
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപിക പുഴയിലേയ്ക്കു ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പില്‍ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളും പന്തളം സ്വദേശി കോഴിമല വടക്കേചെരുവില്‍ ജയപ്രകാശിന്റെ ഭാര്യയുമായ സിന്തോളാണു (സിന്ധു-40) മരിച്ചത്.
നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണു യാത്രക്കാരി ഇന്നലെ 6.45ഓടെ പുഴയിലേയ്ക്കു ചാടിയത്. അഗ്‌നിശമന സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ ഏകദേശം 3 മണിക്കൂറിനു ശേഷം രാത്രി 9.30ഓടെ ഇവിടെ നിന്ന് 5 കിലോമീറ്റര്‍ അകലെ സമ്പാളൂര്‍ ഞാളക്കടവ് പാലത്തിനു 300 മീറ്റര്‍ മുന്‍പായാണു മൃതദേഹം കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്നു കോട്ടയത്തേയ്ക്കു പോകുകയായിരുന്നു ട്രെയിന്‍. റെയില്‍വേ പാലം എത്തിയപ്പോള്‍ അധ്യാപിക പെട്ടെന്നു ട്രെയിനിന്റെ വാതിലിലൂടെ പുഴയിലേയ്ക്കു ചാടുകയായിരുന്നു.

ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ്. 8 വര്‍ഷമായി ഗവ. സ്‌കൂള്‍ അധ്യാപികയായ ഇവര്‍ വെറും 3 ദിവസം മുന്‍പാണു ചെറുതുരുത്തി സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ കോഴിക്കോട് ഫറോക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു. ചെറുതുരുത്തിയില്‍ നിന്നു ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണു പുഴയിലേയ്ക്കു ചാടിയത്.
ഇവര്‍ക്കൊപ്പം ട്രെയിനില്‍ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന അതേ സ്‌കൂളിലെ അധ്യാപിക ചാലക്കുടി സ്റ്റേഷനില്‍ ഇറങ്ങി. ഇവര്‍ക്കൊപ്പം ഇറങ്ങേണ്ടിയിരുന്ന അധ്യാപിക ഇറങ്ങിയില്ലെന്ന് അറിഞ്ഞു അന്വേഷിക്കുന്നതിനിടെയാണു യുവതി ട്രെയിനില്‍ നിന്നു പുഴയില്‍ ചാടുന്നതായി കണ്ടെന്നു സുധീന്ദ്രന്‍, സഞ്ജയ് എന്നീ യുവാക്കള്‍ പൊലീസില്‍ അറിയിക്കുന്നത്.
കയ്യില്‍ ബാഗ് ഉണ്ടായിരുന്നതായും ചാടുന്നതിനിടെ റെയില്‍വേ പാലത്തിന്റെ കൈവരിയില്‍ ഇടിച്ചതായും യുവാക്കള്‍ പൊലീസിനെ അറിയിച്ചു. അതോടെയാണു ചാടിയത് സിന്തോളാണെന്നു വ്യക്തമായത്. ഡിവൈഎസ്പി പി.സി.ബിജുകുമാര്‍, എസ്ഐ ഋഷിപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി സംസ്‌കാരം പിന്നീട്. മകള്‍: തീര്‍ഥ (നാലാം ക്ലാസ് വിദ്യാര്‍ഥിനി).