മലാപ്പറമ്പ് സെക്‌സ് റാക്കറ്റ്: നടത്തിപ്പുകാരിയുമായി 2 പൊലീസുകാര്‍ക്ക് ബന്ധം; അക്കൗണ്ടില്‍ പണമെത്തി, ഫ്‌ളാറ്റിലും സന്ദര്‍ശനം

കോഴിക്കോട്: മലാപ്പറമ്പില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തി. അറസ്റ്റിലായ ഒരു പ്രതിയുമായി ബന്ധപ്പെട്ട 2 പൊലീസുകാര്‍ക്കെതിരെയുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇന്നു സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കൈമാറും.
ആരോപണ വിധേയരായ പൊലീസുകാരുടെ ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവ പൊലീസ് പരിശോധിച്ചപ്പോള്‍ പ്രതിദിനം പണം അക്കൗണ്ടുകളില്‍ എത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇതു വിശദമായി പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഈ പൊലീസുകാര്‍ അനാശാസ്യ കേന്ദ്രത്തില്‍ പലപ്പോഴായി എത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.

അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തില്ല. രണ്ടു പേരും ഇന്നലെയും ഡ്യൂട്ടിക്കെത്തി. 2022 മുതല്‍ നടത്തിപ്പുകാരിയുമായി ഈ പൊലീസുകാര്‍ക്കു ബന്ധമുള്ളതായി പറയുന്നു. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ അന്നു നോട്ടിസ് നല്‍കി വിട്ടയച്ച യുവതിയുമായി പൊലീസുകാരന്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു. ആ ബന്ധമാണ് ഇവിടെയും തുടര്‍ന്നത്.
അനാശാസ്യ കേന്ദ്രത്തിനെതിരെ ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൊലീസുകാര്‍ക്കു ബന്ധം ഉള്ളതായി സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മിന്നല്‍ പരിശോധന. ആരോപണ വിധേയരായ പൊലീസുകാരില്‍ നടത്തിപ്പുകാരുമായി കൂടുതല്‍ ബന്ധം സ്ഥാപിച്ച പൊലീസുകാരന്‍ പൊലീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനെന്നു പ്രചരിപ്പിച്ചു സ്വാധീനം ചെലുത്തിയാണ് ക്രമസമാധാന ചുമതലയില്ലാത്ത വിഭാഗത്തിലേക്കു മാറിയതെന്നു സേനാംഗങ്ങളില്‍ ആരോപണമുണ്ട്. ഇയാള്‍ക്കു മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. പിടിയിലായ സംഘവുമായി ബന്ധപ്പെട്ടു ചിലര്‍ നഗരത്തില്‍ ഭൂമി ഇടപാടുകള്‍ നടത്തിയതായും പൊലീസിനു സൂചന ലഭിച്ചു.