വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെ ‘വധശ്രമം’: 3 വര്‍ഷമായിട്ടും കുറ്റപത്രമില്ല

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് 3 വര്‍ഷം തികഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ പ്രത്യേക അന്വേഷണ സംഘം. ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദ്, ആര്‍.കെ.നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിനു കേസെടുക്കുകയും വ്യോമയാന നിയമത്തിലെ ഗുരുതര വകുപ്പുകള്‍ ചുമത്തുകയും ചെയ്തിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശരിവയ്ക്കുകയാണ് കുറ്റപത്രം വൈകിപ്പിക്കുന്ന പൊലീസ് നടപടി.
കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കു പറന്ന ഇന്‍ഡിഗോ 6 ഇ 7407 വിമാനത്തില്‍ 2022 ജൂണ്‍ 13ന് ആണ് സംഭവം. വിമാനം ലാന്‍ഡ് ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ‘നിന്നെ ഞങ്ങള്‍ വച്ചേക്കില്ലെടാ’ എന്ന് ആക്രോശിച്ച് പാഞ്ഞടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്നും വിമാന സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയെന്നുമാണ് കേസ്. പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതിഷേധത്തെ വധശ്രമമായും വിമാന സുരക്ഷാ ഭീഷണിയായും കൈകാര്യം ചെയ്ത് കേസെടുത്തതില്‍ സംഭവിച്ച പാളിച്ചകളാണ് കുറ്റപത്രം നല്‍കാത്തതിനു പിന്നിലെന്നാണു കരുതുന്നത്.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എസ്.അനില്‍കുമാറിന്റെ പരാതിയിലായിരുന്നു കേസ്. വ്യോമയാന നിയമത്തിലെ (1982) വകുപ്പ് 3 (1) (എ) പ്രകാരം കുറ്റം ചുമത്തണമെങ്കില്‍ കേന്ദ്ര അനുമതി വേണം. വിമാനം തട്ടിക്കൊണ്ടു പോകല്‍ കേസിലും മറ്റും ചുമത്തുന്ന വകുപ്പ് ഈ കേസില്‍ നിലനില്‍ക്കാത്തതിനാല്‍ കേന്ദ്രാനുമതി ലഭിക്കില്ല. അങ്ങനെ വന്നാല്‍ നിലവില്‍ ചുമത്തിയ ചില വകുപ്പുകള്‍ ഉപേക്ഷിക്കേണ്ടി വരും. ഇതു മനസ്സിലാക്കിയാണ് പൊലീസ് പിന്തിരിയുന്നതെന്നാണു വിവരം. ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്നു കാണിച്ച് നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം എടുത്ത കേസിലും തുടര്‍ നടപടികള്‍ നിലച്ചു.