Breaking NewsIndiaLead NewsNEWSNewsthen SpecialWorld

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യ തകര്‍ത്തത് ആറു പാക് ഫൈറ്റര്‍ ജെറ്റുകളും നിരവധി ഡ്രോണുകളും; പാകിസ്താന്‍ വന്‍ വില കൊടുത്തു വാങ്ങിയ മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റും നിലത്തിട്ടു; സുദര്‍ശന്‍ മിസൈല്‍ ഉപയോഗിച്ച് 300 കിലോമീറ്റര്‍ അകലെയുള്ള നിരീക്ഷണ വിമാനത്തെയും വീഴ്ത്തി; ബ്രഹ്‌മോസ് തൊടുത്തില്ലെന്നും വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാകിസ്താനുണ്ടായ കനത്ത നാശത്തിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്ത്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്റെ ആയുധകേന്ദ്രങ്ങളും നിരവധി യുദ്ധ വിമാനങ്ങളും തകര്‍ന്നെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഫൈറ്റര്‍ ജെറ്റുകള്‍, നിരീക്ഷണ വിമാനം, ഡ്രോണുകള്‍, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കനത്ത നാശത്തിന്റെ പശ്ചാത്തലത്തിലാണു നാലു ദിവസത്തിനുള്ളില്‍ പാകിസ്താന്‍ വെടി നിര്‍ത്തലിനു മുന്‍കൈയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ പങ്കെടുത്ത പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇന്ത്യ എയര്‍ഫോഴ്‌സ് കുറഞ്ഞത് ആറു പാക് ഫൈറ്റര്‍ ജെറ്റുകളും വന്‍ വിലകൊടുത്തു പാകിസ്താന്‍ സ്വന്തമാക്കിയ നിരീക്ഷണ വിമാനങ്ങളും ഒരു സി-130 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റും നശിപ്പിച്ചു. പത്ത് സായുധ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും റഡാര്‍ സൈറ്റുകളും ഇന്ത്യയുടെ കൃത്യമായ വ്യോമാക്രമണത്തില്‍ തകര്‍ത്തു. മേയ് ആറിന് ആരംഭിച്ച ആക്രമണം പത്തിനാണ് അവസാനിച്ചത്.

Signature-ad

ബൊളാരി പോലുള്ള പ്രധാന പാകിസ്താനി എയര്‍ബേസുകളിലേക്ക് ആക്രമണം നടത്തിയത് വിമാനത്തില്‍നിന്ന് തൊടുത്ത ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചാണ്. നിലത്തുനിന്നു വിക്ഷേപിക്കുന്ന ബ്രഹ്‌മോസ് പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചില്ല. റഫാല്‍, എസ് യു-30 എംകെഐ ഫൈറ്ററുകളാണ് ആക്രമണത്തിനു കൂടുതല്‍ ഉപയോഗിച്ചത്. ഇലക്‌ട്രോണിക് നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചു.

ഠ ഉയര്‍ന്ന മൂല്യമുള്ള ലക്ഷ്യങ്ങള്‍ തകര്‍ത്തു

ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്ന് ‘സുദര്‍ശന്‍’ ദീര്‍ഘദൂര മിസൈല്‍ ഉപയോഗിച്ചുള്ളതിനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുന്നൂറു കിലോമീറ്റര്‍ അകലെയുള്ള ഏര്‍ലി വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ എയര്‍ക്രാഫ്റ്റ് (എഇഡബ്ല്യുസി) എസ്-400 ഉപയോഗിച്ചു തൊടുത്ത സുദര്‍ശന്‍ ഉപയോഗിച്ചാണു തകര്‍ത്തത്. ബൊളാരി എയര്‍ബേസിലുണ്ടായിരുന്ന സ്വീഡിഷ് നിര്‍മിത എഇഡബ്ല്യുസിവിമാനവും തകര്‍ത്തെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഷെഡുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന യുദ്ധ വിമാനങ്ങളും തകര്‍ത്തെന്നു പറയുന്നുണ്ടെങ്കിലും അവിടെനിന്നുള്ള അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങാത്തതിനാല്‍ എണ്ണം കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, പാകിസ്താനില്‍നിന്നു തൊടുത്ത ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവ പ്രതിരോധിക്കാനും കഴിഞ്ഞു. ചൈനീസ് നിര്‍മ്മിതമായ വിങ് ലോംഗ് ഡ്രോണ്‍ അടക്കം പാകിസ്താന്റെ ഡ്രോണുകള്‍ക്കും വലിയ നഷ്ടമുണ്ടാക്കി.

ഠ പാകിസ്താന്റെ പ്രചാരണം

ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ മാത്രമല്ല, പാകിസ്താനിലെ അറ്റോക്ക്, ബഹാവല്‍നഗര്‍, പാകിസ്താനിലെ ഗുജറാത്ത്, ജംഗ്, പെഷാവര്‍, ചോര്‍, സിന്ധ് പ്രവിശ്യയിലുള്ള ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി ജനങ്ങള്‍ക്കു ജീവഹാനിയുണ്ടാക്കിയെന്നു പറയുന്നു. എന്നാല്‍, ഇതെല്ലാം പാകിസ്താന്റെ കള്ളപ്രചാരണം മാത്രമാണെന്നും ഇന്ത്യ വ്യക്തമാക്കുന്നു. സിവിലിയന്‍ കേന്ദ്രങ്ങളോ സൈനിക കേന്ദ്രങ്ങളോ ഇന്ത്യ ആക്രമിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

‘ഞങ്ങള്‍ ലക്ഷ്യമിട്ടത് എന്തൊക്കെയെന്നും എത്ര നാശമുണ്ടാക്കിയെന്നും കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരേ പാകിസ്താന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനമില്ല. ഇന്ത്യയുടെ ആക്രമണം അനിയന്ത്രിതമായിരുന്നു എന്നു കാട്ടുന്നതിനാണു പാകിസ്താന്‍ ശ്രമിക്കുന്നത്’ എന്നും ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഠ ഓപ്പറേഷന്‍ സിന്ദൂര്‍

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിനെതിരെ ഇന്ത്യ തന്നെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മേയ് 7ന് നാല് ഭീകരകേന്ദ്രങ്ങള്‍ പാകിസ്താനിലും അഞ്ച് കേന്ദ്രങ്ങള്‍ പാക് അധീന കാശ്മീരിലും ആക്രമിച്ചു. ഇവയില്‍ മുജഫര്‍ആബാദിലെ സവായ് നാല ക്യാമ്പ്, മുരിദ്‌കെയിലെ മര്‍ക്കസ് തൈ്വബ (ലഷ്‌കര്‍-ഇ-തൈ്വബയുടെ ആസ്ഥാനം), ബഹാവല്‍പുരിലെ മര്‍ക്കസ് സുബ്ഹാന്‍ (ജൈഷ്-ഇ-മുഹമ്മദ് ആസ്ഥാനം) എന്നിവ ഉള്‍പ്പെടുന്നു.

പാകിസ്താന്റെ മിസൈല്‍ ആക്രമണത്തിനും ഡ്രോണുകളിലൂടെയുള്ള അതിക്രമങ്ങള്‍ക്കും പ്രതിയോഗമായി ഇന്ത്യ ഒമ്പത് പാക് എയര്‍ബേസുകള്‍ക്കുമേല്‍ ആക്രമണം നടത്തി. ഇതിനോടൊപ്പം നിരവധി റഡാര്‍ സൈറ്റുകളും ലക്ഷ്യമാക്കി. നാലു ദിവസത്തെ കടുത്ത സംഘര്‍ഷത്തിന് ശേഷമാണ് പാകിസ്താന്‍ മേയ് 10ന് വെടിനിര്‍ത്തല്‍ കരാറിനായി അഭ്യര്‍ഥിച്ചത്.

 

Back to top button
error: