CrimeNEWS

ലൈവിനിടെ യുട്യൂബര്‍ ദമ്പതിമാരെ മറ്റൊരു യൂട്യൂബര്‍ വെടിവെച്ചുകൊന്നു; പിന്നില്‍ രണ്ടുവര്‍ഷം നീണ്ട ഓണ്‍ലൈന്‍ പോര്

ലാസ് വെഗാസ്(യു.എസ്): ലൈവ് സ്ട്രീമിങ്ങിനിടെ യൂട്യൂബര്‍മാരായ ദമ്പതിമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഫിന്നി ഡാ ലെജന്‍ഡും ഭാര്യ ബബ്ലിയുമാണ് മറ്റൊരു യൂട്യൂബറായ മാനുവല്‍ റൂയിസിന്റെ വെടിയേറ്റ് മരിച്ചത്. ലാസ് വെഗാസ് സ്ട്രിപ്പിലെ ഐക്കണിക് ബെല്ലാജിയോ ഫൗണ്ടയിന്‍സിന് സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മാനുവല്‍ റൂയിസിനെ പോലീസ് അറസ്റ്റ് ചെയ്തു.

ലൈവ് സ്ട്രീമില്‍ ദമ്പതികള്‍ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമി വെടിയുതിര്‍ത്ത്. ഈ ദൃശ്യങ്ങള്‍ ലൈവായിത്തന്നെ പ്രേക്ഷകര്‍ കാണുകയും ചെയ്തു. പിന്നീട് യൂട്യൂബ് ഈ ദൃശ്യങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സിന്‍സിറ്റി-മന്നിവൈസ് എന്ന പേരില്‍ യൂട്യൂബില്‍ അറിയപ്പെടുന്നയാളാണ് പ്രതിയായ മാനുവല്‍ റൂയിസ്. കാലങ്ങളായി രണ്ട് യൂട്യൂബര്‍മാര്‍ക്കിടയില്‍ തുടരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

ലൈവ് സ്ട്രീമുകളിലൂടെയും ഓണ്‍ലൈന്‍ ട്രോളുകളിലൂടെയും നേരത്തെമുതല്‍ ഇവര്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നെന്നാണ് സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍ പോരിന്റെ തുടര്‍ച്ചയായാണ് ദാരുണമായ കൊലപാതകം ഉണ്ടായതെന്നും ഫോക്‌സ് 5 വേഗസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2023-ല്‍ ഇരു യൂട്യൂബര്‍മാരും തമ്മില്‍ പ്രശ്‌നം ഉണ്ടായിരുന്നു. റൂയിസിനെതിരേ ബബ്ലി പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചിരുന്നു. ഇതിനെച്ചൊല്ലി പിന്നീട് ഇരു യൂട്യൂബര്‍മാര്‍ക്കിടയിലും തര്‍ക്കം ഉടലെടുത്തിരുന്നുവെന്ന് ഫിന്നി ഡാ ലെജന്‍ഡിന്റെ സുഹൃത്ത് ഡെറിക് വെയര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് ഓണ്‍ലൈനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോകള്‍ യൂട്യൂബില്‍ ഇരുവിഭാഗവും പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ റൂയിസിന്റെ യൂട്യൂബ് ഫോളോവേഴ്‌സില്‍ ഗണ്യമായ ഇടിവുണ്ടായി. അതേസമയം, ഫിന്നിയുടെ ഫോളോവേഴ്‌സ് വര്‍ധിക്കുകയും ചെയ്തു. ഇത് ശത്രുത രൂക്ഷമാക്കിയതായാണ് സൂചന.

റൂയിസിനെതിരേ ഇരട്ടക്കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ ചൊവ്വാഴ്ച ലാസ് വെഗാസ് കോടതിയില്‍ ഹാജരാക്കി. ലാസ് വെഗാസ് മെട്രോപൊളിറ്റന്‍ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന് പിന്നാലെ റൂയിസിന്റെ യൂട്യൂബ് ചാനല്‍ കമ്പനി നീക്കം ചെയ്തിട്ടുണ്ട്. ഗൈഡ് ലൈന്‍ നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ ചാനല്‍ നീക്കം ചെയ്യുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്.

Back to top button
error: