CrimeNEWS

വീട്ടില്‍നിന്ന് പതിനാലരപ്പവന്‍ കവര്‍ന്ന് മരുമകള്‍; പിടിയിലായത് വേറൊരു 11 പവന്‍ നഷ്ടപ്പെട്ടതോടെ

ആലപ്പുഴ: വീട്ടില്‍നിന്ന് പതിന്നാലരപ്പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവര്‍ഷത്തിനുശേഷം പിടികൂടി. കഴിഞ്ഞവര്‍ഷം മേയ് 10-നു പ്രയാര്‍ വടക്കുമുറിയില്‍ പനക്കുളത്ത്പുത്തന്‍ വീട്ടില്‍ സാബു ഗോപാലന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. കേസില്‍ സാബുവിന്റെ മകന്റെ ഭാര്യയായ പുതുപ്പള്ളി തെക്കു മുറിയില്‍ ഇടയനമ്പലത്ത് നെടിയത്ത് ഗോപിക (27) പിടിയിലായി. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. വീട്ടിലെ ആരെങ്കിലുമാകാം മോഷ്ടിച്ചതെന്ന് പോലീസിന് സംശയമുണ്ടായിരുന്നു.

സാബു ഗോപാലന്റെ ബന്ധുവിന്റെ 11 പവന്‍ സ്വര്‍ണം ലോക്കറില്‍ വെക്കാന്‍ രണ്ടാഴ്ച മുമ്പ് ഗോപികയെ ഏല്‍പ്പിച്ചിരുന്നു. ഈ മാസം മൂന്നാം തീയതി ലോക്കറില്‍ വെച്ച സ്വര്‍ണം തിരികെ എടുക്കാന്‍ ഗോപിക പോയിരുന്നു. സ്വര്‍ണം ലോക്കറില്‍നിന്ന് തിരികെ എടുത്തുകൊണ്ട് വരുന്നതിനിടെ വഴിയില്‍വെച്ച് നഷ്ടപ്പെട്ടുവെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വസ്തുത അറിയാന്‍ ഗോപികയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തിരുന്നു. ഇതില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഗോപിക പറഞ്ഞത്.

Signature-ad

തുടര്‍ന്ന് ഗോപികയെ സാബു ഗോപാലന്റെ വീട്ടില്‍ കൊണ്ടുവന്ന് അന്വേഷണം നടത്തിയപ്പോള്‍ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ സ്വര്‍ണം ആ വീട്ടില്‍ നിന്നു കണ്ടെത്തി. തുടര്‍ന്ന് ഗോപികയെ വിശദമായി ചോദ്യംചെയ്തു. ഇതില്‍ നിന്ന് കഴിഞ്ഞവര്‍ഷം സാബു ഗോപാലന്റെ വീട്ടില്‍നിന്നു കാണാതായ പതിന്നാലരപ്പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത് ഗോപികയാണെന്ന് സമ്മതിക്കുകയും ചെയ്തു. മോഷ്ടിച്ച സ്വര്‍ണം ഗോപിക ബന്ധുവിനെക്കൊണ്ട് വില്‍പ്പിച്ചിരുന്നു. വിറ്റു കിട്ടിയ പണത്തിന്റെ ഒരുഭാഗം ഉപയോഗിച്ച് ഗോപികയുടെ പണയത്തില്‍ ഇരുന്ന സ്വര്‍ണം എടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: