
വാഷിങ്ടന്‍: അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ചൈനീസ് പൗരന്‍മാരായ രണ്ട് പേര്‍ക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തത്. യുന്‍ക്വിങ് ജിയാന്‍ (33), സുഹൃത്തായ സുന്‍യോങ് ലിയു (34) എന്നിവര്‍ക്ക് എതിരയാണ് കേസ്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, വിസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
‘ഫ്യൂസേറിയം ഗ്രാമിനീറം’ എന്ന ഫംഗസ് യുഎസിലേക്ക് കടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് എഫ്ബിഐ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗോതമ്പ്, ബാര്‍ളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ‘ഹെഡ് ബ്ലൈറ്റ്’ എന്ന ഫംഗസ് ഉണ്ടാക്കുന്ന രോഗാണു കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

‘ഫ്യൂസേറിയം ഗ്രാമിനീറം’ വിഷവസ്തുവാണെന്നും മനുഷ്യരിലും കന്നുകാലികളിലും ഛര്‍ദി, കരള്‍ രോഗം പ്രത്യുല്‍പാദന വൈകല്യം എന്നിവ ഉണ്ടാക്കുമെന്നുമാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗനിലെ ലബോറട്ടറിയില്‍ പഠനാവശ്യത്തിനായി ഡെറ്റ്ട്രോയിറ്റ് മെട്രോപോളിറ്റന്‍ വിമാനത്താവളത്തിലൂടെയാണ് ഫംഗസ് കടത്തിയതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഫംഗസിനെ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗനിലെ ലബോറട്ടറിയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം.
പിടിയിലായ ലിയു ഇതേ രോഗാണുവിനെക്കുറിച്ചാണ് ചൈനയിലെ ഒരു സര്‍വകലാശാലയില്‍ പഠനം നടത്തുന്നത്. രോഗാണുക്കളെക്കുറിച്ച് ചൈനയില്‍ പഠനം നടത്തുന്നതിന് ചൈനീസ് സര്‍ക്കാരില്‍നിന്ന് ജിയാന് ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ജിയാന് ബന്ധമുണ്ടെന്നും പട്ടേല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നുണ്ട്.