ചെന്നിത്തലയുടേത് സ്വാഭാവിക പ്രതിഷേധം മാത്രം, ആരുടെയെങ്കിലും ഒരാളുടെ എതിർപ്പ് കൊണ്ട് യുഡിഎഫിന് മന്ത്രിസഭ ഉണ്ടാക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല- അടൂർ പ്രകാശ്

കൊച്ചി: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ആരുടെയെങ്കിലും ഒരാളുടെ അതൃപ്തി വിലപ്പോകില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രമേശ് ചെന്നിത്തലയുടേത് സ്വാഭാവിക പ്രതിഷേധം മാത്രം, നേതൃത്വം അദ്ദേഹവുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂർ പ്രകാശ് പറഞ്ഞു.
‘ആരുടെയെങ്കിലും ഒരാളുടെ എതിർപ്പ് കൊണ്ട് മന്ത്രിസഭ ഉണ്ടാക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള മറ്റുബുദ്ധിമുട്ടുകളോ യുഡിഎഫിന് ഉണ്ടാകില്ല. സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിഷേധങ്ങൾ മാത്രമാണുള്ളത്. ആ പ്രതിഷേധങ്ങളൊക്കെ വരും ദിവസങ്ങളിൽ കെട്ടടങ്ങും. രമേശ് ചെന്നിത്തലയുമായി സംസാരിക്കാൻ അവസരം കിട്ടുമെങ്കിൽ സംസാരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
അതുപോലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിന് കാലതാമസം ഉണ്ടായിട്ടില്ല. കോൺഗ്രസിലെ കീഴ്വഴക്കങ്ങൾ എല്ലാം പാലിച്ചുതന്നെയാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായത്. തങ്ങൾ എല്ലാവരും നേതൃത്വത്തിനോട് അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഘടകകക്ഷികളുടെ സമ്മർദ്ദം ഉണ്ടായിട്ടില്ല. യുഡിഎഫിൽ എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. യുഡിഎഫിന് അനുയോജ്യമായ മന്ത്രിമാരായിരിക്കും ഉണ്ടാവുക. സമുദായ സംഘടനകൾക്ക് മറുപടി പറയാൻ അല്ല താൻ നിൽക്കുന്നത്. പ്രകടനങ്ങൾ പലയിടത്തും കാണാനിടയായി. പാർട്ടിയുടെ മുമ്പോട്ടുള്ള യാത്രയ്ക്ക് ഇത് വിഘാതം ഉണ്ടാക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.






