Breaking NewsKeralaLead NewsNEWS

ചെന്നിത്തല ഒരു തരത്തിലുള്ള വിമതപ്രവർത്തനവും നടത്തില്ല, മുമ്പും തനിക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങൾ ഉണ്ടായപ്പോൾപോലും പാർട്ടിയുടെ നയങ്ങളും അച്ചടക്കവും പാലിച്ച് പ്രവർത്തിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്- കെ മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ ജനവികാരം മനസിലാക്കിക്കൊണ്ടാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാൻഡ് എടുത്തതെന്ന് കോൺഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ കെ. മുരളീധരൻ. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നല്ലൊരു സമീപനമാണ് സ്വീകരിച്ചത്. തീരുമാനമുണ്ടാകാൻ കുറച്ചുദിവസത്തെ താമസം നേരിട്ടെങ്കിലും മുഖ്യമന്ത്രി പ്രഖ്യാപനം കേരളത്തിലെ യുഡിഎഫിന് പുതിയൊരു ഉണർവ് നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ അതൃപ്തിയെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ, അദ്ദേഹം ഒരു തരത്തിലുള്ള വിമതപ്രവർത്തനവും നടത്തില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി. മുമ്പും തനിക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങൾ ഉണ്ടായപ്പോൾപോലും പാർട്ടിയുടെ നയങ്ങളും അച്ചടക്കവും പാലിച്ച് പ്രവർത്തിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് മികച്ച പരിചയസമ്പത്തുള്ളതിനാൽ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം മന്ത്രിസഭയുടെ കരുത്തായി നിലകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

Signature-ad

അതേസമയം തെരഞ്ഞെടുപ്പു മുതൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരിൽ ഒരാളായിരുന്നു രമേശ് ചെന്നിത്തല. വി.ഡി സതീശനെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയും നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലും പങ്കെടുക്കില്ലെന്ന് ചെന്നിത്തല നേതൃത്വത്തെ അറിയിച്ച ശേഷം തിരുവനന്തപുരത്തുനിന്ന് ഹരിപ്പാടേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: