
ഷില്ലോങ്: മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ നേരത്തെ കാണാതായിരുന്നു. ഭാര്യയെ ജീവനോടെ കണ്ടെത്തിയ സംഭവത്തോടെ ഭര്‍ത്താവിന്റെ കൊലപാതകവും തെളിഞ്ഞു. ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഭാര്യയെ ജീവനോടെ കണ്ടെത്തിയത്. യുവതിയാണ് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് മറ്റൊരു യുവാവുമായി പ്രണയബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് ഭര്‍ത്താവിനെ ഒഴിവാക്കാനാണ് അരുംകൊല ചെയ്തത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശികളായ രാജാ രഘുവംശി(29)യും ഭാര്യ സോന(24)ത്തേയുമാണ് കാണാതായത്. മേഘാലയയിലെ ചിറാപുഞ്ചിയില്‍നിന്ന് മേയ് 23 മുതലാണ് ഇവരെ കാണാതായത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം നവവരനെ കൊലപ്പെടുത്താന്‍ യുവതി കൊലയാളികളെ വാടകയ്ക്ക് എടുത്തുവെന്നാണ് വിവരം.

കാണാതായി 17 ദിവസങ്ങള്‍ക്ക് ശേഷമാണ് സോനത്തിനെ കണ്ടെത്തുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ നന്ദ്ഗഞ്ച് പ്രദേശത്തെ ഒരു വഴിയോര ഭക്ഷണശാലയില്‍ (ധാബ) നിന്നാണ് സോനത്തെ കണ്ടെത്തുകയായിരുന്നു. യുവതിക്കൊപ്പം മൂന്നുപേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സോനത്തിന് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് കാരണമെന്നും പൊലീസ് പറയുന്നു. കാണാതായ സമയത്ത് എന്താണ് സംഭവിച്ചതെന്ന് യുവതി വ്യക്തമാക്കിയിട്ടില്ല. അതേസമയം, മകള്‍ക്കെതിരായ കൊലപാതകക്കുറ്റം സോനത്തിന്റെ പിതാവ് തള്ളിക്കളഞ്ഞു. മേഘാലയ പോലീസ് കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് ആരോപിച്ചു. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിനെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കാണുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മേയ് 11നാണ് രാജ രഘുവംശിയും സോനവും വിവാഹിതരാകുന്നത്. മേയ് 20ന് ഇവര്‍ ഗുവാഹത്തിയിലും 23ന് ചിറാപുഞ്ചിയിലും എത്തി. പിന്നാലെ ദമ്പതികളെ കാണാതാകുകയായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാവാമെന്ന സംശയം ബന്ധുക്കള്‍ പറഞ്ഞിരുന്നത്. തെരച്ചിലിനിടെ ജൂണ്‍ രണ്ടിന് ചിറാപുഞ്ചിക്കടുത്തുള്ള സൊഹ്രാരിമിലെ ഒരു മലയിടുക്കില്‍ രാജയുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ സോനത്തെ കണ്ടെത്താനായില്ല. രാജയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. പിന്നാലെ ഭാര്യക്കായുള്ള തെരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
കാണാതായ ദിവസം ദമ്പതികള്‍ക്കൊപ്പം മൂന്ന് പുരുഷന്മാരെ കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിരുന്നു. ”നാല് പുരുഷന്‍മാര്‍ മുന്നില്‍ നടക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് പിന്നിലായി യുവതിയും. പുരുഷന്‍മാര്‍ ഹിന്ദിയാണ് സംസാരിച്ചത്. പക്ഷേ എനിക്ക് ഖാസിയും ഇംഗ്ലീഷും മാത്രമേ അറിയൂ എന്നതിനാല്‍ അവര്‍ എന്താണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല,’ ഗൈഡായ ആല്‍ബര്‍ട്ട് പറഞ്ഞു.
മേയ് 22 ന്, ദമ്പതികളെ നോംഗ്രിയാറ്റിലേക്ക് വഴികാട്ടാമെന്ന് ആല്‍ബര്‍ട്ട് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ദമ്പതികള്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ അവര്‍ ഭാ വാന്‍സായി എന്ന മറ്റൊരു ഗൈഡിനെ നിയമിച്ചു, രാത്രി മുഴുവന്‍ ഷിപ്പാറ ഹോംസ്റ്റേയില്‍ താമസിച്ചു, പിറ്റേന്ന് ഗൈഡില്ലാതെ തിരിച്ചെത്തി.’ഞാന്‍ മൗലഖിയാത്തില്‍ എത്തിയപ്പോഴേക്കും അവരുടെ സ്‌കൂട്ടര്‍ അവിടെ ഉണ്ടായിരുന്നില്ല,’ ആല്‍ബര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഇതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെയും കൂട്ട് പ്രതികളെയും പൊലീസ് പിടികൂടിയത്. രാജയെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ ഉത്തര്‍പ്രദേശിലേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം.