സിനിമയില്‍ വീണ്ടും ലഹരി അറസ്റ്റ്; എംഡിഎംഎയുമായി ‘ബൗണ്‍സര്‍മാര്‍’ പിടിയില്‍

കൊച്ചി: ലഹരി കൈവശം വെച്ചതില്‍ സിനിമാ മേഖലയില്‍ വീണ്ടും അറസ്റ്റ്. എംഡിഎംഎയുമായി സിനിമാമേഖലയില്‍ നിന്ന് മൂന്ന് ബൗണ്‍സര്‍മാരെ പിടികൂടി. തൃശൂര്‍ സ്വദേശികളായ ഷെറിന്‍ തോമസ്, വിപിന്‍ വില്‍സണ്‍, ആലുവ സ്വദേശി വിനാസ് പരീത് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
ദേശീയപാതയില്‍ മുട്ടത്തെ ഫ്ളാറ്റിലെ ഏഴാംനിലയിലെ മുറിയില്‍ നിന്ന് എ.ഡിഎംഎയുമായി ബിനാസ് പരീതും ഷെറിന്‍ തോമസുമാണ് ആദ്യം പിടിയിലായത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഫ്ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയിലെ കാറില്‍ നിന്നാണ് വിപിന്‍ പിടിയിലായത്. ഇയാളില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു.

ലഹരിക്കേസുകള്‍ വ്യാപകമായതോടെ സിനിമാ മേഖലയില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. പരിശോധന ശക്തമാക്കിയതോടെ നടീനടന്മാരുടെ സുരക്ഷാ ജീവനക്കാരുടെ കൈവശം ലഹരിവസ്തുക്കള്‍ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.
പിടിയിലായവര്‍ക്ക് പിന്നില്‍ വലിയ ലഹരി ശൃംഖലയുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.