
തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ സമ്മാനഘടന വീണ്ടും പരിഷ്‌കരിച്ചു. 11 മുതല്‍ പുതിയ നറുക്കെടുപ്പ് ആരംഭിക്കും. വിവിധ സംഘടനകളുടെയും ഏജന്റുമാരുടെയും വില്പനക്കാരുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് സമ്മാനഘടനയിലെ മാറ്റം വരുത്തല്‍. മേയ് 2 മുതല്‍ ടിക്കറ്റുകളുടെ വില ഏകീകരിച്ച് 50 രൂപയാക്കിയിരുന്നു. സമ്മാനഘടനയില്‍ മാറ്റംവരുത്തി 50 രൂപയുടെ സമ്മാനവും ഉള്‍പ്പെടുത്തി.
എന്നാല്‍, ആദ്യം ഉണ്ടായിരുന്ന 2000, 200 എന്നീ സമ്മാനങ്ങള്‍ എടുത്തു കളഞ്ഞ് 50 രൂപയുടെ സമ്മാനങ്ങള്‍ നടപ്പാക്കിയത് ഏജന്റുമാരിലും വില്പനക്കാരിലും വന്‍ പ്രതിഷേധത്തിന് ഇടയാക്കി. ഏജന്റുമാരുടെ കൈകളിലും ഭാഗ്യക്കുറി ഓഫീസുകളിലും 50 രൂപയുടെ സമ്മാന ടിക്കറ്റുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയായി. കമ്പ്യൂട്ടറില്‍ സ്‌കാന്‍ ചെയ്ത് കയറ്റാനുള്ള പ്രായോഗിക ബുദ്ധിമുട്ടായിരുന്നു കാരണം.

50 രൂപയുടെ സമ്മാനം എടുത്തുകളഞ്ഞു
2000, 200 എന്നീ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. 50 രൂപയുടെ സമ്മാനം എടുത്തു കളഞ്ഞു. 5000 രൂപയുടെ 20 സമ്മാനങ്ങള്‍, 2000 രൂപയുടെ ആറ്, 1000 രൂപയുടെ 30, 500 രൂപയുടെ 76, 200 രൂപയുടെ 90, 100 രൂപയുടെ 150 എന്നിങ്ങനെയാണ് പുതിയ പരിഷ്‌കരണം.
എന്നാല്‍, മുമ്പ് 40 രൂപ ടിക്കറ്റ് വില ഉണ്ടായിരുന്നപ്പോള്‍ ബുധനാഴ്ചകളില്‍ മാത്രം നറുക്കെടുത്തിരുന്ന 50 രൂപ ടിക്കറ്റായിരുന്ന ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പില്‍ 5000 രൂപയുടെ 23 എണ്ണവും 2000 രൂപയുടെ 12 എണ്ണവും ഉണ്ടായിരുന്നുവെന്നും ഇത് നിലനിര്‍ത്തണമെന്നുമാണ് പ്രതിപക്ഷ സംഘടനകളുടെയും വില്പനക്കാരുടെയും ആവശ്യം.
പുതിയ പരിഷ്‌കരണത്തിലൂടെ നറുക്കെടുപ്പില്‍ ഒരു മണിക്കൂര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് ലോട്ടറി വകുപ്പ് കണക്കുകൂട്ടുന്നത്. മുമ്പ് 40 രൂപയുടെ 1.8 കോടി ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 96 ലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് അച്ചടിക്കുന്നത്. എന്നിട്ടും ടിക്കറ്റുകള്‍ ബാക്കിയാകുകയാണ്. ഈ സാഹചര്യത്തിലാണ് സമ്മാനഘടന വീണ്ടും പരിഷ്‌കരിക്കാന്‍ ലോട്ടറി വകുപ്പ് തീരുമാനിച്ചത്. ആകെ 3,95,294 സമ്മാനങ്ങളാണ് പരിഷ്‌കരിച്ച ടിക്കറ്റില്‍ ഉള്ളത്. 24.35 കോടി രൂപയാണ് ആകെ വിതരണം ചെയ്യുന്ന സമ്മാനത്തുക. 3.4 കോടി രൂപയാണ് ഏജന്റ് കമ്മീഷന്‍ ഇനത്തില്‍ വിതരണം ചെയ്യുന്നത്.
ആകെ സമ്മാനങ്ങള്‍ – 3,95,294
ആകെ സമ്മാനത്തുക – 24.35 കോടി
ഏജന്റ് കമ്മീഷന്‍ – 3.4 കോടി