാഭത്തിന്റെ വലിയൊരു പങ്ക് ഇയാളുടെ അക്കൗണ്ടിലേക്കാണ് പോയത്. വലിയ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അക്കൗണ്ട് വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരുകയാണ്.

Signature-ad

ഷൈജിത്തും കൂട്ടുപ്രതിയായ കണ്‍ട്രോള്‍ റൂമിലെ മറ്റൊരു ഡ്രൈവര്‍ കെ. സനിത്തും പരിശീലന കാലളയവില്‍ത്തന്നെ കുഴപ്പക്കാരാണെന്ന് പോലീസ് പറയുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചതിന് ഷൈജിത്ത് നേരത്തേ നടപടി നേരിട്ടിരുന്നു. പലപ്പോഴും അച്ചടക്കം ലംഘിച്ചിട്ടുണ്ട്.

പെണ്‍വാണിഭേക്കസില്‍ ഇവരുടെ പങ്ക് കണ്ടെത്തി, സസ്പെന്‍ഷനിലായതോടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് രണ്ടുപേരും ഒളിവില്‍പ്പോയിരിക്കുകയാണ്. ഇവരുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് ശനിയാഴ്ച റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ കുറച്ചുനാള്‍മുന്‍പ് കോഴിക്കോട്ടെത്തിയപ്പോള്‍ ഷൈജിത്തിനെ എസ്‌കോര്‍ട്ട് വാഹനത്തിന്റെ ഡ്രൈവറായി നിയോഗിച്ചെങ്കിലും ഇയാള്‍ക്ക് പെണ്‍വാണിഭസംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം സിറ്റി പോലീസ് കമ്മീഷണറെ അറിയിച്ചതോടെ ഉടന്‍തന്നെ ഒഴിവാക്കി.

കണ്‍ട്രോള്‍ റൂമിലെ മറ്റൊരു ഡ്രൈവര്‍ അവധിയിലായതുകൊണ്ടായിരുന്നു പകരം ഷൈജിത്തിനെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. പെണ്‍വാണിഭകേന്ദ്രത്തില്‍ റെയ്ഡ് നടക്കുന്നതിനു മുന്‍പായിരുന്നു ഇത്. അന്ന് ഇയാള്‍ നിരീക്ഷണത്തില്‍മാത്രമായിരുന്നതിനാല്‍ ഡ്യൂട്ടി ഓഫീസര്‍ക്ക് അതേക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു.

 

Back to top button
error: