KeralaNEWS

വില്ലേജ് ഓഫീസില്‍ തമ്മിലടിച്ച് ജീവനക്കാര്‍, ഏറ്റുമുട്ടല്‍ പൊതുജനത്തെ സാക്ഷിയാക്കി; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം

പത്തനംതിട്ട: അടൂര്‍ ഏറത്ത് വില്ലേജ് ഓഫീസില്‍ ജീവനക്കാര്‍ തമ്മിലടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വില്ലേജ് അസിസ്റ്റന്റുമാരെ സ്ഥലംമാറ്റി. തിങ്കളാഴ്ച രാവിലെ ഏറം വില്ലേജ് ഓഫീസിലായിരുന്നു സംഭവം. ഒരു ഫയലുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതയാണ് രണ്ട് വില്ലേജ് അസിസ്റ്റന്റുമാരും തമ്മിലുള്ള കയ്യാങ്കളിയിലേക്കും തമ്മിലടിയിലേക്കും കാര്യങ്ങളെ എത്തിച്ചത്.

സംഭവസമയത്ത്, വിവിധ സേവനങ്ങള്‍ക്കായി പൊതുജനങ്ങളും വില്ലേജ് ഓഫീസില്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് തര്‍ക്കം മൂര്‍ഛിക്കുകയും വില്ലേജ് അസിസ്റ്റന്റുമാര്‍ തമ്മില്‍ കയ്യേറ്റം ഉണ്ടാവുകയും ചെയ്തത്. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ വില്ലേജ് ഓഫീസര്‍ ഈ വിവരം താലൂക്കില്‍ അറിയിച്ചു.

Signature-ad

പിന്നാലെ കളക്ടര്‍ വിഷയത്തില്‍ ഇടപെടുകയും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം സംഭവത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തില്‍, പ്രഥമദൃഷ്ട്യാ ഇരുവരുടെയും ഭാഗത്തുനിന്ന് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം വരുന്ന തരത്തിലുള്ള പ്രവര്‍ത്തി ഉണ്ടായതായി കണ്ടെത്തി.

മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു അച്ചടക്കത്തിന് വിരുദ്ധമായ പ്രവര്‍ത്തനവും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായതായും കണ്ടെത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കെതിരെയും നടപടി എടുത്തത്. നിലവില്‍ രണ്ട് വില്ലേജ് അസിസ്റ്റന്റുമാരെയും സ്ഥലംമാറ്റിയിട്ടുണ്ടെങ്കിലും വിഷയത്തില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: