Breaking NewsIndiaLead NewsLIFENEWSNewsthen Special

ചൈനയ്ക്കു പിന്നാലെ ഇന്ത്യയും; കേരളത്തിലെ ഐആര്‍ഇഎല്ലിനോട് ജപ്പാനിലേക്കുള്ള റെയര്‍ എര്‍ത്ത് കയറ്റുമതി നിര്‍ത്താന്‍ നിര്‍ദേശം; ഇലക്ട്രിക് മോട്ടോറുകളുടെ കാന്ത നിര്‍മാണത്തിനുള്ള നിയോഡൈമിയത്തിന്റെ കച്ചവടത്തില്‍ ആദ്യഘട്ട വിലക്ക്; ലോകത്തില്‍ അഞ്ചാമത്തെ വലിയ മൂലക ശേഖരം ഇന്ത്യയില്‍; പക്ഷേ, ശുദ്ധമാക്കാന്‍ സംവിധാനമില്ല!

വാഹന, വ്യവസായ മേഖലകളിലെ എക്‌സിക്യുട്ടീവുകളുമായുള്ള മീറ്റിംഗിനു പിന്നാലെയാണ് ഇന്ത്യന്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ ഐആര്‍ഇല്ലിനോടു കയറ്റുമതി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.

ന്യൂഡല്‍ഹി: ചൈനയ്ക്കു പിന്നാലെ വിദേശത്തേക്കുള്ള റെയര്‍ എര്‍ത്ത് കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യയും. ജപ്പാനുമായുള്ള 13 വര്‍ഷം പഴക്കമുള്ള കരാര്‍ നിര്‍ത്തിവയ്ക്കാനും ആഭ്യന്തര ആവശ്യങ്ങള്‍ക്കു വിതരണം ചെയ്യാനുള്ള മൂലകങ്ങള്‍ സംരക്ഷിക്കണമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐആര്‍ഇഎല്ലിനോടു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നതു കുറയ്ക്കുന്നതിനുവേണ്ടിയാണ് ഈ നിര്‍ദേശമെന്നും ഇതുമായി ബന്ധപ്പെട്ട രണ്ടു വൃത്തങ്ങള്‍ വെളിപ്പെടുത്തി.

വാഹനങ്ങളുടെ ഇലക്‌ട്രോണിക് ഭാഗങ്ങളുടെയും ചിപ്പുകളുടെയുമൊക്കെ നിര്‍മാണത്തിനും അപൂര്‍വ മൂലകങ്ങള്‍ ആവശ്യമാണ്. വര്‍ധിച്ചുവരുന്ന വ്യാപാര യുദ്ധത്തില്‍ ആയുധമായി മാറിയ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ സംസ്‌കരിക്കാനുള്ള ഇന്ത്യയുടെ ശേഷി വികസിപ്പിക്കാനും ഐആര്‍ഇഎല്ലിനു പദ്ധതിയുണ്ട്. ഏപ്രില്‍ മുതല്‍ റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതി ചൈന നിരോധിച്ചതോടെ ആഗോള വാഹന വ്യവസായങ്ങള്‍ സമ്മര്‍ദത്തിലായിരുന്നു.

Signature-ad

വാഹന, വ്യവസായ മേഖലകളിലെ എക്‌സിക്യുട്ടീവുകളുമായുള്ള മീറ്റിംഗിനു പിന്നാലെയാണ് ഇന്ത്യന്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ ഐആര്‍ഇല്ലിനോടു കയറ്റുമതി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോറുകളില്‍ ഉപയോഗിക്കുന്ന കാന്തങ്ങള്‍ നിര്‍മിക്കുന്ന പ്രധാന വസ്തുവായ നിയോഡൈമിയത്തിന്റെ കയറ്റുമതിക്കാണ് ആദ്യഘട്ടത്തില്‍ നിരോധനം. എന്നാല്‍, ഇതു സംബന്ധിച്ച സ്ഥിരീകരണത്തിനുള്ള ഇ-മെയിലുകളോട് വാണിജ്യ മന്ത്രാലയം, ഐആര്‍ഇഎല്‍, ഐആര്‍ഇഎല്ലിന്റെ മേല്‍നോട്ടം വഹിക്കുന്ന ആണവോര്‍ജ്ജ വകുപ്പ് എന്നിവ പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

2012 മുതലുള്ള കരാര്‍ അനുസരിച്ചാണ് ഐആര്‍ഇഎല്‍ ജപ്പാനിലെ ടൊയോട്‌സു റെയര്‍ എര്‍ത്ത് ഇന്ത്യക്ക് മൂലകങ്ങള്‍ നല്‍കുന്നത്. ജപ്പാനിലേക്കു കയറ്റുമതി ചെയ്യാന്‍ ഇവ സംസ്‌കരിക്കുന്നതു ടൊയോട്‌സു ആണ്. അവിടെ കാന്തങ്ങള്‍ നിര്‍മിക്കാനാണ് ഉപയോഗിക്കുന്നത്. 2024ല്‍ മാത്രം ടൊയോട്‌സു ആയിരം മെട്രിക് ടണ്ണിലധികം അപൂര്‍വ മൂലകങ്ങള്‍ ജപ്പാനിലേക്കു കയറ്റുമതി ചെയ്‌തെന്നു കസ്റ്റംസ് ഡാറ്റകള്‍ വ്യക്തമാക്കുന്നു. ഐആര്‍ഇഎല്‍ ഖനനം ചെയ്ത 2,900 ടണ്ണിന്റെ മൂന്നിലൊന്ന് വരും ഇത്. എങ്കിലും ചൈനയെത്തന്നെയാണ് ജപ്പാന്‍ പ്രധാനമായും ആശ്രയിക്കുന്നത്.

