Breaking NewsIndiaLead NewsNEWSSportsTRENDING

ഏതാനും താരങ്ങള്‍ക്കപ്പുറം കൂട്ടായ പരിശ്രമത്തില്‍ വിശ്വാസമര്‍പ്പിച്ചു; മെഗാ ലേലം മുതല്‍ ഗെയിം പ്ലാന്‍; മൂന്നുപേരെ മാത്രം നിലനിര്‍ത്തി തലമുതല്‍ വാല്‍വരെ അടിമുടി പൊളിച്ചെഴുതി; ആര്‍സിബിയുടെ വിജയത്തിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടല്‍

ബംഗളുരു: ഐപിഎല്‍ ആരംഭിച്ചു പതിനെട്ടാം സീസണ്‍വരെ കാത്തിരിക്കേണ്ടിവന്നെങ്കിലും ആര്‍സിബിക്ക് ഇതു പുതുയുഗപ്പിറവിയാണ്. ഇക്കാലമത്രയും ആര്‍സിബിയുടെ മുഖമായി മാറിയ വിരാട് കോലിക്കും ഇത് ആശ്വാസത്തിന്റെ നാളുകളാണ്. ’18 നീണ്ട വര്‍ഷങ്ങള്‍.. യൗവനകാലം മുതലുള്ള ജീവിതം മുഴുവന്‍ ഈ നിമിഷത്തിനു വേണ്ടിയാണു ഞാന്‍ നല്‍കിയത്. ഇങ്ങനെയൊരു ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അതു യാഥാര്‍ഥ്യമാകുമെന്ന് കരുതിയിരുന്നില്ല. എന്റെ ഉടലും ഉയിരും എന്നും ബെംഗളൂരുവിന് ഒപ്പമാണ്’ എന്നായിരുന്നു കോലിയുടെ ആദ്യ പ്രതികരണം.

18 വര്‍ഷത്തെ കഠിനകാലം കടന്ന് ഐപിഎല്‍ മോഹക്കപ്പില്‍ ആര്‍സിബിയുടെയും കോലിയുടെയും പൊന്‍മുത്തം പതിക്കുമ്പോള്‍ ക്രിക്കറ്റില്‍ ടീം ഗെയിമിന്റെ പ്രാധാന്യം ഒരിക്കല്‍കൂടി വ്യക്തമാകുന്നു. താരപ്പൊലിമയിലും ആരാധക പിന്തുണയിലും ഐപിഎലിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായിട്ടും കപ്പ് മാത്രം അകന്നു നിന്നതിന്റെ നിരാശ തീര്‍ക്കാന്‍ ഉറപ്പിച്ചാണ് ബംഗളൂരു ഇക്കുറി ഇറങ്ങിയത്.

Signature-ad

മെഗാ ലേലം മുതല്‍ കൃത്യമായ പ്ലാന്‍ ടീമിനുണ്ടായിരുന്നു. കോലിയും രജത് പാട്ടിദാറും യഷ് ദയാലും അടക്കം മൂന്നുപേരെ മാത്രം നിലനിര്‍ത്തി ടീം സമ്പൂര്‍ണമായി പൊളിച്ചെഴുതാന്‍ ഉറപ്പിച്ചിരുന്നു. ലേലത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കു പിന്നാലെ പോകാതെ ആവശ്യമുള്ള പൊസിഷനുകളിലേക്ക് ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തുന്നതിലായിരുന്നു ടീമിന്റെ ശ്രദ്ധ.

സാധാരണയായി ബാറ്റര്‍മാരെ വാങ്ങിക്കൂട്ടി, തട്ടിക്കൂട്ട് ബോളിങ് നിരയുമായി ലേലത്തില്‍ നിന്നു മടങ്ങുന്ന പതിവ് ഇക്കുറി ആര്‍സിബി തെറ്റിച്ചു. ഇത്തവണത്തെ ലേലത്തില്‍ അവര്‍ ഏറ്റവും കൂടുതല്‍ തുക മുടക്കിയത് ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന് വേണ്ടിയായിരുന്നു. അതിന്റെ ഗുണം ടൂര്‍ണമെന്റില്‍ ഉടനീളം ആര്‍സിബിക്കു ലഭിച്ചു. ടീമിന്റെ സ്‌ട്രൈക്ക് ബോളറായി മാറിയ ഹെയ്‌സല്‍വുഡ്, പല മത്സരങ്ങളിലും വിജയശില്‍പിയായി.

ഹെയ്‌സല്‍വുഡിനു കൂട്ടായി ഭുവനേശ്വര്‍ കുമാറിനെക്കൂടി എത്തിച്ചതോടെ ടീമിന്റെ പേസ് യൂണിറ്റ് സുശക്തം. ദുര്‍ബലമായ സ്പിന്‍ നിരയെ ബലപ്പെടുത്താന്‍ ടീമിലെത്തിച്ച ആഭ്യന്തര താരം സുയാഷ് ശര്‍മയും ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയും ടൂര്‍ണമെന്റില്‍ ഉടനീളം പ്രതീക്ഷ കാത്തു.

ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിരയെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോയിരുന്ന ആര്‍സിബിക്ക് ഇത്തവണ മധ്യനിരയിലും ഫിനിഷിങ്ങിലും ലഭിച്ചത് എണ്ണംപറഞ്ഞ ബാറ്റര്‍മാര്‍. ജിതേഷ് ശര്‍മ, ലിയാം ലിവിങ്സ്റ്റന്‍, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേഡ് എന്നിവരടങ്ങിയ ബാറ്റിങ് യൂണിറ്റ് ടീമിന്റെ കരുത്തു വര്‍ധിപ്പിച്ചു. ഓപ്പണിങ്ങില്‍ ഫില്‍ സോള്‍ട്ട് എത്തിയതോടെ പവര്‍പ്ലേയില്‍ റണ്‍നിരക്ക് ഉയര്‍ത്താനും ആര്‍സിബിക്കു സാധിച്ചു.

ഒന്നോ രണ്ടോ പേരെ മാത്രം ആശ്രയിച്ച് കപ്പ് നേടാന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് ഈ സീസണില്‍ ആര്‍സിബിക്കു വന്ന പ്രധാന മാറ്റം. ലീഗ് റൗണ്ടിലെ മത്സരങ്ങളില്‍ 9 വ്യത്യസ്ത താരങ്ങളാണ് ഇത്തവണ ആര്‍സിബിക്കായി പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയത്. ബാറ്റിങ്ങില്‍ 10 താരങ്ങള്‍ ഇതുവരെ അര്‍ധ സെഞ്ചറിയും നേടി. നിര്‍ണായക ഘട്ടങ്ങളിലെല്ലാം ടീമിന്റെ രക്ഷകനായി ഒരാള്‍ അവതരിച്ചുകൊണ്ടേയിരുന്നു. ഈ ടീം എഫര്‍ട്ട് തന്നെയാണ് സീസണില്‍ ആര്‍സിബിയുടെ കുതിപ്പിന് ഇന്ധനമായത്.

Back to top button
error: