CrimeNEWS

തേടിയ ‘വയ്യാവേലി’ കാലില്‍ ചുറ്റി! അപകടത്തില്‍ പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ച് പൊലീസ്, തെളിഞ്ഞത് നിരവധി മോഷണക്കേസുകള്‍

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ മോഷ്ടിച്ച വാഹനവുമായി രക്ഷപ്പെടുമ്പോള്‍ അപകടത്തില്‍പ്പെട്ട യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചത് പൊലീസുകാര്‍. പ്രാഥമിക ചികിത്സയ്ക്കുശേഷം പൊലീസുകാര്‍ വിവരം തിരക്കിയപ്പോള്‍ യുവാക്കള്‍ക്ക് മോഷണ വിവരം തുറന്നു പറയേണ്ടി വന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ജില്ലയില്‍ ആകമാനം നടത്തിയ നിരവധി മോഷണത്തിന്റെ കഥകളായിരുന്നു.

കഴിഞ്ഞദിവസം അടിമാലിയിലാണ് സംഭവങ്ങള്‍ക്ക് തുടക്കം.വാഹന പരിശോധനയ്ക്കിടെ ബൈക്ക് മറിഞ്ഞ് അപകടം പറ്റിക്കിടക്കുന്ന രണ്ട് യുവാക്കളെ അടിമാലി പോലീസ് ആശുപത്രിയില്‍ എത്തിച്ചു.കാലിനും കൈകള്‍ക്കും പരിക്കേറ്റ ഇരുവരെയും പ്രാഥമിക ചികിത്സ നല്‍കിയശേഷം വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ ലഭിച്ചത് പരസ്പരവിരുദ്ധമായ മറുപടി. ഒടുവില്‍ ബൈക്ക് തങ്ങള്‍ ഉടുമ്പന്‍ചോലയില്‍ നിന്നും മോഷ്ടിച്ചതാണന്ന് യുവാക്കള്‍ സമ്മതിച്ചു. ഇതോടെ പൊലീസ് കേസെടുത്ത് പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തി.

Signature-ad

അനൂപ്, ചന്ദ്രപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പൊലീസുകാര്‍ പോലും അന്തംവിട്ട് പോയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ മുന്‍പും ഇവര്‍ക്കെതിരെ ബൈക്ക് മോഷണത്തിന് കേസുണ്ട്. രാജാക്കാട്, കുമളി എന്നിവിടങ്ങളില്‍ നിന്നായി നാല് ബൈക്കുകള്‍ പ്രതികള്‍ മോഷ്ടിച്ചത് കഴിഞ്ഞ ദിവസമാണ് ഇതില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തി വരവെയാണ് ഉടുമ്പന്‍ചോലയിലെ മോഷണക്കേസില്‍ പ്രതികള്‍ പിടിയിലായത്.

മറ്റ് സ്റ്റേഷന്‍ പരിധികളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ബൈക്ക് മോഷണ കേസുകളുമായുള്ള പ്രതികളുടെ ബന്ധവും പൊലീസ് അന്വേഷിച്ചു വരികയാണ്. നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Back to top button
error: