
കണ്ണൂര്‍: കാപ്പ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന്റെ പരിശോധനയില്‍ മാരകലഹരി മരുന്നും മാരകായുധങ്ങളുമായി യുവതി പിടിയില്‍. വാടക ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തിയപ്പോഴാണ് വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയും വടിവാളും നഞ്ചക്കുമായി തയ്യില്‍ സ്വദേശിനിയും മണലില്‍ താമസക്കാരിയുമായ സി. സീനത്തിനെ (48) അറസ്റ്റ് ചെയ്തത്.
ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കണ്ണൂര്‍ മണലിലുള്ള ഷഹദ് എന്നയാള്‍ താമസിക്കുന്ന വാടക കെട്ടിടത്തില്‍ കാപ്പ കേസില്‍ പിടികിട്ടാപ്പുള്ളിയായ പട്ടറത്ത് റഹീമും കൂട്ടാളികളും താമസിക്കുന്നുണ്ടെന്നായിരുന്നു രഹസ്യവിവരം. പൊലീസ് ക്വാട്ടേഴ്‌സില്‍ എത്തിയപ്പോള്‍ ഷഹദിന്റെ മാതാവായ സീനത്ത് പരുങ്ങുന്നത് കണ്ട് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ കൈയില്‍ ഒളിപ്പിച്ച് പിടിച്ചതാണ് 1.40 ഗ്രാം എം.ഡി.എം.എ. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറിയിലെ കട്ടിലിടിയില്‍ നിന്നും വടിവാളും നഞ്ചക്കും കണ്ടെടുത്തത്.

ഇതിനിടെ സ്‌കൂട്ടറില്‍ വന്ന സീനത്തിന്റെ മകളുടെ ഭര്‍ത്താവില്‍ നിന്നും കഞ്ചാവും കണ്ടെടുത്തു. ഭാര്യയെ അവിടെ ഇറക്കവേ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച തയ്യില്‍ സ്വദേശിയായ ഷാഹിദ് അഫ്‌നാസിനെയാണ് (25) പൊലീസ് പിടികൂടിയത്. 3.45 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പിടികൂടിയ പ്രതികള്‍ക്ക് നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു. ടൗണ്‍ എസ്.ഐമാരായ വി.വി.ദീപ്തി, അനുരൂപ്, ഉദ്യോഗസ്ഥരായ അഫ്‌സീര്‍, അഖില്‍ വിനീത്, മിനി, സൗമ്യ, ഡാന്‍സാഫ് ടീമംഗങ്ങളായ സുജിത്ത്, പ്രവീഷ്, സിസില്‍, മഹേഷ് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.