
ഭോപ്പാല്‍: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയി കാണാതായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശിയെ വടിവാള്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി പറയപ്പെടുന്ന വടിവാളും മൊബൈല്‍ ഫോണും കണ്ടെത്തിയതായും മേഘാലയ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു.
ഭാര്യ സോനത്തിനായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മെയ് 23നാണ് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരെയും കാണാതായത്. 30 കാരനായ രാജ രഘുവംശി വ്യവസായിയാണ്. മെയ് 11 ന് വിവാഹിതരായ രഘുവംശിയും സോനവും മെയ് 20 നാണ് ഗുവാഹത്തിയിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. മെയ് 23ന് ചിറാപുഞ്ചിയില്‍ എത്തിയപ്പോള്‍ ദമ്പതികള്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഇല്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാവാമെന്ന സംശയം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. പ്രദേശത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്കും പങ്കുണ്ടാവാമെന്ന സംശയവും കുടുംബം പങ്കുവച്ചു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന വ്യക്തമായ സൂചനകള്‍ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.

സൊഹ്‌റ റിമ്മിലെ ഒസാര മലനിരകള്‍ക്ക് സമീപത്തായി ദമ്പതികള്‍ വാടകയ്ക്ക് എടുത്ത സ്‌കൂട്ടര്‍ കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ ചെങ്കുത്തായ ഗര്‍ത്തങ്ങളും ഘോരവനങ്ങളുമുള്ള പ്രദേശമായതിനാല്‍ തെരച്ചില്‍ ദുഷ്‌കരമാണ്. ദമ്പതികളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കുടുംബം അറിയിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാംഗ്മയുമായി സംസാരിച്ച് ദമ്പതികളെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.