CMRL മായുള്ള ഇടപാടുകള്‍ സുതാര്യം, അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം; ആരോപണങ്ങള്‍ പാടെ തള്ളി വീണ

കൊച്ചി: സിഎംആര്‍എലുമായുള്ള ഇടപാടുകള്‍ സുതാര്യവും നിയമപ്രകാരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ. കരാര്‍ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നതെന്നും എക്സാലോജിക് ബിനാമി കമ്പനിയാണെന്നുള്ള വാദം അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് വീണ പറഞ്ഞു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ളത്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എം.ആര്‍. അജയന്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുകള്‍ സംബന്ധിച്ച് ആദ്യമായാണ് വീണയുടെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള വിശദീകരണം. ഇടപാടുകള്‍ പൂര്‍ണമായും നിയമപ്രകാരമുള്ളതാണ് സത്യവാങ്മൂലത്തില്‍ വീണ ചൂണ്ടിക്കാണിക്കുന്നത്. കരാര്‍ പ്രകാരമുള്ള ഇടപാടുകളാണ് നടന്നിട്ടുള്ളത്. എക്സാലോജിക് കമ്പനി സിഎംആര്‍എലിന് ഐടി സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഐടി സേവനങ്ങള്‍ക്കുള്ള പ്രതിഫലം ബാങ്ക് വഴിയാണ് കരാര്‍പ്രകാരം ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളുടേയും രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെന്നും വീണ പറയുന്നു.

ഇന്‍കം ടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇല്ലാത്ത സേവനത്തിനുള്ള പ്രതിഫലമെന്നാണ് വീണക്കെതിരെയുള്ള ആരോപണം. ആ ആരോപണത്തെയാണ് പൂര്‍ണമായും തള്ളിയിരിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഇന്‍കം ടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതെന്നും വീണ പറയുന്നു. എസ്എഫ്ഐഒയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും വീണ വ്യക്തമാക്കിയിട്ടുണ്ട്.
അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഹര്‍ജിക്കാരന്‍ നടത്തുന്നതെന്നും മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍ പെടുത്താന്‍ ശ്രമിക്കുകയാണെന്നും വീണ പറയുന്നു. താന്‍ വിദ്യാസമ്പന്നയായ യുവതിയാണ്, ഐടി മേഖലയിലെ ഒരു പ്രൊഫഷണലാണ്, എക്സാലോജിക് കമ്പനി കോവിഡ് കാലത്താണ് പൂട്ടിപ്പോയത്, ബിനാമി കമ്പനിയെന്ന ആരോപണം അടിസ്ഥാനരഹിതം തുടങ്ങിയവയെല്ലാം വീണയുടെ വിശദീകരണത്തില്‍ ഉള്‍പ്പെടുന്നു. എകെജി സെന്ററിന്റെ മേല്‍വിലാസം ഉപയോഗിച്ചുവെന്ന ആരോപണവും വീണ തള്ളി. സിബിഐ അന്വേഷണത്തിനുള്ള അപേക്ഷ നിരാകരിക്കണമെന്നും വീണ ആവശ്യപ്പെട്ടിട്ടുണ്ട്.