
മലപ്പുറം: പിണറായി വിജയന്‍ ആദ്യം വഞ്ചിച്ചത് വി.എസ്.അച്യുതാനന്ദനെയെന്ന് പി.വി.അന്‍വര്‍. വി.എസിനെ വഞ്ചിച്ചാണ് പിണറായി ആദ്യം മുഖ്യമന്ത്രിയായത്. മലപ്പുറം ജില്ലയെ മുഴുവന്‍ വഞ്ചിച്ചവനാണ് പിണറായി. പിണറായി കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനാണ്. 2021ലെ തിരഞ്ഞെടുപ്പില്‍ പിണറായി അധികാരത്തിലെത്തിയത് ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയാണ്. ന്യൂനപക്ഷങ്ങളും കേരളത്തിലെ മതേതരവാദികളും ഒന്നും ആലോചിക്കാതെ അന്ന് പിണറായിക്ക് പിന്തുണ നല്‍കി. അന്ന് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. മുനമ്പത്തെ മനുഷ്യരെയും പിണറായി വഞ്ചിച്ചെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്പൂരില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനിലെത്തിയ മുഖ്യമന്ത്രി ചതിയുടെ പരിണിതഫലമാണ് ഉപതിരഞ്ഞെടുപ്പെന്ന് പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. കര്‍ഷകരോട് കൊടുംവഞ്ചന നടത്തിയ മുഖ്യമന്ത്രിയാണ് കേരളത്തിലേത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജപ്തി നടന്നത് നിലമ്പൂരിലാണ്. വഞ്ചകനായ മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും തിരിച്ചടി കൊടുക്കാനുള്ള സമയമാണ് ഈ ഉപതിരഞ്ഞെടുപ്പെന്നും അന്‍വര്‍ പറഞ്ഞു.