
എറണാകുളം: വിരമിക്കുന്ന ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങില്‍ എറണാകുളം ജില്ലാ ജയിലില്‍ പുറത്തുനിന്ന് ഗുണ്ടകള്‍ എത്തിയെന്ന് സംശയം. ചടങ്ങില്‍ പങ്കെടുത്ത ചില ഗുണ്ടകള്‍ ജയിലിനകവും പുറവും ചിത്രീകരിച്ച് റീല്‍സ് ഇറക്കിയെന്നും ആരോപണമുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങി.
മേയ് 31-ന് ജയിലില്‍നിന്നും പടിയിറങ്ങിയ ഉദ്യോഗസ്ഥനാണ് പുറത്തുനിന്ന് ഗുണ്ടകളെത്തിയെന്ന വിവാദത്തില്‍ ഉള്‍പ്പെട്ടത്. ഉദ്യോഗസ്ഥരോടൊപ്പമുള്ള സത്കാരത്തിലും ഗ്രൂപ്പ് ഫോട്ടോ എടുക്കലിലും ഗുണ്ടകള്‍ പങ്കെടുത്തെന്നാണ് ആക്ഷേപം. ജയിലിനുള്ളില്‍നിന്നുള്ള ദൃശ്യങ്ങള്‍ റീല്‍സായി ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ഇത് വൈറലാകുകയുമായിരുന്നു.

ജയില്‍ ഉദ്യോഗസ്ഥരെ ഗുണ്ടകള്‍ ആശ്ലേഷിച്ച് ജയിലിന്റെ കിളിവാതിലിലൂടെ സിനിമാ സ്റ്റൈലില്‍ പുറത്തേക്കിറങ്ങുന്ന രംഗം വരെ കൂടെയുണ്ടായിരുന്നവര്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടു. ഇവര്‍ക്കൊപ്പം അറിയപ്പെടുന്ന നടനും ഗായകനും എത്തിയിരുന്നു.
അതേസമയം, വീഴ്ച സംഭവിച്ചിട്ടില്ലെന്നും വിരമിച്ച ഉദ്യോഗസ്ഥന്‍ ക്ഷണിച്ചതനുസരിച്ചാണ് ഇവര്‍ എത്തിയതെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. കൃത്യമായി രേഖകള്‍ വാങ്ങി രജിസ്റ്ററില്‍ പേരു ചേര്‍ത്ത ശേഷമാണ് ഇവരെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.