ആഭ്യന്തരമായി സംസ്‌കരിക്കാനുള്ള ശേഷിക്കുറവുകാരണം ഖനനം ചെയ്യുന്നവ സംസ്‌കരിക്കാതെ ഐആര്‍ഇഎല്‍ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍, ചൈനയുടെ നടപടിയെത്തുടര്‍ന്നു ഖനനവും സംസ്‌കരണവും കൂടുതലായി ഇന്ത്യയില്‍ നടത്താനും ഇന്ത്യയിലെ വാഹന വ്യവസായ രംഗത്തും മറ്റു മേഖലകളിലും ഉപയോഗ പ്രദമാക്കാനുമാണ് തീരുമാനമെന്നാണു വിവരം. ഇതിനുള്ള നാലു ഖനികളുടെ അനുമതിക്കായി ഐആര്‍ഇഎല്‍ കാത്തിരിക്കുകയാണെന്നും വിവരമുണ്ട്. കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചെങ്കിലും ഉഭയകക്ഷി കരാറില്‍നിന്ന് ഒറ്റയടിക്ക് ഇന്ത്യക്കു പിന്‍മാറാന്‍ കഴിയില്ല. ജപ്പാന്‍ സൗഹൃദ രാഷ്ട്രമായതിനാല്‍ സൗഹാര്‍ദപരമായ തീരുമാനമുണ്ടാക്കണമെന്നാണ് ഐആര്‍ഇഎല്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്.

വിപുലീകരണ പദ്ധതികള്‍

2010ല്‍ ചൈന ഇത്തരം നടപടിയെടുത്തതോടെയാണു ജപ്പാന്‍ ഇന്ത്യയിലേക്കു തിരിഞ്ഞത്. ലോകത്തെ അഞ്ചാമത്തെ വലിയ റെയര്‍ എര്‍ത്ത് മൂലകശേഖരം ഇന്ത്യയിലാണ്. 6.9 ദശലക്ഷം മെട്രിക് ടണ്‍ റെയര്‍ എര്‍ത്ത് ഉണ്ടെങ്കിലും അതില്‍നിന്ന് വാഹനങ്ങള്‍ക്കാവശ്യമായ കാന്തങ്ങള്‍ നിര്‍മിക്കുന്നില്ല. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കാന്തങ്ങളെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. 2025 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ 53,748 മെട്രിക് ടണ്‍ റെയര്‍ എര്‍ത്ത് കാന്തങ്ങള്‍ ഇറക്കുമതി ചെയ്തതായി സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നു. ഇവ ഓട്ടോമൊബൈലുകള്‍, കാറ്റാടി യന്ത്രങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മറ്റ് നിര്‍മ്മിത വസ്തുക്കള്‍ എന്നിവയില്‍ ഉപയോഗിക്കുന്നു.

ഇന്ത്യയുടെ ആണവോര്‍ജ പദ്ധതികള്‍ക്കും പ്രതിരോധവുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകള്‍ക്കുമുള്ള വസ്തുക്കള്‍ നല്‍കുന്ന ഐആര്‍ഇഎല്‍ല്‍ മാത്രമാണ് ഇന്ത്യയില്‍ ഖനനത്തിന് അനുമതിയുള്ളത്. അപൂര്‍വ ഭൂമി ഖനനം ചെയ്യുന്നതിനുള്ള വിശാലമായ സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യയില്‍ ഇല്ല. കൂടാതെ വാണിജ്യപരമായി ലാഭകരമായ ഏതെങ്കിലും ആഭ്യന്തര വിതരണ ശൃംഖല വികസിപ്പിക്കുന്നതും വര്‍ഷങ്ങള്‍ അകലെയുള്ള കാര്യമാണ്.

കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ഒഡീഷയില്‍ മണ്ണ് വേര്‍തിരിച്ചെടുക്കല്‍ പ്ലാന്റും കേരളത്തില്‍ ഒരു ശുദ്ധീകരണ യൂണിറ്റും ഐആര്‍ഇഎല്ലിനുണ്ട്. 1950 ല്‍ സ്ഥാപിതമായ ഈ സ്ഥാപനം, 2026 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 450 മെട്രിക് ടണ്‍ നിയോഡൈമിയം ഉത്പാദിപ്പിക്കാനും 2030 ആകുമ്പോഴേക്കും ഇത് ഇരട്ടിയാക്കാനുമാണു പദ്ധതിയിടുന്നത്. ഓട്ടോ, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായങ്ങള്‍ക്കായി കാന്തങ്ങള്‍ നിര്‍മിക്കാന്‍ കോര്‍പറേറ്റ് പങ്കാളിയെയും ഐആര്‍ഇഎല്‍ അന്വേഷിക്കുന്നുണ്ട്.

 

Back to top button
error: