Breaking NewsIndiaLead NewsNEWSNewsthen SpecialSocial MediaTRENDINGWorld

18 മാസത്തെ പ്ലാനിംഗ്; സ്‌പൈഡേഴ്‌സ് വെബ് ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യക്കു നഷ്ടമായത് 41 വിമാനങ്ങള്‍; ഒളിപ്പിച്ചു കടത്തിയ ട്രക്കില്‍നിന്ന് ഡ്രോണുകള്‍ സ്വയം ഉയര്‍ന്നു പൊങ്ങി; വിമാനങ്ങള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ഉപഗ്രഹ ചിത്രങ്ങളിലും നാശം വ്യക്തം; വാഹനത്തില്‍ ഡ്രോണുകള്‍ ഉണ്ടെന്നു ഡ്രൈവര്‍മാര്‍ പോലും അറിഞ്ഞില്ല; വിവരങ്ങള്‍ പുറത്തുവിട്ട് റോയിട്ടേഴ്‌സ്

ബാസ ന്യൂസ് സര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അടുത്തിടെ ചെലിയാബിന്‍സ്‌ക് പ്രദേശത്തേക്കു താമസം മാറിയ 37 കാരനായ യുക്രൈന്‍ പൗരനാണെന്നു പറയുന്നു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ റോയിട്ടേഴ്‌സിനു കഴിഞ്ഞിട്ടില്ല. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസ് ആരംഭിച്ച യുക്രൈന്‍ പൗരന്‍, കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നിരവധി ട്രക്കുകള്‍ വാങ്ങിക്കൂട്ടിയിരുന്നു. ഈ ട്രക്കുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്

കീവ്: റഷ്യ- യുക്രൈന്‍ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യക്കെതിരെ നടത്തിയ സ്‌പൈഡേഴ്‌സ് വെബ് ഡ്രോണ്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എങ്ങനെയാണ് ആക്രമണം നടത്തിയതെന്നും റഷ്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നു കയറിയത് എങ്ങനെയെന്നുമുനള്ള വിവരങ്ങളാണ് യുക്രൈന്‍ ഉദേ്യാഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടത്. റഷ്യയുടെ യുദ്ധ വിമാനങ്ങള്‍ക്കുനേരെ കനത്ത ആക്രമണമാണു നടത്തിയതെന്നു ഡ്രോണ്‍ ദൃശ്യങ്ങളടക്കം പുറത്തുവിട്ട് യുക്രൈന്‍ വാദിക്കുന്നു. ഏറ്റവും ബ്രില്യന്റായ ആക്രമണമെന്നാണു യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ഇതിനെ വിശേഷിപ്പിക്കുന്നത്. 41 വിമാനങ്ങള്‍ തകര്‍ത്തെന്നും ഇതില്‍ പാതിയോളം ഒരിക്കലും നന്നാക്കിയെടുക്കാന്‍ കഴിയാത്ത പരുവത്തിലാണെന്നും അദ്ദേഹംപറഞ്ഞു.

കീവില്‍നിന്ന് 4850 കിലോമീറ്റര്‍ അകലെയുള്ള ബെലായ എയര്‍ബേസ് ഉള്‍പ്പെടെ നാലു സൈനിക ബേസുകളിലെങ്കിലും ആക്രമണം നടന്നിട്ടുണ്ട്. സൈബീരിയന്‍ മേഖലയിലെ ഇര്‍കൂറ്റ്‌സ്‌കിലാണ് റഷ്യയുടെ ബെലായ സൈനിക താവളം. റഷ്യയിലേക്കു കള്ളക്കടത്തിലൂടെ എത്തിച്ച 117 ഡ്രോണുകളാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. ലോറിയില്‍ കയറ്റിയ കണ്ടെയ്‌നറുകളുടെ മുകള്‍ത്തട്ടില്‍ ഒളിപ്പിച്ചു റഷ്യന്‍ മിലിട്ടറി ബേസുകളുടെ അടുത്തെത്തിച്ചശേഷമായിരുന്നു ആക്രണം. കണ്ടെയ്‌നറുകളുടെ മുകള്‍ ഭാഗം തുറക്കാവുന്ന വിധത്തിലായിരുന്നു ഒരുക്കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തിലാണ് ഡ്രോണുകള്‍ ലക്ഷ്യം കണ്ടെത്തിയത്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളടക്കം തകര്‍ത്തവയില്‍ ഉള്‍പ്പെടും.

ട്രക്കില്‍നിന്ന് ഡ്രോണ്‍ ഉയര്‍ന്നുപൊങ്ങുന്നു

ഠ റഷ്യയുടെ പ്രതികരണം

Signature-ad

ആക്രമണങ്ങള്‍ക്കു തിരിച്ചടി നല്‍കുമെന്നും നഷ്ടം വിലയിരുത്തുകയാണെന്നും യുക്രൈനു പാശ്ചാത്യ രാജ്യങ്ങളുടെ സഹായം ലഭിച്ചെന്നുമാണു റഷ്യയുടെ ആരോപണം. ഇതുവരെ യുക്രൈനിന്റെ പ്രധാന ആയുധങ്ങള്‍ ലോംഗ് റേഞ്ച് മിസൈലുകളായിരുന്നു. ഇത് റഷ്യയുടെ എണ്ണശുദ്ധീകരണ ശാലകള്‍, ആയുധ ഡിപ്പോകള്‍, മിലിട്ടറി ബേസുകള്‍ എന്നിവ ലക്ഷ്യമിട്ടാണിവ തൊടുത്തത്. എന്നാല്‍, അവയ്ക്ക് 5000 കിലോമീറ്റര്‍ ദൂരത്തിലെത്താന്‍ കഴിയുമായിരുന്നില്ല. ഇവയിലേറെയും റഷ്യ വെടിവച്ചിട്ടു. എന്നല്‍, ജൂണ്‍ ഒന്നിനു നടത്തിയ ആക്രമണത്തിന് ഉപയോഗിച്ചത് കാമികേസ് ഡ്രോണുകളായിരുന്നു. അതും റഷ്യയുടെ മിലിട്ടറി എയര്‍ബേസുകള്‍ക്കു തൊട്ടടുത്തുനിന്ന്. അതുകൊണ്ടു റഷ്യയുടെ മിസൈല്‍ പ്രതിരോധത്തിന് ഇവയെ തിരിച്ചറിഞ്ഞ് പെട്ടെന്നു നിര്‍വീര്യമാക്കാനോ ഇലക്‌ട്രോണിക് ജാമിംഗ് നടത്താനോ കഴിഞ്ഞില്ല.

ഠ ആക്രമണം എങ്ങനെ നടന്നു?

യുക്രൈന്‍ സെക്യൂരിറ്റി സര്‍വീസായ എസ്ബിയു പറയുന്നത് അനുസരിച്ച്, ഇവരുടെ ഏജന്റുമാര്‍ റഷ്യയിലേക്ക് ഡ്രോണുകള്‍ ഒളിപ്പിച്ചു കടത്തി. ഇവയുടെ ചിത്രങ്ങളും എസ്ബിയു പുറത്തുവിട്ടിട്ടുണ്ട്. ഒന്നില്‍ നാലു പ്രൊപ്പല്ലറുകളുള്ള ഇരുപതോളം ഡ്രോണുകളാണ് ഉണ്ടായിരുന്നത്. ട്രക്കുകളിലൊന്ന് ബെലായ എയര്‍ബേസിന്റെ ഏഴു കിലോമീറ്റര്‍ മാത്രം അകലെ ഹൈവേയിലാണു പാര്‍ക്ക് ചെയ്തത്. റോയിട്ടേഴ്‌സ് സ്ഥിരീകരിച്ച വീഡിയോകള്‍ പ്രകാരം കണ്ടെയ്‌നറുകളുടെ മേല്‍ക്കൂര തുറന്ന് പറക്കുന്നതു വ്യക്തമാണ്. ഒരു ട്രക്ക് നിര്‍ത്തിയതിനു പിന്നാലെ ഇവ ഒന്നൊന്നായി പറന്നുയര്‍ന്നു. മറ്റൊരു ട്രക്ക് ചലിക്കുന്നതിനിടയിലും ഡ്രോണുകള്‍ പുറത്തുവന്നു. ഇതെല്ലാം വിദൂരത്തുനിന്നാണു നിയന്ത്രിച്ചത്.

 

ഠ റഷ്യയുടെ പ്രതികരണം

മിലിട്ടറി എയര്‍ബേസുകളായ മുര്‍മാന്‍സ്‌ക്, ഇര്‍ക്കുറ്റ്‌സ്‌ക്, ഇവാനോവോ, റിയസാന്‍, ആമൂര്‍ തുടങ്ങിയ പ്രദേശങ്ങളിലായുള്ള വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണങ്ങളുണ്ടായെന്നു റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു മേഖലകളില്‍ ആക്രമണം തടഞ്ഞു. എന്നാല്‍, മുര്‍മാന്‍സ്, ഇര്‍ക്കുറ്റ്‌സ്‌ക് എന്നിവിടങ്ങളിലെ നിരവധി യുദ്ധ വിമാനങ്ങള്‍ തകര്‍ന്നു. ഇവയ്ക്കു തീപിടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതേക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണം ആരംഭിച്ചെന്നും റഷ്യ വ്യക്തമാക്കി.

 

റഷ്യന്‍ സൈന്യവുമായി അടുത്തബന്ധം പുലത്തുന്ന ബാസ ന്യൂസ് സര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അടുത്തിടെ ചെലിയാബിന്‍സ്‌ക് പ്രദേശത്തേക്കു താമസം മാറിയ 37 കാരനായ യുക്രൈന്‍ പൗരനാണെന്നു പറയുന്നു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ റോയിട്ടേഴ്‌സിനു കഴിഞ്ഞിട്ടില്ല. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസ് ആരംഭിച്ച യുക്രൈന്‍ പൗരന്‍, കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നിരവധി ട്രക്കുകള്‍ വാങ്ങിക്കൂട്ടിയിരുന്നു. ഈ ട്രക്കുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഈ ട്രക്കുകളുടെ ഡ്രൈവര്‍മാര്‍ക്ക് കണ്ടെയ്‌നറിനുള്ളില്‍ എന്തെന്ന് അറിയില്ലായിരുന്നു. റഷ്യയുടെ നാലു ഭാഗങ്ങളില്‍ ട്രക്കുകള്‍ എത്തിക്കാനായിരുന്നു ഇവര്‍ക്കു ലഭിച്ച നിര്‍ദേശം.

റഷ്യന്‍ എയര്‍ബേസുകള്‍ക്കു സമീപമെത്തിയപ്പോള്‍ ട്രക്കുകള്‍ എവിടെ നിര്‍ത്തണമെന്നു ഡ്രൈവര്‍മാര്‍ക്കു ഫോണിലൂടെ നിര്‍ദേശം നല്‍കി. ഇതിലൊരു ട്രക്ക് നിര്‍ത്തിയപ്പോള്‍തന്നെ കണ്ടെയ്‌നറിന്റെ മുകള്‍ത്തട്ടില്‍ തടികൊണ്ടുള്ള ഭാഗം തുറക്കുകയും ഡ്രോണുകള്‍ ഉയര്‍ന്നു പൊങ്ങുകയുമായിരുന്നു. മറ്റൊതു ട്രക്ക് സഞ്ചരിക്കുന്നതിനിടയിലും ഡ്രോണുകള്‍ പറന്നു. പി 255 ഹൈവേയില്‍ പാര്‍ക്ക് ചെയ്ത ട്രക്കില്‍നിന്നാണ് ഏഴു കിലോമീറ്റര്‍ മാത്രം അകലെയുള്ള ബെലായ എയര്‍ബേസിലേക്കു ഡ്രോണുകള്‍ പറന്നത്.

ഠ ഡ്രോണുകള്‍ എങ്ങനെ നിയന്ത്രിച്ചു?

ഡ്രോണുകള്‍ റഷ്യന്‍ സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് വഴിയാണു നിയന്ത്രിച്ചതെന്ന് എസ്ബിയു പറയുന്നു. ലക്ഷ്യം തെറ്റാതെ നിയന്ത്രിക്കുന്നതിനൊപ്പം എഐ സാങ്കേതികവിദ്യയും ഉപയോഗിച്ചു. ചില ഡ്രോണുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോള്‍ അവ എഐ സാങ്കേതിക വിദ്യയില്‍ ലക്ഷ്യത്തിലെത്തി. ലക്ഷ്യസ്ഥാനത്ത് എത്തിയതോടെ ഇവ തനിയെ സ്‌ഫോടനം നടത്തി. ഓപ്പറേഷനില്‍ പങ്കെടുത്തവരെല്ലാം സുരക്ഷിതരായി യുക്രൈനില്‍ തിരിച്ചെത്തിയെന്നും എസ്ബിയു അവകാശപ്പെടുന്നു. 18 മാസത്തെ പ്ലാനിംഗിന്റെ ഫലമായാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.

സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അനുസരിച്ചു കുറഞ്ഞത് എട്ടു വിമാനങ്ങളെങ്കിലും തകര്‍ത്തെന്നു ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ചിലവ പൂര്‍ണമായും തകര്‍ന്നു. മറ്റു ചിലവ നന്നാക്കാന്‍ കഴിയാത്തവിധം കേടുപറ്റി. മേയ് 17നും ജൂണ്‍ നാലിനും ഇടയിലുള്ള ഉപഗ്രഹ ചിത്രങ്ങളാണ് തെളിവായി ചൂണ്ടിക്കാട്ടുന്നത്. ടുപോലെവ് ടിയു 95, ടുപോലെവ് ടിയു 22എം3 വിമാനങ്ങള്‍ തകര്‍ത്തത് ഇതില്‍ വ്യക്തമാണ്.

 

ഒലെന്യ എയര്‍ബേസില്‍നിന്നുള്ള തത്സമയ ദൃശ്യങ്ങളില്‍ എയര്‍ക്രാഫ്റ്റുകള്‍ തീപിടിക്കുന്നതും വ്യക്തമാണ്. രണ്ടു ടിയു 95 ബോംബറുകള്‍ കത്തുന്നതും മൂന്നാമതൊരെണ്ണം സ്‌ഫോടനത്തില്‍ തകരുന്നതും വ്യക്തമാണ്. എസബിയു നല്‍കിയ ഡ്രോണ്‍ ദൃശ്യങ്ങളില്‍ രണ്ട് എ50 ചാരവിമാനങ്ങളുടെ ആന്റിനയില്‍ ലാന്‍ഡ് ചെയ്യുന്നതും സ്‌ഫോടനമുണ്ടാകുന്നതും വ്യക്തമാണ്. എന്നാല്‍, ഡ്രോണുകള്‍ പൊട്ടിത്തെറിക്കുന്നതു ദൃശ്യങ്ങളില്‍ വ്യക്തമല്ല.

തകര്‍ത്ത എയര്‍ക്രാഫ്റ്റുകളില്‍ എ50 വിമാനങ്ങള്‍, ടിയു 95 സ്ട്രാറ്റജിക് ബോംബര്‍, ടിയു 22 സൂപ്പര്‍ സോണിക് ജെറ്റ് ബോംബര്‍, ടിയു 160 സ്ട്രാറ്റജിക് ബോംബര്‍, മിലിട്ടറി കാര്‍ഗോ വിമാനങ്ങളായ എ12, ഐഎല്‍ 78 വിമാനങ്ങള്‍ തകര്‍ത്തെന്നും എസ്ബിയു അവകാശപ്പെടുന്നു. എന്നാല്‍, ഇതേക്കുറിച്ചു റഷ്യ പ്രതികരിച്ചിട്ടില്ല.

ഡ്രോണ്‍ ആക്രമണത്തില്‍ വിമാനത്തിനു തീപിടിക്കുന്നതിന്റെ ദൃശ്യം. (വീഡിയോയില്‍നിന്ന് പകര്‍ത്തിയത്)

ഠ പ്രതിരോധ വിദഗ്ധന്‍ പറയുന്നത്

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിന്റെ പ്രതിരോധ വിദഗ്ധനായ ഫാബിയന്‍ ഹിന്‍സ് പറയുന്നത് അനുസരിച്ച് റഷ്യയുടെ നഷ്ടം ഗൗരവമുള്ളതാണ്. നശിപ്പിക്കപ്പെട്ട വിമാനങ്ങളില്‍ പലതും ഇപ്പോള്‍ നിര്‍മാണം നിര്‍ത്തിവച്ചവയാണ്. റഷ്യക്കാര്‍ക്ക് ഇനിയും ബില്യണുകള്‍ നേടാന്‍ കഴിയും, എന്നാല്‍ വിമാനങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ കഴിയില്ല. ഇത് യുക്രൈനിന്റെ ഏറ്റവും മികച്ച ആക്രമണമാണെന്നും അദ്ദേഹം പറയുന്നു. പത്തുമുതല്‍ 13 വരെയുള്ള സ്ട്രാറ്റജിക് ബോംബറുകള്‍ നശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവയ്ക്കു കേടുപാടു പറ്റിയിട്ടുണ്ട്. ഇര്‍ക്കുറ്റ്‌സ്, മുര്‍മാന്‍സ്‌ക് എന്നിവിടങ്ങളിലെ കണക്കുമാത്രമാണിത്. ഇത് ആകെ വിമാനങ്ങളുടെ കുറച്ചു മാത്രമാണെങ്കിലും റഷ്യയുടെ ക്രൂയിസ് മിസൈല്‍ ആക്രമണശേഷി കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാവിയില്‍ ആക്രമണങ്ങള്‍ കുറയ്ക്കാന്‍ നടപടിയെടുക്കാന്‍ ഇതിടയാക്കുമെങ്കിലും കൂടുതല്‍ ‘ലോക്കല്‍’ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു വഴിവയ്ക്കുമെന്നാണു കരുതുന്നത്- അദ്ദേഹം പറഞ്ഞു.

ഠ യുക്രൈന് ആത്മവിശ്വാസം?

ഇതു റഷ്യക്കുണ്ടാക്കിയ മാസികാഘാതം ചില്ലറയല്ലെന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ യുക്രൈന്‍ പ്രതിനിധി കീത്ത് കെല്ലോഗ് പറഞ്ഞു. വടക്കന്‍ റഷ്യയിലെ സൈനിക താവളത്തിലും ആക്രമണം നടന്നെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാല്‍, ഇത്രയെക്കെയാണെങ്കിലും റഷ്യന്‍ സൈനിക ശേഷിക്കു മുന്നില്‍ യുക്രൈനു പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന സംശയം ഇപ്പോഴുമുണ്ട്. യുദ്ധമുന്നണിയില്‍ റഷ്യ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. യുക്രൈനിന്റെ ഈ നീക്കം റഷ്യയെ വെടിനിര്‍ത്തലിലേക്ക് എത്തിക്കാന്‍ ഇടയാക്കുമെന്നും ചിലവര്‍ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: