
ആലപ്പുഴ: വാക്കേറ്റത്തെത്തുടര്‍ന്ന് സുഹൃത്തുക്കളുടെ മര്‍ദനത്തില്‍ തലയ്ക്കുപരിക്കേറ്റ യുവാവ് മരിച്ചു. കാവാലം കുന്നുമ്മ മണ്ണാശേരി സലിലാനന്ദന്റെ മകന്‍ സുരേഷ്‌കുമാര്‍ (അപ്പു-30) ആണ് മരിച്ചത്. കഴിഞ്ഞ 20-നായിരുന്നു സംഭവം. പ്രദേശത്തെ വിവാഹച്ചടങ്ങിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനുശേഷം വീട്ടിലെത്തിയ സുരേഷിനെ അക്രമികള്‍ വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.
തലയ്ക്കും മുഖത്തും പരിക്കേറ്റ സുരേഷ് വീട്ടിലും മറ്റു സുഹൃത്തുക്കളോടും പറഞ്ഞിരുന്നത് ബൈക്കില്‍നിന്നു വീണ് പരിക്കേറ്റെന്നാണ്. പിന്നീട് തലയ്ക്ക് വേദനയുണ്ടായതോടെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു ഡോക്ടര്‍ റഫര്‍ ചെയ്തെങ്കിലും പോയില്ല.

ചൊവ്വാഴ്ച രാവിലെ ചെവിയില്‍നിന്നു രക്തസ്രാവമുണ്ടായപ്പോഴാണ് സുരേഷിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ രാവിലെ 9.45-ഓടെയാണ് മരിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് തലയ്ക്ക് ക്ഷതമേറ്റതിനെത്തുടര്‍ന്നുള്ള അണുബാധയാണ് മരണകാരണമെന്ന് അറിയുന്നത്. പുളിങ്കുന്ന് പോലീസ് കേസെടുത്തു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: കൃഷ്ണമ്മ. സഹോദരി: ശ്രുതി.