CrimeNEWS

’96’ പ്രചോദനമായി റീയൂണിയന്‍ പ്രേമം; ആദ്യഭാര്യയെ കൊല്ലാന്‍ കട്ടസപ്പോര്‍ട്ടുമായി കാമുകിയും; പിടിവീഴുമെന്നായപ്പോള്‍ മകനെ അനാഥമന്ദിരത്തിലാക്കി വിദേശേത്തയ്ക്കു കടക്കാന്‍ ശ്രമിച്ച ‘സ്‌നേഹനിധി’

തിരുവനന്തപുരം: തൃശ്ശൂര്‍ പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ രണ്ടാം ഭര്‍ത്താവ് കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംകുമാറിനെ (46) കണ്ടെത്താനുള്ള തീവ്രയത്‌നത്തിലാണ് പോലീസ്. 2019-ല്‍ കാമുകിയ്ക്കൊപ്പം ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായിരുന്നു ഇയാള്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം അഞ്ചു മാസം മുന്‍പാണ് പടിയൂരില്‍ കൊല്ലപ്പെട്ട യുവതിയെ പ്രേംകുമാര്‍ വിവാഹം കഴിച്ചത്. യുവതിയുടെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്.

പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശിനി കൈതവളപ്പില്‍ മണി(74), മകള്‍ രേഖ(43) എന്നിവരെ ബുധനാഴ്ച വൈകിട്ടോടെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഴുകിയനിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ സമീപത്തുനിന്ന് രേഖയ്ക്കെതിരേ മോശം പരാമര്‍ശങ്ങളടങ്ങിയ ഒരു കത്തും ചില ചിത്രങ്ങളും ലഭിച്ചിരുന്നു. രണ്ടുപേരെയും കൊലപ്പെടുത്തിയശേഷം പ്രേംകുമാര്‍ രക്ഷപ്പെട്ടെന്നാണ് നിഗമനം. ഇയാള്‍ക്കായി പോലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയാണ്.

Signature-ad

2019-ലാണ് പ്രേംകുമാര്‍ കാമുകിക്കൊപ്പം ചേര്‍ന്ന് ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രേംകുമാറിനെയും കാമുകിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സുനിത ബേബി(39)യെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകിക്കൊപ്പം ജീവിക്കാനായാണ് തിരുവനന്തപുരത്തെ വില്ലയില്‍വെച്ച് പ്രതികള്‍ വിദ്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം തിരുനെല്‍വേലി ഹൈവേയ്ക്കരികിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നടത്തിയതിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പ്രേംകുമാര്‍ പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് സുനിതയ്ക്കൊപ്പം ഉദയംപേരൂരില്‍ താമസിച്ചുവരുന്നതിനിടെ പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു.

ആദ്യവിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷമായിരുന്നു ചേര്‍ത്തല സ്വദേശിനിയായ വിദ്യ, പ്രേംകുമാറിനെ വിവാഹംകഴിച്ചത്. ഫോണ്‍ കോളിലൂടെയാണ് പ്രേംകുമാറും വിദ്യയും പരിചയപ്പെടുന്നത്. ഇതോടെ ചേര്‍ത്തലയിലെ കുടുംബത്തില്‍നിന്നും അകന്നു. തുടര്‍ന്ന് പ്രേംകുമാറിനൊപ്പം എറണാകുളം ഉദയംപേരൂരില്‍ താമസിച്ചുവരികയായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.

പ്രേംകുമാറും സുനിതയും

ഇതിനിടെയാണ് കോളേജിലെ സഹപാഠികളായിരുന്ന പ്രേംകുമാറും സുനിത ബേബിയും വീണ്ടും കണ്ടുമുട്ടിയത്. കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിലായിരുന്നു ഇവരുടെ സൗഹൃദം വീണ്ടും മൊട്ടിട്ടത്. തുടര്‍ന്ന് ’96’ സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രണ്ടുപേരും പ്രണയത്തിലായി. പ്രണയം ശക്തമായതോടെ ഒരുമിച്ചുജീവിക്കാനും അതിനായി വിദ്യയെ എങ്ങനെയെങ്കിലും ജീവിതത്തില്‍നിന്ന് ഒഴിവാക്കാനും ഇരുവരും തീരുമാനിച്ചു.

ഈ സമയം തിരുവനന്തപുരം കളിയക്കാവിളയിലെ ഒരു ആശുപത്രിയില്‍ നഴ്സിങ് സൂപ്രണ്ടായിരുന്നു സുനിത. പ്രേംകുമാറും സുനിതയും മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം 2019 മേയ് മുതല്‍ തിരുവനന്തപുരം പേയാട് ഒരു വില്ല വാടകയ്ക്കെടുത്ത് ഒരുമിച്ച് താമസം ആരംഭിച്ചിരുന്നു. പ്രേംകുമാര്‍ തമ്പാനൂരിലെ ഒരു ഹോട്ടലില്‍ സ്റ്റോര്‍കീപ്പറായും ജോലിയില്‍ പ്രവേശിച്ചു. ഇതിനിടെ, സുനിതയുമായുള്ള ബന്ധത്തെച്ചൊല്ലി വിദ്യയും പ്രേംകുമാറും തമ്മില്‍ നിരന്തരം വഴക്കുണ്ടായി. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം താമസിക്കാതെ വില്ലയില്‍ താമസിക്കുന്നതിനെച്ചൊല്ലി സുനിതയുടെ വീട്ടിലും പ്രശ്നങ്ങളുണ്ടായിരുന്നു.

വാഹനാപകടത്തില്‍ കഴുത്തിന് പരിക്കേറ്റിരുന്ന വിദ്യയ്ക്ക് ആയുര്‍വേദ ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞാണ് പ്രേംകുമാര്‍ ഇവരെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. തുടര്‍ന്ന് 2019 സെപ്റ്റംബര്‍ 21-ന് പുലര്‍ച്ചെ പ്രേംകുമാറും സുനിതയും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തിയത്.

സെപ്റ്റംബര്‍ 20-ാം തീയതി രാത്രി പ്രേംകുമാര്‍ ബീവറേജസ് ഔട്ട്ലെറ്റില്‍നിന്ന് മദ്യം വാങ്ങിയാണ് വില്ലയിലെത്തിയത്. നല്ല തിരക്കായതിനാല്‍ ബീവറേജസിലെ വരിയില്‍ ഇടയ്ക്ക് കയറിനിന്നാണ് മദ്യം വാങ്ങിയതെന്നും ഇയാള്‍ പിന്നീട് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രി വില്ലയിലെത്തിയ പ്രതി ഭാര്യയെ മദ്യംനല്‍കി ബോധരഹിതയാക്കി. ഇതിനുശേഷമാണ് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം മൃതദേഹം കീറിമുറിച്ച് ഉപേക്ഷിക്കാനായിരുന്നു പ്രേംകുമാറിന്റെയും സുനിത ബേബിയുടെയും പദ്ധതി. ഇതിനായി സര്‍ജിക്കല്‍ ബ്ലേഡുകളും വാങ്ങിയിരുന്നു. എന്നാല്‍, മൃതദേഹം മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്തം ഒഴുകിയതോടെ പ്രതികള്‍ പരിഭ്രാന്തരായി. ഇതോടെ മൃതദേഹം വെട്ടിമുറിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിക്കാനായി പ്രേംകുമാര്‍ ഒരു സുഹൃത്തിന്റെ സഹായംതേടി. എന്നാല്‍, ഇയാള്‍ വരാന്‍ കൂട്ടാക്കിയില്ല. എന്നാല്‍, തമിഴ്നാട്ടില്‍ എവിടെയെങ്കിലും കൊണ്ടുപോയി മൃതദേഹം ഉപേക്ഷിക്കാന്‍ സുഹൃത്ത് പ്രേംകുമാറിന് ഉപദേശം നല്‍കി. ആരും അറിയില്ലെന്നും ഉറപ്പുനല്‍കി. ഈ സുഹൃത്തും പിന്നീട് കേസില്‍ പ്രതിയായി.

പ്രേംകുമാറും സുനിതയും വിദ്യയുടെ മൃതദേഹവുമായി കാറില്‍ തിരുനെല്‍വേലി ഭാഗത്തേക്കാണ് പോയത്. യാത്രയ്ക്കിടെ സംശയം തോന്നാതിരിക്കാന്‍ കാറിന്റെ പിന്‍സീറ്റില്‍ ഒരാള്‍ ഇരിക്കുന്നത് പോലെയാണ് മൃതദേഹംവെച്ചിരുന്നത്. മൃതദേഹം മറിയാതിരിക്കാനും സംശയം തോന്നാതിരിക്കാനും സുനിത മൃതദേഹത്തിന്റെ തോളില്‍കൈയിട്ടാണ് തിരുനെല്‍വേലി വരെ യാത്രചെയ്തത്. തുടര്‍ന്ന് തിരുനെല്‍വേലി ഹൈവേയ്ക്കരികിലെ ഒരു കുറ്റിക്കാട്ടില്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം ഉപേക്ഷിച്ചു. തുടര്‍ന്ന് രണ്ടാംദിവസം ഭാര്യയായ വിദ്യയെ കാണാനില്ലെന്ന് പറഞ്ഞ് പ്രേംകുമാര്‍ ഉദയംപേരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.

ഇതിനിടെ, അന്വേഷണം വഴിതെറ്റിക്കാനായി വിദ്യയുടെ മൊബൈല്‍ഫോണ്‍ പ്രതി തിരുവനന്തപുരം-മുംബൈ എല്‍ടിടി നേത്രാവതി എക്സ്പ്രസില്‍ ഉപേക്ഷിച്ചിരുന്നു. ഈ മൊബൈല്‍ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സംഘം, വിദ്യ ഗോവയിലേക്ക് പോയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, അന്വേഷണത്തില്‍ വിദ്യയെ കണ്ടെത്താനായില്ല. സംഭവത്തില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കെയാണ് പ്രേംകുമാറിലേക്ക് സംശയം നീണ്ടത്.

ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയശേഷം ഇയാള്‍ വീണ്ടും അന്വേഷിച്ചെത്താത്തതും കാമുകിക്കൊപ്പം താമസിക്കുന്നതും സംശയം ബലപ്പെടുത്തി. തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമായതോടെ പ്രതി തന്നെ കുറ്റംസമ്മതം നടത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയതായി വാട്സാപ്പ് സന്ദേശത്തിലൂടെയാണ് പ്രതി പോലീസിനോട് കുമ്പസാരം നടത്തിയത്. പിന്നാലെ പോലീസ് തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്തി. അഴുകിയനിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ ആരും എത്താതിരുന്നതിനാല്‍ അനാഥ മൃതദേഹമെന്ന് കരുതി തമിഴ്നാട് പോലീസ് സംസ്‌കരിച്ചിരുന്നു. എന്നാല്‍, മൃതദേഹത്തിന്റെ ഫോട്ടോ കണ്ട് പ്രേംകുമാര്‍ തന്നെ ഇത് വിദ്യയുടേതാണെന്ന് സ്ഥിരീകരിച്ചു. പിന്നാലെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തുകയുംചെയ്തു.

ഭാര്യയെ കൊലപ്പെടുത്തി കാമുകിക്കൊപ്പം സ്ഥിരതാമസം ആരംഭിച്ച പ്രേംകുമാര്‍ പോലീസ് അന്വേഷണം ശക്തമായതോടെ ഗള്‍ഫിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി മകനെ അനാഥമന്ദിരത്തിലാക്കി. എന്നാല്‍, സ്‌കൂള്‍പ്രവേശനവുമായി ബന്ധപ്പെട്ട നടപടികള്‍ നീണ്ടുപോയി. ഇതോടെയാണ് ഗള്‍ഫ് യാത്രയും നീണ്ടുപോയത്. നേരത്തെ വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലിചെയ്തിരുന്നയാളാണ് പ്രേംകുമാറെന്നും പോലീസ് പറഞ്ഞിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: