വീണുകിടന്ന ഒരു നാരങ്ങ എടുത്തു; 12 വയസ്സുകാരനെ അടിച്ച് കൊലപ്പെടുത്തി; മൃതദേഹവുമായി പ്രദേശവാസികളുടെ പ്രതിഷേധം; പ്രതികൾ അറസ്റ്റിൽ

നളന്ദ: ബിഹാറിലെ നളന്ദ ജില്ലയിൽ നാരങ്ങ എടുത്തെന്നാരോപിച്ച് 12 വയസുകാരനെ മർദിച്ച് കൊലപ്പെടുത്തി. നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചതിനെ തുടർന്ന് പ്രതികളെന്നാരോപിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു. അസ്ഥാവൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ശക്രവൺ ഗ്രാമത്തിലാണ് സംഭവം നടന്നത്. ശുഭം കുമാർ എന്ന ബാലനാണ് കൊല്ലപ്പെട്ടത്.
സംഭവദിവസം വീടിനുസമീപം കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ശുഭം കുമാർ സമീപവീട്ടിലെ നാരങ്ങാമരത്തിൽനിന്ന് താഴെ വീണ നാരങ്ങ എടുത്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ അനുവാദമില്ലാതെ നാരങ്ങ പറിച്ചെന്നാരോപിച്ച് വീട്ടുടമയും ഒപ്പമുണ്ടായിരുന്ന ചിലരും ചേർന്ന് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ശുഭം കുമാർ പിന്നീട് മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ വലിയ തോതിൽ സംഘടിച്ച് പ്രതിഷേധം ആരംഭിച്ചു. മൃതദേഹവുമായി പ്രകടനം നടത്തിയ നാട്ടുകാർ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
സ്ഥിതി സംഘർഷഭരിതമായതോടെ പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തതായി നളന്ദ എസ്.പി ഭരത് സോണിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.പി അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചതായും അദ്ദേഹം പറഞ്ഞു.
ജില്ലാ മജിസ്ട്രേറ്റും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും സംഘർഷസാധ്യത കണക്കിലെടുത്ത് സമീപപ്രദേശങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽനിന്നുള്ള അധിക സേനയെ വിന്യസിച്ചതായും അധികൃതർ അറിയിച്ചു.






